
കൊച്ചി: ചെങ്ങമനാട് കുറുമശേരിയിലെ ബേക്കറിയില്‍ പതിച്ച 'ഹലാല്‍' സ്റ്റിക്കര്‍ മാറ്റാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയ ഹിന്ദു ഐക്യവേദി പാറക്കടവ് പഞ്ചായത്ത് സമിതി ഭാരവാഹികള്‍ ഉള്‍പ്പെടെ നാലു പേരെ ചെങ്ങമനാട് പോലീസ് അറസ്റ്റ് ചെയ്തു.
ഹിന്ദു ഐക്യവേദി പാറക്കടവ് പഞ്ചായത്ത് സമിതി പ്രസിഡന്റ് അരുണ്‍ അരവിന്ദ്, സെക്രട്ടറി ധനേഷ് പ്രഭാകരന്‍, പ്രവര്‍ത്തകരായ സുജയ്, ലെനിന്‍ എന്നിവരാണ് അറസ്റ്റിലായത്. മതസ്പര്‍ദ്ധ വളര്‍ത്തല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
ഡിസംബര്‍ 28-നാണ് കുറുമശേരിയില്‍ പുതുതായി തുടങ്ങിയ മോദി ബേക്കറി എന്ന സ്ഥാപനത്തിന് ഹിന്ദു ഐക്യവേദി നോട്ടീസ് നല്‍കിയത്. ഇതേത്തുടര്‍ന്ന് ബേക്കറി ഉടമ ജോണ്‍സണ്‍ ദേവസി സ്റ്റിക്കര്‍ നീക്കം ചെയ്തിരുന്നു. എന്നാല്‍, ബേക്കറിയ്ക്ക് നല്‍കിയ നോട്ടീസ് പിന്നീട് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയും വിവാദമാവുകയുമായിരുന്നു.
ഡിസംബര്‍ 30-ന് പ്രദേശവാസികളായ ചിലര്‍ വിളിച്ചറിയിച്ചപ്പോഴാണ് സംഭവം അറിഞ്ഞതെന്നും ഉടന്‍ തന്നെ സിഐക്കൊപ്പം ബേക്കറി ഉടമയെ കണ്ട് മൊഴിയെടുത്തെന്നും ചെങ്ങമനാട് എസ്‌ഐ രതീഷ് കുമാര്‍ പറഞ്ഞു. ഐപിസി സെക്ഷന്‍ 153, 506 (1), 34 വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ആശയപ്രചാരണത്തിന് തടസമില്ലെങ്കിലും ഇത്തരത്തില്‍ നിര്‍ബന്ധിതമായി നോട്ടീസ് നല്‍കുന്നത് തെറ്റാണ്. കേസില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിച്ചു വരികയാണെന്നും എസ്‌ഐ രതീഷ് കുമാര്‍ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
അതേസമയം, സംഭവത്തില്‍ പരാതിയില്ലെന്ന നിലപാടിലാണ് ബേക്കറിയുടമ ജോണ്‍സണ്‍. 'അവര്‍ അവിടെ വരുമ്പോള്‍ ഞാന്‍ സ്ഥലത്തുണ്ടായിരുന്നില്ല. കടയിലുള്ള പയ്യന്റെ കയ്യിലാണ് നോട്ടീസ് നല്‍കിയത്. എനിക്കത് വാട്ട്‌സ്ആപ്പ് വഴി അയച്ചു തരികയായിരുന്നു. അതു പ്രകാരം സ്റ്റിക്കര്‍ മാറ്റുകയും ചെയ്തു.'
'ഈ നോട്ടീസ് ഞങ്ങള്‍ എവിടെയും പ്രചരിപ്പിച്ചിട്ടില്ല. കടയുടെ സീല്‍ പതിപ്പിച്ച് ജീവനക്കാരനില്‍നിന്നും ഒപ്പിട്ടു വാങ്ങിയ അവരുടെ കയ്യിലുള്ള കോപ്പിയാണ് പ്രചരിക്കുന്നത്. ഇതേച്ചൊല്ലി വിവാദമുണ്ടാക്കാന്‍ താല്‍പര്യമില്ല. എനിക്ക് പരാതിയുമില്ല. പോലീസ് വന്നപ്പോള്‍ നടന്ന കാര്യങ്ങള്‍ പറഞ്ഞിരുന്നു. അതിനിയും എവിടെയും പറയും' - ഫോണില്‍ പ്രതികരിക്കവേമാതൃഭൂമി ഡോട്ട് കോമിനോട് ജോണ്‍സണ്‍ വ്യക്തമാക്കി.
സംഭവത്തില്‍ പ്രതികളുടെ പ്രതികരണം ലഭ്യമായിട്ടില്ല. അതേസമയം, ഹലാല്‍ ബ്രാന്‍ഡിങ്ങിനോടുള്ള എതിര്‍പ്പ് തങ്ങളുടെ പ്രഖ്യാപിത നിലപാടാണെന്നും ഭക്ഷണത്തില്‍ മതപരമായ വേര്‍തിരിവ് കൊണ്ടുവരുന്നത് അയിത്തത്തിനു സമാനമാണെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി ആര്‍.വി. ബാബു പറഞ്ഞു.
Content Highlights: Notice to remove 'Halal' sticker in bakery; Hindu Aikya Vedi activists arrested
Published: 04 Jan 2021, 01:37 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented