
നിലമ്പൂർ: കാളികാവിൽ ഗഫൂറിനെ അക്രമിച്ചത് വനം വകുപ്പിന്റെ ഡാറ്റാ ബേസിലുളള കടുവയെന്ന് സ്ഥിരീകരണം. ഗഫൂറിനെ അക്രമിച്ച തോട്ടത്തിൽ ഇന്നലെ രാത്രി 12.30 ഓടെ കടുവ എത്തിയതായും വനം വകുപ്പ്. തോട്ടത്തിന് സമീപം സ്ഥാപിച്ച ക്യമറയിൽ കടുവയുടെ ദൃശ്യം പതിഞ്ഞതായി വൈൽഡ് ലൈഫ് ചീഫ് വെറ്റിനറി സർജൻ അരുൺ സക്കറിയ പറഞ്ഞു.
നരഭോജി കടുവയെ പിടികൂടാനുള്ള ദൗത്യത്തിനിടെ നിലമ്പൂര്‍ സൗത്ത് ഡിഎഫ്ഒ ധനിക് ലാലിനെ സ്ഥലം മാറ്റിയിരുന്നു. ദൗത്യം പ്രധാന ഘട്ടത്തിലിരിക്കെയാണ് സ്ഥലംമാറ്റം ഉണ്ടാകുന്നത്. മൂവാറ്റുപുഴയിലെ വിജിലന്‍സ് കേസുമായി ബന്ധപ്പെട്ടുള്ള സ്ഥലം മാറ്റമെന്നാണ് ഉത്തരവില്‍ വനം വകുപ്പ് പറയുന്നത്.
ദൗത്യത്തിന് നേതൃത്വം നൽകുന്ന നിലമ്പൂർ ഡിഎഫ്ഒയെ സ്ഥലം മാറ്റിയത് ദൗത്യത്തെ ബാധിക്കുമെന്നും കടുവയെ ട്രാക്ക് ചെയ്യുവാനുള്ള നടപടികൾ ഇന്ന് തന്നെ ആരംഭിക്കുമെന്നും അരുൺ സക്കറിയ കൂട്ടിച്ചേർത്തു.
മലയോരമേഖലയായ കാളികാവിനടുത്ത് അടയ്ക്കാക്കുണ്ട് റാവുത്തൻകാട് മലയിലെ റബ്ബർത്തോട്ടത്തിൽ വ്യാഴാഴ്ച രാവിലെ ഏഴുമണിയോടെയാണ് കടുവ ഒരാളെ കൊന്ന് തിന്നത്. കല്ലാമൂല പാലത്തിങ്ങലിലെ കളപ്പറമ്പിൽ ഗഫൂർ അലിക്കാണ് (44) ദാരുണാന്ത്യമുണ്ടായത്. സഹതൊഴിലാളി അബ്ദുൽസമദ് കണ്ടുനിൽക്കേയാണ് കടുവ ഗഫൂറിനുമേൽ ചാടിവീണ് കഴുത്തിനുപിന്നിൽ കടിച്ചുവീഴ്ത്തി വലിച്ചിഴച്ചുകൊണ്ടുപോവുകയായിരുന്നു.
വ്യാഴാഴ്ച രാവിലെ ആറോടെ ഇരുവരും തോട്ടത്തിലെത്തി. ഒരേ നിരയിൽ മുന്നിലും പിന്നിലുമായി നിന്ന് റബ്ബർ ടാപ്പ് ചെയ്യുകയായിരുന്നു. സുഹൃത്തുക്കൾ ചേർന്ന് സ്ലോട്ടർ ടാപ്പിങ്ങിന് എടുത്തതാണ് തോട്ടം. കുറച്ചു മരം ടാപ്പ് ചെയ്തുകഴിഞ്ഞപ്പോൾ പൊടുന്നനെ പിന്നിൽ കടുവയുടെ മുരൾച്ചയും ഗഫൂറിന്റെ നിലവിളിയും കേട്ടതായി സമദ് പറഞ്ഞു. തിരിഞ്ഞുനോക്കുമ്പോൾ കടുവ ഗഫൂറിന്‍റെ പിൻകഴുത്തിൽ കടിച്ച് വീഴ്ത്തിയിരുന്നു. വീണുപോയ ഗഫൂറിനെ കടുവ കടിച്ച് വലിച്ചിഴച്ചുകൊണ്ടുപോയി.
Content Highlights: A tiger attack in Nilambur`s Kalikavu claimed the life of Gaffoor
Published: 17 May 2025, 02:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented