കൊച്ചി: മന്ത്രിമാറ്റ നീക്കങ്ങള്‍ പാളിയത് എന്‍.സി.പി. സംസ്ഥാന അധ്യക്ഷന്‍ പി.സി.ചാക്കോയ്ക്ക് കനത്ത തിരിച്ചടിയായി. പാര്‍ട്ടിയും ഭരണവും തന്റെ കുടക്കീഴിലാക്കാനുള്ള ചാക്കോയുടെ തന്ത്രങ്ങളാണ് നിലംപരിശായത്. ഇതോടെ പകരം മന്ത്രിസ്ഥാനം കിട്ടിയില്ലെങ്കിലും എങ്ങനെയും ശശീന്ദ്രനെ രാജിവെപ്പിക്കാനുള്ള ദൗത്യമാണ് എന്‍.സി.പി.യില്‍ ചാക്കോവിഭാഗം ഏറ്റെടുത്തിരിക്കുന്നത്. ഇതിനായി ശശീന്ദ്രനെതിരെയുള്ള ശക്തമായ പ്രചരണമാണ് പാര്‍ട്ടി വാട്സ് ആപ്പ് ഗ്രൂപ്പുകളില്‍ നടക്കുന്നത്.

To advertise here,

മന്ത്രി എ.കെ.ശശീന്ദ്രനെ കസേരയില്‍നിന്ന് ഇറക്കി പാര്‍ട്ടിയില്‍ മൂലക്കിരുത്താനുള്ള എല്ലാ തന്ത്രങ്ങളും മെനഞ്ഞായിരുന്നു പി.സി.ചാക്കോ, മന്ത്രിമാറ്റം ആവശ്യവുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്നിലെത്തിയത്. എന്നാല്‍ അവിടെനിന്ന് അപ്രതീക്ഷിതമായി കനത്ത പ്രഹരമാണ് ഏല്‍ക്കേണ്ടിവന്നത്. മന്ത്രിയാവാന്‍ ഉറപ്പിച്ച് ഇറങ്ങിത്തിരിച്ച തോമസ്.കെ.തോമസ് എം.എല്‍.എ.യ്ക്ക് നാണക്കേടോടെ തിരിച്ചിറങ്ങിപ്പോരേണ്ടിവന്നു.

ശശീന്ദ്രനെ മന്ത്രിസ്ഥാനത്ത് നിന്ന് ഇറക്കാന്‍ ചാക്കോ ദേശീയതലത്തില്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിവെച്ചിരുന്നു. ദേശീയാധ്യക്ഷന്‍ ശരത് പവാറും മകള്‍ സുപ്രിയ സൊലെയും എ.കെ.ശശീന്ദ്രനോട് മന്ത്രി സ്ഥാനത്തുനിന്ന് ഒഴിഞ്ഞ് തോമസ്.കെ.തോമസിന് അവസരമൊരുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. മന്ത്രിസ്ഥാനത്തുനിന്ന് മാറാന്‍ ഒരുക്കമാണെന്ന്  പറഞ്ഞപ്പോഴും അതിന് ഒരുക്കമല്ലെന്ന ശരീരഭാഷയോടെയായിരുന്നു ശശീന്ദ്രന്റെ പ്രസ്താവനകള്‍ നടത്തിക്കൊണ്ടിരുന്നത്. മുഖ്യമന്ത്രിയില്‍ അത്രയ്ക്ക് വിശ്വാസമായിരുന്നു ശശീന്ദ്രന്.  

പാര്‍ട്ടിയില്‍ ശശീന്ദ്രന്‍ വിഭാഗത്തെ അടിച്ചൊതുക്കിക്കൊണ്ടാണ് ചാക്കോ മന്ത്രിമാറ്റത്തിനായി ഇറങ്ങിത്തിരിച്ചത്. ശശീന്ദ്രന്റെ വലംകൈയ്യായ സീനിയര്‍ വൈസ് പ്രസഡന്റ് പി.കെ.രാജന്‍ മാസറ്ററെ അന്വേഷണത്തിനുപോലും മുതിരാതെയാണ് പാര്‍ട്ടിയില്‍നിന്ന് സസ്പെന്റ് ചെയ്തത്. അതിനുതൊട്ടുപിന്നാലെ രണ്ടാം നിരയിലെ ആറു നേതാക്കള്‍ക്കെതിരെകൂടി നടപടിക്കായി നോട്ടീസ് നല്‍കി.  

ശശീന്ദ്രന്‍ വിഭാഗത്തിലെ പ്രധാനികളെ ഒതുക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് മന്ത്രിമാറ്റത്തിനായി ചാക്കോ ആവേശത്തോടെ ഇറങ്ങിയത്. ദേശീയ നേതൃത്വം ഒപ്പമുള്ളതിനാല്‍ മുഖ്യമന്ത്രി മന്ത്രിമാറ്റത്തെ അനുകൂലിക്കുമെന്നും ചാക്കോ കരുതി. എന്നാല്‍ തോമസ്.കെ.തോമസിനെ പൂട്ടാനുള്ള 'വലിയചില തെളിവുകള്‍'' മുഖ്യമന്ത്രിയുടെ പക്കലെത്തിക്കാന്‍ ശശീന്ദ്രന്‍ വിഭാഗത്തിന് നേരത്തെ തന്നെ കഴിഞ്ഞിരുന്നു. അതിന്റെ ആത്മവിശ്വാസത്തിലാണ് രാജിവെക്കാന്‍ മുഖ്യമന്ത്രിയുടെ തീരുമാനംവരട്ടെയെന്ന് ശശീന്ദ്രന്‍ പറഞ്ഞുകൊണ്ടിരുന്നത്.

എന്‍.സി.പി.യിലെ ഇരുവിഭാഗവും വാശിയോടെ തന്ത്രങ്ങള്‍ മെനയുകയാണ്. തനിക്കൊപ്പം നില്‍ക്കുന്നവര്‍ക്കെതിരെയുള്ള നടപടികള്‍ തടയുന്നതിനായി, ആവശ്യമെങ്കില്‍ മന്ത്രിസ്ഥാനം ഒഴിയാന്‍വരെ തയ്യാറെടുത്തുകൊണ്ടാണ് ശശീന്ദ്രന്‍ മുന്നോട്ടുപോകുന്നത്. ശശീന്ദ്രന്‍ മന്ത്രിസ്ഥാനം ഒഴിഞ്ഞാല്‍ പാര്‍ട്ടിക്ക് പിന്നെ മന്ത്രി ഉണ്ടാവില്ല. ഉള്ളസ്ഥാനം കളയുന്നതിനോട് ദേശീയ നേതൃത്വം അനുകൂല നിലപാട് എടുക്കില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് ശശീന്ദ്രന്‍ പക്ഷം.

ഗ്രൂപ്പ് യോഗങ്ങള്‍ ചേരുന്ന ശശീന്ദ്രന്‍ വിഭാഗത്തിലെ ജില്ലാനേതാക്കള്‍ക്കെതിരേയും ഔദ്യോഗിക നേതൃത്വം ശക്തമായ നടപടി എടുത്തുവരുന്നുണ്ട്. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പാര്‍ട്ടിയിലും ശശീന്ദ്രന്‍ കൂടുതല്‍ ശക്തനായിട്ടുണ്ട്. ശശീന്ദ്രനൊപ്പം നില്‍ക്കുന്നവരെ നടപടികളിലൂടെ നേരിടാനാണ് ഔദ്യോഗിക നേതൃത്വം ശ്രമിക്കുന്നത്. 

ജില്ലാ പ്രസിഡന്റുമാരില്‍ ഒമ്പതുപേര്‍ പി.സി.ചാക്കോയ്ക്ക് ഒപ്പമാണ്. അവര്‍ മന്ത്രി മാറണമെന്ന അഭിപ്രായം നേരത്തെ തന്നെ പറഞ്ഞിട്ടുള്ളതാണ്. അവരുടെ ജില്ലകളില്‍ ശശീന്ദ്രനൊപ്പം നില്‍ക്കുന്നവരെ അച്ചടക്കം പറഞ്ഞ് തളയ്ക്കാനാണ് നീക്കം. അതേസമയം ശശീന്ദ്രനെതിരെയുള്ള പ്രചരണങ്ങള്‍ കടുപ്പിക്കുന്നതിന്റെ ഭാഗമായി, വലിയ ചില ആരോപണങ്ങള്‍ പുറത്തേക്ക് കൊണ്ടുവരാനുള്ള അണിയറനീക്കവും ചാക്കോ വിഭാഗം നടത്തുന്നുണ്ട്.