തിരുവനന്തപുരം/നെടുമങ്ങാട്: അവ്യക്തമായ വാക്കുകളിലൂടെയാണ് ആമിന ഭർത്താവായിരുന്ന അഷ്‌കറിന്റെ ക്രൂരതകൾ മന്ത്രി ബിന്ദുകൃഷ്ണയോടു വിവരിച്ചത്. പക്ഷേ, ആമിനയുടെ അവസ്ഥ മനസ്സിലാക്കാൻ മന്ത്രിക്ക് വാക്കുകൾ വേണ്ടിവന്നില്ല... ‘മക്കള് ധൈര്യായിട്ട് ഇരി, മിടുക്കിയായിട്ടിരുന്ന് മരുന്നും കഴിച്ച് പഴയപോലെ ആകണം’ ആമിനയുടെ കവിളിൽ തട്ടി സ്‌നേഹപൂർവം മന്ത്രി ബിന്ദുകൃഷ്ണ പറഞ്ഞു.

To advertise here,

നെടുമങ്ങാട്ട്‌ ഒന്നരവയസ്സുകാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അഷ്‌കറിന്റെ ആദ്യ ഭാര്യ ആമിനയെ കാണാൻ മന്ത്രി ബിന്ദുകൃഷ്ണ മെഡിക്കൽ കോളേജിൽ എത്തുമ്പോഴായിരുന്നു വികാരനിർഭരമായ രംഗങ്ങൾ. ആരോഗ്യമന്ത്രിയുമായി സംസാരിച്ച് ചികിത്സയുടെ കാര്യങ്ങൾ പറയാമെന്നും കുടുംബത്തിന് മന്ത്രി ഉറപ്പുനൽകി. ഉമ്മയുടെ കവിളിൽ അഷ്‌കർ അടിച്ചെന്ന് വാക്കുകൾ മുറിഞ്ഞ് ആമിന പറഞ്ഞു.

’എന്റെ കൊച്ചിനെ കൊല്ലാക്കൊലചെയ്ത് ദ്രോഹിച്ചവനാണ് അഷ്‌കറും അവന്റെ കുടുംബവും’ ആമിനയുടെ ഉമ്മ ഷൈലയുടെ വാക്കുകൾ. 18 വയസ്സ് മുതൽ അവൾ കൊടിയ പീഡനം അനുഭവിക്കേണ്ടിവന്നു. ആമിനയെ അഷ്‌കറിന്റെ വീട്ടുകാരും മർദിച്ചിരുന്നു. മുൻപ് നെടുമങ്ങാട് പോലീസ് സ്‌റ്റേഷനിൽ അഷ്‌കറിനെതിരേ പരാതി നൽകിയിരുന്നെന്നും സി.ഐ. നടപടി എടുത്തില്ലെന്നും സർക്കാരിന്റെ സഹായം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു.

കൊലപ്പെട്ട ഒന്നരവയസ്സുകാരൻ അർഷദിന്റെ അപ്പൂപ്പനെയും അമ്മൂമ്മയെയും ആശ്വസിപ്പിക്കാൻ മന്ത്രി ബിന്ദുകൃഷ്ണ വീട്ടിലെത്തി. പാലോട് മീൻമുട്ടി ചടച്ചിക്കരിക്കകം അഖിലത്തിൽ സുനിൽകുമാറിനെയും ഭാര്യ ഷീനയെയും കാണാനാണ് മന്ത്രി എത്തിയത്. സുനിൽകുമാറിന്റെ മകൻ പരേതനായ അഖിലാണ് അർഷദിന്റെ അച്ഛൻ. ഉച്ചയ്ക്ക് മൂന്നരമണിയോടെ പാലോട് വീട്ടിലെത്തിയ മന്ത്രിയോട് സുനിൽകുമാർ നടന്ന സംഭവങ്ങളെക്കുറിച്ച് വിശദീകരിച്ചു.

അഖിലയുടെ വഴിവിട്ട ബന്ധങ്ങളിൽ മനംനൊന്താണ് തന്റെ മകൻ ആത്മഹത്യചെയ്തതെന്നാണ് സുനിൽകുമാർ പറയുന്നത്. ഭർത്താവ് മരിച്ച്‌ മൂന്നുമാസം കഴിഞ്ഞപ്പോൾത്തന്നെ അഖില കേസിലെ ഒന്നാംപ്രതി അഷ്‌കറിനൊപ്പം താമസമാക്കുകയായിരുന്നു. കൊച്ചുമകൻ ജനിച്ചതിനുശേഷം ഒരിക്കൽപോലും തങ്ങളെ കാണാൻ അഖില അനുവദിച്ചിരുന്നില്ല. ആദ്യം കണ്ടത് അവന്റെ ചേതനയറ്റ ശരീരമായിരുന്നുവെന്ന് പറയുമ്പോൾ സുനിൽകുമാറും ഷീനയും മന്ത്രിയുടെ മുന്നിൽ പൊട്ടിക്കരഞ്ഞു.

സമഗ്രാന്വേഷണം ഉണ്ടാവും

അഷ്‌കറിനെതിരേ ഉയരുന്ന എല്ലാ ആരോപണങ്ങളും അന്വേഷിക്കുമെന്നും കുടുംബം സംശയം പ്രകടിപ്പിച്ചിട്ടുള്ള ആമിനയുടെ സഹോദരന്റെ മരണവും അന്വേഷണപരിധിയിൽ കൊണ്ടുവരാൻ ആവശ്യപ്പെടുമെന്നും മന്ത്രി ബിന്ദുകൃഷ്ണ പിന്നീട് അറിയിച്ചു. നെടുമങ്ങാട് പോലീസ് സ്റ്റേഷനിൽ ഇതുസംബന്ധിച്ച് നിരവധി പരാതികൾ നൽകിയെങ്കിലും കേസെടുത്തില്ലെന്ന കുടുംബത്തിന്റെ ആക്ഷേപം സർക്കാർ ഗൗരവകരമായി കാണും. പരാതിയിൽ നടപടിയെടുക്കാൻ വീഴ്ചവരുത്തിയ പോലീസ് ഉദ്യോഗസ്ഥരെക്കുറിച്ച് ആഭ്യന്തരമന്ത്രിക്ക് റിപ്പോർട്ട് നൽകും. ശിശുക്ഷേമ വകുപ്പ് ബോധവത്കരണത്തിനൊപ്പം കുട്ടികളുടെ സുരക്ഷയ്ക്കായി പ്രത്യേക പദ്ധതി തയ്യാറാക്കുമെന്നും മന്ത്രി ബിന്ദുകൃഷ്ണ പറഞ്ഞു.