കാസര്‍കോട്: വീട്ടില്‍ തൂങ്ങിയനിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയുമായി ആശുപത്രിയിലേക്ക് പോയ വാഹനം അപകടത്തില്‍പ്പെട്ടു. വാഹനത്തിലുണ്ടായിരുന്നവരെ ആശുപത്രിയിലെത്തിച്ചെങ്കിലും പെണ്‍കുട്ടി മരിച്ചു. കാസര്‍കോട് കുറ്റിക്കോല്‍ ബേത്തൂര്‍പാറ സ്വദേശി മഹിമയാണ് (20) മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ മഹിമയുടെ അമ്മ വനജ, സഹോദരന്‍ മഹേഷ് എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

To advertise here,

ബുധനാഴ്ച രാവിലെ എട്ടുമണിയോടെയാണ് മഹിമയെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിയനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് അമ്മയും സഹോദരനും ചേര്‍ന്ന് മഹിമയെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഇതിനിടെയാണ് പടിമരുതില്‍വെച്ച് ഇവര്‍ സഞ്ചരിച്ച കാര്‍ മറിഞ്ഞ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന മൂന്നുപേരെയും നാട്ടുകാര്‍ ചെര്‍ക്കള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മഹിമയുടെ ജീവന്‍ രക്ഷിക്കാനായില്ല.

നഴ്‌സിങ് വിദ്യാര്‍ഥിനിയാണ് മഹിമ. തൂങ്ങിയതാണോ അതോ അപകടത്തിലുണ്ടായ പരിക്കാണോ മഹിമയുടെ മരണത്തിന് കാരണമായതെന്ന് വ്യക്തമല്ല. ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ മഹിമയ്ക്ക് ജീവനുണ്ടായിരുന്നുവെന്നാണ് വിവരം.