
നെന്മാറ: ഉത്സവപ്രേമികളുടെ ഒരു വർഷത്തെ കാത്തിരിപ്പിന് വിരാമമായി. നെന്മാറ-വല്ലങ്ങി ദേശങ്ങളുടെ നേതൃത്വത്തിൽ നെല്ലിക്കുളങ്ങര ഭഗവതിയുടെ വേല ആഘോഷമാക്കാൻ ഒരുക്കങ്ങൾ പൂർത്തിയായി. വെള്ളിയാഴ്ചയാണ് വേല.
വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് നെന്മാറ ദേശത്തിന്റെ നേതൃത്വത്തിൽ ക്ഷേത്രത്തിൽ കല്ലൂർ ഉണ്ണിക്കൃഷ്ണൻ മാരാർ, കല്ലൂർ ജയൻ എന്നിവരുടെ നേതൃത്വത്തിൽ പഞ്ചാരിമേളം നടക്കും. ഇരുദേശത്തിന്റെയും ആനപ്പന്തലുകളിൽ ദീപലങ്കാരവും ഉണ്ടാകും.
വ്യാഴാഴ്ച വൈകീട്ട് ഏഴിന് വല്ലങ്ങി ശിവക്ഷേത്രത്തിനു സമീപമുള്ള പാടത്ത് വല്ലങ്ങി ദേശത്തിന്റെയും രാത്രി എട്ടിന് നെന്മാറ ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിനു സമീപമുള്ള പാടത്ത് നെന്മാറ ദേശത്തിന്റെയും സാംപിൾ വെടിക്കെട്ട് നടക്കും.
ആണ്ടിവേലയും താലപ്പൊലിയും ഇന്ന്
നെന്മാറ-വല്ലങ്ങി വേലയുടെ ഭാഗമായി നെന്മാറ ദേശത്ത് ആണ്ടിവേലയും വല്ലങ്ങി ദേശത്ത് താലപ്പൊലിയും വ്യാഴാഴ്ച നടക്കും. നെന്മാറയിൽ ബുധനാഴ്ച കരിവേല ആഘോഷിച്ചു. ആണ്ടിവേല രാത്രി ഒൻപതിന് മൂലസ്ഥാനത്തുനിന്ന് ആരംഭിക്കും. തുടർന്ന് കണിമംഗലം പാട്ടാളി ബാലസുബ്രഹ്‌മണ്യക്ഷേത്രം, ശിവക്ഷേത്രംവഴി വേട്ടയ്ക്കൊരുമകൻ ക്ഷേത്രത്തിൽ സമാപിക്കും.
വല്ലങ്ങി ദേശത്ത് വൈകീട്ട് ആറിന് വല്ലങ്ങി ശിവക്ഷേത്രത്തിൽനിന്ന് താലപ്പൊലി എഴുന്നള്ളത്ത് നടക്കും. മേളത്തിന്റെ അകമ്പടിയോടെ ചീർമ്പക്കാവിലേക്കാണ് എഴുന്നള്ളത്ത്.
ചമയപ്രദർശനം ഇന്ന്
നെന്മാറ ദേശത്ത് വ്യാഴാഴ്ച രാവിലെ 10 മണി മുതൽ മന്ദത്ത് വെച്ചും വല്ലങ്ങി ദേശത്ത് രാവിലെ 10 മണി മുതൽ വല്ലങ്ങി ശിവക്ഷേത്രം ട്രസ്റ്റ് ഹാളിൽ വെച്ചുമാണ് ചമയ പ്രദർശനം.
നെന്മാറ-വല്ലങ്ങി വേല: സുരക്ഷയ്ക്കായി 1,200 പോലീസുകാർ
നെന്മാറ: നെന്മാറ-വല്ലങ്ങി വേലയ്ക്ക് സുരക്ഷയൊരുക്കുന്നത് ആലത്തൂർ ഡിവൈ.എസ്.പി. എ.ജെ. ജോൺസന്റെ നേതൃത്വത്തിൽ 1,200-ലധികം പോലീസുകാർ.
അഞ്ച് ഡി.വൈ.എസ്.പി.മാർക്കാണ് സുരക്ഷാച്ചുമതല. ആന്റി തെഫ്റ്റ് സ്‌ക്വാഡിന്റെ പരിശോധനയുണ്ടാകും. അഗ്‌നിരക്ഷാസേനയുടെ നാല് യൂണിറ്റും 12 ആംബുലൻസുകളും സജ്ജമാക്കിയിട്ടുണ്ട്.
നെന്മാറ സാമൂഹികാരോഗ്യകേന്ദ്രത്തിൽ അത്യാഹിതവിഭാഗത്തിന്റെ പ്രവർത്തനം 24 മണിക്കൂറുമുണ്ടാകും. വെടിക്കെട്ട് നടക്കുന്ന സ്ഥലത്ത് ബാരിക്കേഡുകൾ സ്ഥാപിച്ച് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്.
മുഴുവൻസമയ ജലവിതരണം
ജല അതോറിറ്റിയുടെ നേതൃത്വത്തിൽ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ മുഴുവൻ സമയം ജലവിതരണം നടത്തും. നെന്മാറമന്ദം, വല്ലങ്ങിവില്ലേജിന് സമീപമുള്ള അയ്യപ്പക്ഷേത്രം, നെല്ലിപ്പാടം, വല്ലങ്ങി പന്തൽ, വല്ലങ്ങി ബൈപ്പാസ്, ജല അതോറിറ്റി ഓഫീസ്, അളുവശ്ശേരി കുരിശുപള്ളി എന്നിവിടങ്ങളിലായി 24 മണിക്കൂറും വെള്ളം ലഭിക്കുന്നതിന് പൊതുടാപ്പുകൾ സ്ഥാപിച്ചിട്ടുണ്ട്.
പോലീസ് കൺട്രോൾ റൂം
വേലയുടെ ഭാഗമായി നെന്മാറ നെല്ലിക്കുളങ്ങര ഭഗവതിക്ഷേത്രത്തിന് സമീപത്തായി വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരുമണി മുതൽ ശനിയാഴ്ച കാലത്ത് 10 മണിവരെ പോലീസിന്റെ കൺട്രോൾ റൂം പ്രവർത്തിക്കും. വല്ലങ്ങി ആനപ്പന്തലിന് സമീപത്തായി പോലീസ് എയ്ഡ് പോസ്റ്റും ഉണ്ടാകും. കൂടാതെ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് നെന്മാറ ഗ്രാമപ്പഞ്ചായത്ത് ഓഫീസിൽ ജോയിന്റ് കൺട്രോൾ റൂം പ്രവർത്തിക്കും.
വിളയന്നൂർ കുമ്മാട്ടി ഇന്ന്
കുഴൽമന്ദം: തേങ്കുറുശ്ശി വിളയന്നൂർ മരുതിഭഗവതിയുടെ കുമ്മാട്ടിയാഘോഷം വ്യാഴാഴ്ച. രാവിലെ എട്ടിന് ശ്രീമൂലസ്ഥാനത്തുനിന്ന് തിരുമജ്ജനം എഴുന്നള്ളത്ത് ആരംഭിച്ച് 11-ന് ക്ഷേത്രത്തിലെത്തും. പൂജയ്ക്കുശേഷം കൂട്ടുപായസം വിതരണം ചെയ്യും. 2.30-ന് മൂലസ്ഥാനത്ത് പകൽവേല എഴുന്നള്ളത്തിന് കേളികൊട്ടുയരും. മേൽശാന്തി രമേശൻ നമ്പൂതിരി തിടമ്പുപൂജ നടത്തും. 3.30-ന് മേജർസെറ്റ് പഞ്ചവാദ്യത്തിനുശേഷം അഞ്ചുമണിയോടെ വേല പുറപ്പെടും. വൈലാശ്ശേരി അർജുനൻ, ശങ്കരംകുളങ്ങര ഉദയൻ, മച്ചാട് അയ്യപ്പൻ, മനിശ്ശേരി രാജേന്ദ്രൻ, മച്ചാട് ഗംഗാധരൻ എന്നീ ആനകൾ അണിനിരക്കും.
ഏഴിന് ക്ഷേത്രമൈതാനിയിൽ എഴുന്നള്ളത്ത് എത്തുമ്പോൾ പാണ്ടിമേളം തുടങ്ങും. രാത്രി ഒമ്പതോടെ പകൽവേല ക്ഷേത്രപ്രദക്ഷിണം നടത്തുന്നതോടെ വെടിക്കെട്ട് ആരംഭിക്കും. രാത്രി ഒമ്പതിന് തിരുവനന്തപുരം 'ദേവി കണ്ണകി' ബാലെ ഉണ്ടാകും. വെള്ളിയാഴ്ച പുലർച്ചെ രണ്ടിന് ശ്രീമൂലസ്ഥാനത്ത് തായമ്പക ആരംഭിക്കും.
3.30-ന് കേളികൊട്ട്, 4.30-ന് പൊട്ടിവേല ആരംഭം, ആറിന് കാവുകയറി കൂത്തഭിഷേകത്തോടെ സമാപനം.
പഞ്ചവാദ്യത്തിന് ചെർപ്പുളശ്ശേരി ശിവൻ, വട്ടേക്കാട്ട് കനകൻ, പല്ലാവൂർ ശ്രീകുമാർ എന്നിവരും മേളത്തിന് ചൊവ്വല്ലൂർ മോഹനവാരിയർ, പുതുക്കോട് അഭിലാഷ് മാരാർ, വട്ടേക്കാട്ട് ജിജു എന്നിവരും നേതൃത്വംനൽകും.
Content Highlights: Comprehensive guide to the 2026 Nenmara Vallangi Vela festivities., Detailed schedule for sample fireworks and traditional Panchari Melam., Information on Aandivela and Thalappoli processions., Details regarding the Chamaya exhibition across Nemmara and Vallangi.
Published: 02 Apr 2026, 06:46 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented