തിരുവനന്തപുരം: കണ്ണടയിലുള്ള രഹസ്യക്യാമറ ഉപയോഗിച്ച് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിനുള്ളില്‍ കയറിയത് കൗതുകംകൊണ്ട് വീഡിയോ ചിത്രീകരിക്കാനെന്ന് ഗുജറാത്ത് സ്വദേശിയുടെ മൊഴി.

To advertise here,

ദൃശ്യങ്ങൾ പകർത്തിയയാളെ പോലീസ് പിടികൂടിയിരുന്നു. ഗുജറാത്ത് സ്വദേശി സുരേന്ദ്ര ഷാ(66)യെയാണ് ക്ഷേത്രത്തിലെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടിയത്. ഫോർട്ട് പോലീസിന് കൈമാറിയ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു.

അതിസുരക്ഷയുള്ള ക്ഷേത്രത്തിൽ ഇലക്‌ട്രോണിക് സാധനങ്ങൾക്കെല്ലാം നിയന്ത്രണമുള്ളപ്പോഴാണ് ഇയാൾ രഹസ്യക്യാമറയുമായി ശ്രീകോവിലിനു മുന്നിൽ വരെയെത്തിയത്.

സുരേന്ദ്രഷാ ധരിച്ചിരുന്ന കണ്ണടയിൽ ലൈറ്റ് മിന്നുന്നത് കണ്ട പോലീസ് ഉദ്യോഗസ്ഥനാണ് സംശയം തോന്നിയത്. ശ്രീകോവിലിന് മുന്നിലുള്ള ഒറ്റക്കൽ മണ്ഡപത്തിലായിരുന്നു സംഭവം.

കണ്ണടയിൽ ക്യാമറയുണ്ടോ എന്ന് ചോദിച്ചപ്പോൾ റെക്കോഡ്‌ ചെയ്യുകയാണെന്ന് ഇയാൾ സമ്മതിക്കുകയായിരുന്നു.

ഞായറാഴ്ച വൈകീട്ട് നാലോടെയാണ് സുരേന്ദ്രഷായും ഭാര്യയും സഹോദരിയും ഉൾപ്പെടെ നാലു സ്‌ത്രീകളും ക്ഷേത്രദർശനത്തിന് എത്തിയത്. രണ്ടര മണിക്കൂറോളം ക്ഷേത്രത്തിനുള്ളിലുണ്ടായിരുന്ന ഇയാളെ ആറരയോടെയാണ് പോലീസ് പിടികൂടുന്നത്. ഗുജറാത്തിൽ വ്യാപാരിയാണ് ഷാ.

കൗതകംകൊണ്ടാണ് വീഡിയോ ചിത്രീകരിച്ചതെന്നാണ് പോലീസിനോട് പറഞ്ഞത്. കണ്ണടയിൽ മെമ്മറി കാർഡുണ്ടായിരുന്നു. ക്യാമറകൾ മൊബൈൽ ഫോണുമായും ബന്ധിപ്പിച്ചിരുന്നു. വിശദമായ പരിശോധനയ്ക്കായി ഫോണും കണ്ണടയും പോലീസ് പിടിച്ചെടുത്തു. ക്ഷേത്രത്തിനുള്ളിലേക്ക് കയറുന്നതടക്കമുള്ള ദൃശ്യങ്ങൾ കണ്ടെടുത്തിട്ടുണ്ട്.

കൂടുതൽ അന്വേഷണത്തിന് ഹാജരാകണമെന്ന് സുരേന്ദ്രഷായോട് നിർദേശിച്ചിട്ടുണ്ടെന്ന് ഫോർട്ട് ഇൻസ്‍പെക്ടർ ശിവകുമാർ പറഞ്ഞു. മറ്റ് ദുരൂഹതകളൊന്നുമില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഫൊറൻസിക് പരിശോധനയ്ക്കു ശേഷമേ കൂടുതൽ വിവരങ്ങൾ അറിയാനാവുകയുള്ളൂ.

അഹമ്മദാബാദിൽ നിന്നും രണ്ടു ദിവസം മുൻപാണ് സുരേന്ദ്രഷായും സംഘവും മധുരയിലെത്തിയത്. തുടർന്ന്‌ രാമേശ്വരം സന്ദർശിച്ചശേഷമാണ് തിരുവനന്തപുരത്തെത്തിയത്.

സുരക്ഷാ പരിശോധനയ്ക്കായി ആധുനിക ഉപകരണങ്ങൾ വാങ്ങുന്നതിനോ പോലീസ് ഉദ്യോഗസ്ഥരുടെ ഒഴിവുള്ള തസ്തികകൾ നികത്തുന്നതിനോ അധികൃതർ തയ്യാറാവാത്തത് കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ സൂക്ഷിച്ചിരിക്കുന്ന ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ സുരക്ഷയ്ക്ക് വെല്ലുവിളിയാകുന്നുണ്ട്.

ശ്രീപദ്മനാഭസ്വാമി ക്ഷേത്ര സുരക്ഷ: ആധുനിക ഉപകരണങ്ങളില്ല, പോലീസുമില്ല

തിരുവനന്തപുരം: ലക്ഷം കോടിയിലേറെ മൂല്യമുള്ള സ്വത്തുക്കൾ സൂക്ഷിക്കുന്ന ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ സുരക്ഷയ്ക്ക് വേണ്ടത്ര ഉദ്യോഗസ്ഥരും ഉപകരണങ്ങളുമില്ല. ക്ഷേത്ര സുരക്ഷാച്ചുമതലയുള്ള ഡിസിപിയുടേത് അടക്കം 30 പോലീസ് ഉദ്യോഗസ്ഥരുടെ തസ്തികകൾ ഒഴിഞ്ഞു കിടക്കുകയാണ്.

സുരക്ഷാ സംഘത്തിന് മേധാവിയില്ല

:ക്ഷേത്ര സുരക്ഷാ ചുമതലയുണ്ടായിരുന്ന ഡിസിപി മേയിൽ വിരമിച്ചു. പകരം ഉദ്യോഗസ്ഥനെ നിയമിച്ചിട്ടില്ല. സിറ്റി പോലീസ് ആസ്ഥാനത്തെ ഡിസിപിക്ക് ചുമതല നൽകിയിരിക്കുകയാണ്. ക്ഷേത്രത്തിന് പുറത്തും അകത്തുമായി സുരക്ഷയ്ക്കായി 197 പോലീസ് ഉദ്യോഗസ്ഥരെയാണ് നിയമിച്ചിട്ടുള്ളത്. ഇതിൽ 30 തസ്തികകൾ ഒഴിഞ്ഞ് കിടക്കുകയാണ്.

ഏക വനിതാ സിഐ തസ്തികയിൽ ആളില്ല. ഒൻപത് എസ്‌ഐ മാരിൽ നാല് പേരില്ല. മൂന്ന് വനിതാ എസ്‌ഐമാരിൽ ഒരാൾ മാത്രമാണുള്ളത്.

ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാത്തത് സുരക്ഷാ പരിശോധനകളേയും ബാധിക്കുന്നുണ്ട്. ശ്രീകോവിലിന് മുന്നിൽ മുതൽ പുറത്തെ തെരുവുകളിൽ വരെ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കേണ്ടതുണ്ട്. വിരമിക്കുകയും സ്ഥലംമാറിപ്പോകുകയും ചെയ്യുന്നവർക്ക് പകരം നിയമനങ്ങൾ നടത്തുന്നില്ല.

ഉപകരണങ്ങൾ നവീകരിക്കുന്നില്ല

:അതുപോലെ തന്നെ തുടക്കത്തിൽ സ്ഥാപിച്ചതല്ലാതെ ക്ഷേത്രത്തിലെ സുരക്ഷാ ഉപകരണങ്ങളും കാലാനുസൃതമായി നവീകരിച്ചിട്ടില്ല. ഭക്തരെ പരിശോധിക്കാൻ മെറ്റൽ ഡിറ്റക്ടർ മാത്രമാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. ക്ഷേത്രഭരണ സമിതിയാണ് ഉപകരണങ്ങൾ വാങ്ങി നൽകേണ്ടതെന്ന് പോലീസ് ചൂണ്ടിക്കാട്ടുന്നു.

ഇലക്‌ട്രോണിക് ഉപകരണങ്ങൾ തിരിച്ചറിയാവുന്ന ആധുനിക പരിശോധനാ ഉപകരണങ്ങൾ വാങ്ങിനൽകണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ക്ഷേത്ര ഭരണസമിതിക്കും ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർക്കും കത്ത് നൽകിയെങ്കിലും യാതൊരു ഇടപെടലും ഉണ്ടായിട്ടില്ലെന്നാണ് പരാതി. സ്വദേശി ദർശൻ പദ്ധതിപ്രകാരം അടുത്ത കാലത്ത് കുറച്ച് ക്യാമറകൾ സ്ഥാപിച്ചിരുന്നു. ക്യാമറകളുടെ അറ്റകുറ്റപ്പണികളും കൃത്യമായ ഇടവേളകളിൽ നടക്കുന്നില്ലെന്നും ആരോപണമുണ്ട്. കണ്ണടയിലെ രഹസ്യ ക്യാമറയുമായി എത്തിയയാളെ കണ്ടെത്തിയത് ക്ഷേത്രത്തിനകത്ത് കയറി രണ്ടര മണിക്കൂറിന് ശേഷമാണ്.