കല്‍പ്പറ്റ: സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികൾക്ക് ഒരു വിധത്തിലുള്ള പിന്തുണയും നൽകരുതെന്നാണ് പാർട്ടി തീരുമാനമെന്ന് സിപിഎം വയനാട് ജില്ലാ നേതൃത്വം. തനിക്കെതിരെ ഉയർന്ന ആരോപണങ്ങളെയെല്ലാം സംസ്ഥാന കമ്മിറ്റി അം​ഗവും മുൻ എം.എൽ.എയുമായ സി.കെ ശശീന്ദ്രനും തള്ളി. കൽപ്പറ്റയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സി.കെ ശശീന്ദ്രനും ജില്ലാ സെക്രട്ടറി പി. ​ഗ​ഗാറിനും. 

To advertise here,

പാര്‍ട്ടിയോ പാര്‍ട്ടിയുമായി ബന്ധപ്പെട്ട വ്യക്തികളോ കേസന്വേഷണത്തില്‍ ഇടപെടുന്നില്ലെന്ന് ശശീന്ദ്രൻ പറഞ്ഞു. തികച്ചും സ്വതന്ത്രമായാണ് കേസന്വേഷണം മുന്നോട്ട് പോകുന്നത്. ചില ആളുകള്‍ പ്രചരിപ്പിക്കുന്നത് പോലെ മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ പോയിട്ടില്ല. താന്‍ കോടതിയില്‍ പോയിരുന്നു. എന്നാല്‍, ഈ സമയത്ത് പ്രതികള്‍ കോടതിയുടെ ഉള്ളിലായിരുന്നു. ഈ സമയത്ത് കുട്ടികളുടെ രക്ഷാകര്‍ത്താക്കളും സ്ഥലത്തുണ്ടായിരുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ മകനും സംഭവത്തിൽ പ്രതിയാണ്. 

ഡി.വൈ.എസ്.പിയെ കണ്ട് കാര്യങ്ങള്‍ സംസാരിച്ച് തിരിച്ചുപോരുക മാത്രമാണ് ചെയ്തത്. ഒരു പ്രതിക്ക് വേണ്ടിയും ഇടപെടാൻ പാടില്ലെന്ന് പാർട്ടി തീരുമാനിച്ചിട്ടുണ്ട്. ആർക്കും വേണ്ടി ഇടപെട്ടിട്ടുമില്ല. നിയമപരമായ കാര്യങ്ങൾ നിയമപരമായി തന്നെ മുന്നോട്ട് പോകുമെന്ന് രക്ഷകർ‌ത്താക്കളോട് പറഞ്ഞതായും ശശീന്ദ്രൻ വ്യക്തമാക്കി. 

അതേസമയം, പ്രതികൾ സി.പി.എം പാർട്ടി ഓഫീസിൽ കഴിഞ്ഞുവെന്ന രമേശ് ചെന്നിത്തലയുടെ ആരോപണത്തെ ജില്ലാ സെക്രട്ടറി പി ​ഗ​ഗാറിൻ തള്ളി. ആരോപണം ചെന്നിത്തല തെളിയിച്ചാൽ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കും. ഞങ്ങൾ ഒരാളെയും സംരക്ഷിക്കില്ല. അന്തസ്സില്ലാത്ത സംസാരമാണ് ചെന്നിത്തല പറഞ്ഞത്. വയനാട്ടിലെ കോൺ​ഗ്രസ് നേതാക്കളുടെ വീട്ടിലായരുന്നു പ്രതികൾ, ​ഗ​ഗാറിൻ ആരോപിച്ചു.

സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അടക്കമുള്ള പ്രതികളെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ശശീന്ദ്രന്‍ മജിസ്‌ട്രേറ്റിനെ കണ്ടുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്. ബി.വി.എസ്.സി. രണ്ടാംവര്‍ഷ വിദ്യാര്‍ഥിയായ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സിദ്ധാര്‍ഥ(21)നെ ഫെബ്രുവരി 18-നാണ് ഹോസ്റ്റലിലെ കുളിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വാലെന്റൈന്‍സ് ഡേ ദിനാചരണവുമായി ബന്ധപ്പെട്ട് കോളേജിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് കോളേജില്‍വെച്ച് സിദ്ധാര്‍ഥന് ക്രൂരമര്‍ദനവും ആള്‍ക്കൂട്ട വിചാരണയും നേരിടേണ്ടിവന്നുവെന്നാണ് പരാതി. മൂന്നുദിവസം ഭക്ഷണംപോലും നല്‍കാതെ തുടര്‍ച്ചയായി മര്‍ദിച്ചെന്നും ആരോപണമുണ്ടായിരുന്നു.