കൊച്ചി: പാതിവിലയ്ക്ക് സ്‌കൂട്ടര്‍ ലഭിച്ചവരുമായി പ്രചാരണത്തിന് സായ്ഗ്രാമം ഗ്ലോബല്‍ ട്രസ്റ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആനന്ദകുമാര്‍ പദ്ധതിയിട്ടെന്ന് കണ്ടെത്തല്‍. എന്‍.ജി.ഒ. കോണ്‍ഫെഡറേഷന്‍ വഴി പ്രചാരണയാത്ര സംഘടിപ്പിക്കാനായിരുന്നു തീരുമാനം. ഇതിനായി കോണ്‍ഫെഡറേഷനിലെ സംഘടനകള്‍ക്ക് പാതിവില തട്ടിപ്പുകേസുകളിലെ മുഖ്യപ്രതി അനന്തു കൃഷ്ണന്‍ കത്ത് നല്‍കി. ഈ കത്ത് പുറത്തുവന്നിട്ടുണ്ട്.

To advertise here,

പരിസ്ഥിതി സംരക്ഷണത്തിനായി 44 നദികളിലും നദീയാത്ര നടത്താൻ ആനന്ദകുമാര്‍ പദ്ധതിയിട്ടിരുന്നു. ഈ നദീയാത്രയുടെ വിളംബരത്തിന്റെ ഭാഗമായി 14 ജില്ലകളിലും ഇരുചക്രവാഹന റാലി സംഘടിപ്പിക്കാനായിരുന്നു അനന്തു ഒപ്പിട്ട സര്‍ക്കുലറിലെ നിര്‍ദേശം.

നാഷണല്‍ എന്‍.ജി.ഒ. കോണ്‍ഫെഡറേഷന്റെ ലെറ്റര്‍ പാഡില്‍, പ്രോജക്ട് ഇംപ്ലിമെന്റിങ് ഏജന്‍സികള്‍ക്കുള്ള സര്‍ക്കുലര്‍ എന്ന പേരിലാണ് നിര്‍ദേശം നല്‍കിയത്. 50% സാമ്പത്തിക സഹായത്തോടെ ഇരുചക്രവാഹനങ്ങള്‍ കൈപ്പറ്റിയ വനിതകള്‍ നിര്‍ബന്ധമായും യാത്രയില്‍ പങ്കെടുക്കാനുള്ള ക്രമീകരണം നടത്തണമെന്ന് സര്‍ക്കുലറില്‍ പറയുന്നു. മിനിമം അഞ്ചുകിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റാലിയാണ് സംഘടിപ്പിക്കേണ്ടതെന്നും നിര്‍ദേശത്തിലുണ്ട്.

സംസ്ഥാനത്തെ 1,800-ൽ അധികം സന്നദ്ധസംഘടനകളെ ചേര്‍ത്തായിരുന്നു നാഷണല്‍ എന്‍.ജി.ഒ. കോണ്‍ഫെഡറേഷന്‍ രൂപവത്കരിച്ചത്. 18,000-ഓളം പേര്‍ക്ക്‌ സ്‌കൂട്ടര്‍ ലഭിച്ചിട്ടുണ്ടെന്നാണ് കണക്ക്. ഇത്രയും പേരെ നദീയാത്രയുടെ പ്രചാരണത്തിനായി ഉപയോഗിക്കാനായിരുന്നു നീക്കം. എന്നാല്‍, യാത്ര യാഥാര്‍ഥ്യമായില്ല. അനന്തു കൃഷ്ണനുമായി തെറ്റിപ്പിരിഞ്ഞതിനെത്തുടര്‍ന്ന് ആനന്ദ കുമാര്‍ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.