കോട്ടയം, ന്യൂഡൽഹി: എൻ.സി.പിയിലെ മന്ത്രിമാറ്റവുമായി ബന്ധപ്പെട്ട് ദേശീയ അധ്യക്ഷൻ ശരദ് പവാറിനെ കണ്ട് പാർട്ടിയുടെ കേരളത്തിലെ നേതാക്കളായ പി.സി.ചാക്കോയും തോമസ്.കെ.തോമസും. മന്ത്രിസ്ഥാനം സംബന്ധിച്ച ധാരണ പാലിക്കാത്തതിൽ ഇരുവരും ശരദ് പവാറിനെ അതൃപ്തിയറിയിച്ചു. രാത്രിയോടെയാണ് ഇരുവരും പവാറുമായി നടത്തിയ ചർച്ച അവസാനിച്ചത്. യോ​ഗത്തിനുശേഷം  ചാക്കോയും തോമസ് കെ തോമസും മടങ്ങി. 

To advertise here,

മന്ത്രിമാറ്റം ചർച്ചയായില്ലെന്നാണ് യോ​ഗത്തിനുശേഷം തോമസ്.കെ.തോമസ് പ്രതികരിച്ചത്. പാർട്ടി കാര്യങ്ങളാണ് സംസാരിച്ചത്. ബുധനാഴ്ച വീണ്ടും കൂടിക്കാഴ്ച നടത്തും. തനിക്ക് പറയാനുള്ള കാര്യങ്ങൾ ശരദ് പവാറിനോട് പറഞ്ഞിട്ടുണ്ട്. താൻ മന്ത്രിയാകാൻ ഓടിനടക്കുന്നയാളല്ല. എല്ലാം പാർട്ടിയുടെ തീരുമാനമാണ്. ബുധനാഴ്ച ശുഭവാർത്ത ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും തോമസ്.കെ.തോമസ് പ്രതികരിച്ചു. മന്ത്രിസ്ഥാനം മാറുന്നതിനെക്കുറിച്ച് ധാരണ ഉണ്ടായിരുന്നല്ലോ എന്നായിരുന്നു അദ്ദേഹത്തിന്റെ ഡൽഹിയിലെത്തിയശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യപ്രതികരണം. 

എന്നാൽ എൻ.സി.പിയിൽ മന്ത്രിമാറ്റ ചർച്ചകൾ നടക്കുന്നതിനെക്കുറിച്ച് അറിയില്ലെന്നാണ് മന്ത്രി എ.കെ. ശശീന്ദ്രൻ പ്രതികരിച്ചത്. മന്ത്രിമാറ്റമുണ്ടാവുമോയെന്ന് അവർ തീരുമാനിച്ചിട്ട് പറയുമല്ലോയെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു. പാർട്ടി പറയുന്നതാണ് ചെയ്യുകയെന്ന് പലവട്ടം വ്യക്തമാക്കിയതാണെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു. 

അതേസമയം എൻ.സി.പി അധ്യക്ഷൻ ശരദ് പവാറിനെ സി.പി.എം ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടും സന്ദർശിച്ചിരുന്നു. ഇതിൽ കൂടിക്കാഴ്ച പൂർത്തിയാക്കി ആദ്യം പുറത്തിറങ്ങിയത് പ്രകാശ് കാരാട്ടാണ്. പാർട്ടി ആവശ്യപ്പെട്ട കാര്യങ്ങൾ പാലിക്കാതെ എ.കെ.ശശീന്ദ്രൻ മന്ത്രിസ്ഥാനം ഒഴിയുന്നില്ല എന്ന കാര്യമടക്കം പറഞ്ഞ് അതൃപ്തിയറിയിക്കുക. അതിനുശേഷം പ്രകാശ് കാരാട്ടും ശരദ് പവാറും തമ്മിൽ സംസാരിച്ച് മന്ത്രിമാറ്റം കേന്ദ്രം ആവശ്യപ്പെടട്ടേ എന്ന നിലപാടാണ് തോമസ് കെ തോമസ് നേരത്തേ സ്വീകരിച്ചത്. 

എൻ.സി.പിയുടെ സംസ്ഥാന എക്സിക്യൂട്ടീവ് യോ​ഗം കഴിഞ്ഞദിവസം കൊച്ചിയിൽ ചേർന്നിരുന്നു. 150 അം​ഗ എക്സിക്യൂട്ടീവിൽ 126 പേരാണ് പങ്കെടുത്തത്. ഇതിൽ 123 പേരും മന്ത്രിമാറ്റം വേണമെന്ന ആവശ്യമാണുയർത്തിയത്. എ.കെ.ശശീന്ദ്രനെ ഇനിയും എന്തുകൊണ്ടാണ് മാറ്റാൻ മുഖ്യമന്ത്രി തയ്യാറാവാത്തതെന്ന ചോദ്യവും ഇവർ ഉയർത്തി. ഉപതിരഞ്ഞെടുപ്പുകൾക്ക് ശേഷം മന്ത്രിമാറ്റത്തിൽ തീരുമാനമുണ്ടാവുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ തിരഞ്ഞെടുപ്പിനുശേഷവും എന്തുകൊണ്ട് ഇക്കാര്യത്തിൽ തീരുമാനം വരുന്നില്ലെന്നും പാർട്ടിയുടെ ആത്മാഭിമാനം നഷ്ടപ്പെടുത്തരുതെന്നും യോ​ഗത്തിൽ സംസാരമുയർന്നു.

മൂന്നം​ഗങ്ങൾ മാത്രമാണ് പാർട്ടിക്ക് ഒരു മന്ത്രിയില്ലാതിരിക്കുന്ന അവസ്ഥയുണ്ടാവരുതെന്ന് ആവശ്യപ്പെട്ടത്. എത്രയും പെട്ടന്ന് മന്ത്രിമാറ്റമുണ്ടായില്ലെങ്കിൽ എൽ.ഡി.എഫ് മുന്നണിയിൽ പ്രതിഷേധം അറിയിക്കണം. മുന്നണിയിൽ നിന്നുകൊണ്ടുള്ളതായിരിക്കണം പ്രതിഷേധം. നിലവിലുള്ള മന്ത്രിയായ എ.കെ.ശശീന്ദ്രനെ പിൻവലിച്ചുകൊണ്ടുള്ളതായിരിക്കണം പ്രതിഷേധമെന്നും കഴിഞ്ഞദിവസത്തെ എക്സിക്യൂട്ടീവ് യോ​ഗത്തിൽ ചർച്ച ചെയ്തിരുന്നു. ഇതിന്റെ തുടർസംഭവങ്ങലാണിപ്പോൾ ഡൽഹി വരെ എത്തിനിൽക്കുന്നത്.