
തിരുവനന്തപുരം: പാമ്പുകടിയേൽക്കുന്നവരുടെ എണ്ണം കൂടുന്ന കേരളത്തിൽ കാണപ്പെടുന്ന എട്ടിനം അണലികളുടെ വിഷത്തിന്റെ ചികിത്സയ്ക്ക് മറുമരുന്ന് (ആന്റിവെനം) ഇനിയും വികസിപ്പിച്ചില്ല. കടിയേറ്റാൽ ലക്ഷണങ്ങൾക്ക് ചികിത്സിക്കുകയേ മാർഗമുള്ളൂ.
കുഴിമണ്ഡലി (പിറ്റ് വൈപ്പർ) ഇനത്തിലുള്ളവയാണ് ഈ അണലികൾ. ഇവയിൽ മുഴമൂക്കൻ കുഴിമണ്ഡലി (ഹംപ് നോസ്ഡ് പിറ്റ് വൈപ്പർ) ആണ് ഏറ്റവും അപകടകാരി. കേരളത്തിൽ വനത്തിലും അതിനോടുചേർന്നുള്ള റബ്ബർതോട്ടങ്ങളിലും കൃഷിയിടങ്ങളിലുമാണ് ഇവയെ സാധാരണ കാണാറ്.
സംസ്ഥാനത്ത് പാമ്പുകടിച്ച് വിഷമേൽക്കുന്നതിൽ നാലിലൊന്നും മുഴമൂക്കൻ കുഴിമണ്ഡലി കാരണമാണ്. ഇത് കടിച്ചാൽ മരണസാധ്യതയേറെയാണ്. ആരോഗ്യ-വനം വകുപ്പുകളുടെ സംയുക്ത യോഗത്തിൽ കുഴിമണ്ഡലി വിഭാഗത്തിൽപ്പെട്ട പാമ്പുകൾക്ക് ആന്റിവെനം വികസിപ്പിക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. സംസ്ഥാനസർക്കാരിനും ഈ ശുപാർശ നൽകി. എന്നാൽ, സർക്കാർ ഇക്കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല.
ആന്റിവെനം നിർമിക്കാനാവശ്യമുള്ള പാമ്പിൻ വിഷം കേരളത്തിൽനിന്നുകൂടി ശേഖരിക്കണമെന്ന് കേന്ദ്ര മന്ത്രാലയത്തോടും ആവശ്യപ്പെട്ടിരുന്നു. അതും നടന്നില്ല. ദക്ഷിണേന്ത്യയിൽ ചെന്നൈയിൽനിന്നാണ് ഇപ്പോൾ വിഷം ശേഖരിക്കുന്നത്.
മുഴമൂക്കൻ കുഴിമണ്ഡലിയുടെ ആന്റിവെനം ഉത്‌പാദിപ്പിക്കാനുള്ള പരീക്ഷണങ്ങൾ ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ നടക്കുകയാണെന്ന് സർപ്പ നോഡൽ ഓഫീസറും അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്ററുമായ വൈ. മുഹമ്മദ് അൻവർ പറഞ്ഞു.
അന്തരീക്ഷ താപനിലയുടെ വ്യത്യാസത്തിലൂടെ ഇരകളായ ജീവികളെ കണ്ടെത്താൻ ശേഷിയുള്ളവയാണ് കുഴിമണ്ഡലികൾ. ഈ പാമ്പ് കടിച്ചാൽ ലക്ഷണങ്ങൾ നോക്കി ഡയാലിസിസ്, പ്ലാസ്മ ചികിത്സ എന്നിവയാണ് ഇപ്പോൾ നൽകുന്നത്.
മുഴമൂക്കന്റെ കൂട്ടാളികൾ
മുഴമൂക്കനെക്കൂടാതെ, മൂന്നിനം മലബാറി കുഴിമണ്ഡലികൾ, രണ്ടിനം ചട്ടിത്തലയൻ കുഴിമണ്ഡലികൾ, മുളമണ്ഡലി, ലാഡ മണ്ഡലി എന്നിവയ്ക്കാണ് ആന്റിവെനം ലഭ്യമല്ലാത്തത്. പശ്ചിമഘട്ടനിരകളിലാണ് ഇവയുള്ളത്.
മലബാർ കുഴിണ്ഡലിയെയും കേരളത്തിലെ ജനവാസ കേന്ദ്രങ്ങളിൽ കാണാം. ഇവ കടുത്ത വിഷമുള്ളതല്ലെങ്കിലും കടിച്ചാൽ ചികിത്സ അത്യാവശ്യമാണ്. തിരുവനന്തപുരം മുതൽ കാസർകോട് വരെ ഇവയുടെ സാന്നിധ്യമുണ്ട്.
രാജവെമ്പാലയ്ക്കുമില്ല മറുമരുന്ന്
രാജവെമ്പാലയുടെ വിഷത്തിനുള്ള ആന്റിവെനവും രാജ്യത്ത് ഉത്‌പാദിപ്പിക്കുന്നില്ല. മുമ്പ് അസമിൽ രാജവെമ്പാലയുടെ വിഷത്തിനുള്ള ആന്റിവെനം നിർമിച്ചിരുന്നെങ്കിലും ആവശ്യം കുറവായതിനാൽ നിർത്തി. രാജ്യത്ത് അടുത്ത കാലത്ത് മൂന്നുപേർക്ക് മാത്രമാണ് രാജവെമ്പാലയുടെ കടിയേറ്റിട്ടുള്ളത്. കാടിനുള്ളിൽ കാണുന്ന, പവിഴപ്പാമ്പുകൾക്കും ആന്റിവെനം വികസിപ്പിച്ചിട്ടില്ല.
Content Highlights: No antivenom currently available for 8 species of pit vipers found in Kerala. Hump-nosed pit viper is the most dangerous and responsible for 25% of snake bite cases in the state. King Cobra antivenom production was halted in India due to low demand. Current treatments rely on symptom management, dialysis, and plasma therapy. Research is ongoing at the Indian Institute of Science, Bengaluru, for a Hump-nosed pit viper antivenom.
Published: 27 Apr 2026, 06:43 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented