മലപ്പുറം: മതസൗഹാർദ്ദത്തിന്റെയും പരസ്പരസ്നേഹത്തിന്റെയും സന്ദേശവുമായി പാണക്കാട് വീണ്ടും ആ ഓണക്കാഴ്ചയ്ക്ക് സാക്ഷിയായി. വർഷങ്ങളായിത്തുടരുന്ന പതിവ് തെറ്റിക്കാതെ ഉത്രാടനാളിൽ തന്ത്രി തെക്കിനിയേടത്ത് തരണനല്ലൂർ പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാടിന്റെ പ്രതിനിധിസംഘം ഓണക്കാഴ്ചകളുമായി പാണക്കാട്ടെത്തി.

To advertise here,

ഓണക്കോടി, ശർക്കരവരട്ടി, പായസം, ഉണ്ണിയപ്പം, വൃക്ഷത്തൈകൾ തുടങ്ങിയവ ഉൾപ്പെടുന്ന ഓണക്കാഴ്ചകൾ മുസ്‍ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്ക് കൈമാറി. മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിക്കും തന്ത്രിയുടെ പ്രതിനിധികൾ ഓണസമ്മാനവും ആശംസകളും കൈമാറി.

കേരളത്തിന്റെ മതസൗഹാർദ്ദവും മാനവിക ഐക്യവും ശക്തിപ്പെടുത്തുന്നതിൽ പാണക്കാട് കുടുംബവും സാദിഖലി തങ്ങളും വഹിച്ചുവരുന്ന പങ്കിനെ തന്ത്രിയുടെ ഓണസന്ദേശത്തിൽ പ്രത്യേകം പ്രകീർത്തിച്ചു.

തെക്കിനിയേടത്ത് തരണനല്ലൂർ തന്ത്രി കുടുംബാംഗമായ ഉണ്ണി നമ്പൂതിരിപ്പാടിന് കേരളത്തിലെ നിരവധി ക്ഷേത്രങ്ങളുടെ താന്ത്രികച്ചുമതലയുണ്ട്. തലയൂർ ഇല്ലം വിനയരാജൻ മൂസത്, ശിവദാസൻ കിഴക്കേപ്പാട്ട്, ശശി രാജൻ പനയങ്ങാട്, ഗോപിനാഥൻ, ചന്ദ്രൻ പുല്ലുത്തൊടി, പി.കെ. ബാലകൃഷ്ണൻ നായർ, ഗോകുൽ ജി.നാഥ് എന്നിവരാണ് തന്ത്രിയുടെ പ്രതിനിധികളായി പാണക്കാട്ടെത്തിയത്.

ടി.പി. അഷ്‌റഫലി എം.എൽ.എ., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി, പ്രവാസി വ്യവസായി കെ.പി. സുലൈമാൻ ഹാജി, നസീം പുളിക്കൽ, ഉമ്മർ തുടങ്ങിയവരും സന്നിഹിതരായിരുന്നു.