തൊടുപുഴ (ഇടുക്കി): വനംവകുപ്പ് പിഴുതുമാറ്റിയ നാരങ്ങാനത്തെ കുരിശ് നിന്നത് ജനവാസമേഖലയിലെന്ന് റവന്യൂ വകുപ്പിന്റെ റിപ്പോര്‍ട്ട്. കുരിശ് പിഴുത വനംവകുപ്പിന്റെ നടപടിക്കെതിരേ നാട്ടുകാര്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് വ്യാഴാഴ്ച കളക്ടറേറ്റില്‍ ചേര്‍ന്ന പ്രത്യേകയോഗത്തില്‍, തൊടുപുഴ തഹസില്‍ദാര്‍ ഒ.എസ്. ജയകുമാറാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

To advertise here,

എന്നാല്‍, കുരിശ് നിന്ന പ്രദേശം ജണ്ടയ്ക്കുള്ളിലാണെന്ന് വനംവകുപ്പ് യോഗത്തില്‍ പറഞ്ഞു. പ്രശ്‌നം ശാശ്വതമായി പരിഹരിക്കാന്‍ അടുത്തദിവസങ്ങളില്‍ത്തന്നെ റവന്യൂ-വനം വകുപ്പുകളുടെ സംയുക്തപരിശോധന നടത്താന്‍ ഡെപ്യൂട്ടി കളക്ടര്‍ കെ.എം. ജോസുകുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.

കുരിശ് പിഴുത വനംവകുപ്പ് നടപടിക്കെതിരേ പരാതിയുയര്‍ന്ന പശ്ചാത്തലത്തില്‍, കഴിഞ്ഞദിവസം തഹസില്‍ദാര്‍ പ്രദേശത്തെത്തി പരിശോധന നടത്തിയിരുന്നു. കുരിശ് നിന്ന പ്രദേശത്തിനുചുറ്റും നിരവധി വീടുകളുണ്ടെന്നും, പതിറ്റാണ്ടുകള്‍ പഴക്കമുള്ള തെങ്ങ് ഉള്‍പ്പെടെയുള്ള കൃഷിദേഹണ്ഡങ്ങള്‍ ഉണ്ടെന്നുമാണ് തഹസില്‍ദാരുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ളതെന്ന് അറിയുന്നു.

തൊമ്മന്‍കുത്ത് സെയ്ന്റ് തോമസ് പള്ളി നാരങ്ങാനത്ത് സ്ഥാപിച്ച കുരിശ് ഏപ്രില്‍ 12-നാണ് വനംവകുപ്പ് പിഴുതുകൊണ്ടുപോയത്. വനഭൂമിയില്‍ നിര്‍മാണം നടത്തി എന്ന് ആരോപിച്ചായിരുന്നു നടപടി. എന്നാല്‍, കൈവശഭൂമിയിലാണ് കുരിശ് സ്ഥാപിച്ചതെന്ന് പള്ളിയും വിശദീകരിച്ചു. ഇതിനിടെ കുരിശ് നിന്ന സ്ഥലവും മറ്റ് ജനവാസമേഖലയും ഉള്‍പ്പെടെ വണ്ണപ്പുറത്തെ 4005 ഏക്കര്‍ വനഭൂമിയാണെന്ന് വണ്ണപ്പുറം വില്ലേജോഫീസര്‍ റിപ്പോര്‍ട്ട് നല്‍കിയത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. തഹസില്‍ദാറുടെ റിപ്പോര്‍ട്ട് വന്നതോടെ വില്ലേജോഫീസറുടെ റിപ്പോര്‍ട്ട് നിലനില്‍ക്കില്ലെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികള്‍.