
കണ്ണൂർ: സിപിഎം വിട്ട് മത്സരിച്ച് വിജയിച്ച് എംഎൽഎമാരായ ടി.കെ.ഗോവിന്ദനോടും വി.കുഞ്ഞികൃഷ്ണനോടും പത്ത് ചോദ്യങ്ങളുമായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജൻ. 'തരംകിട്ടുമ്പോഴെല്ലാം സിപിഎമ്മിനെ കുറ്റപ്പെടുത്തുന്ന രണ്ട് എംഎൽഎമാരോടും ചില ചോദ്യങ്ങൾ' എന്ന തലക്കെട്ടോടെയാണ് എം.വി. ജയരാജൻ ഫേയ്സ്ബുക്കിൽ ചോദ്യങ്ങൾ കുറിച്ചത്.
സ്ഥാനാർത്ഥി നിർണ്ണയത്തിൽ ജില്ലാ കമ്മിറ്റിയുടെ മേൽ പഴിചാരി സംസ്ഥാന കമ്മിറ്റി രക്ഷപ്പെട്ടുവെന്ന പച്ച നുണ പറഞ്ഞുതന്നത് നുണകളുടെ രാജാവായ മുഖ്യമന്ത്രിയാണോ? എന്നും സിപിഐഎമ്മിന് ഉൾപ്പാർട്ടി ജനാധിപത്യം ഇല്ലെന്ന് പറഞ്ഞ് ഉൾപ്പാർട്ടി ജനാധിപത്യം ഏറ്റവും കൂടുതലുള്ള കോൺഗ്രസിനോടൊപ്പം ചേർന്നപ്പോൾ മുഖ്യമന്ത്രിയെ തീരുമാനിക്കും മുമ്പ് രണ്ടുപേരോടും കോൺഗ്രസ് ഹൈക്കമാൻഡ് അഭിപ്രായം തേടിയോ എന്നും കുറിപ്പിൽ എം.വി. ജയരാജൻ ചോദിച്ചു. കൊടുത്തിരിക്കുന്ന പത്ത് ചോദ്യങ്ങൾക്കെല്ലാം മറുപടി പറഞ്ഞിട്ടു പോരെ സിപിഎമ്മിന്റെ മേൽ കുതിരകയറാൻ എന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു.
ഫേയ്സ്ബുക്ക് പോസ്റ്റ്:
തരംകിട്ടുമ്പോഴെല്ലാം സിപിഎമ്മിനെ കുറ്റപ്പെടുത്തുന്ന രണ്ട് എംഎൽഎമാരോടും ചില ചോദ്യങ്ങൾ.
- സിപിഐഎമ്മിന് ഉൾപ്പാർട്ടി ജനാധിപത്യം ഇല്ലെന്ന് പറഞ്ഞ് ഉൾപ്പാർട്ടി ജനാധിപത്യം ഏറ്റവും കൂടുതലുള്ള കോൺഗ്രസിനോടൊപ്പം ചേർന്നപ്പോൾ മുഖ്യമന്ത്രിയെ തീരുമാനിക്കും മുമ്പ് രണ്ടുപേരോടും കോൺഗ്രസ് ഹൈക്കമാൻഡ് അഭിപ്രായം തേടിയോ? ഏറ്റവും വലിയ ജനാധിപത്യ പാർട്ടിയാണ് കോൺഗ്രസ് എന്നാണോ അഭിപ്രായം?
- സ്ഥാനാർത്ഥി നിർണ്ണയത്തിൽ ജില്ലാ കമ്മിറ്റിയുടെ മേൽ പഴിചാരി സംസ്ഥാന കമ്മിറ്റി രക്ഷപ്പെട്ടുവെന്ന പച്ച നുണ പറഞ്ഞുതന്നത് നുണകളുടെ രാജാവായ മുഖ്യമന്ത്രിയാണോ
- വർഗ്ഗീയതയോടുള്ള രണ്ടുപേരുടെയും സമീപനം എന്താണ്? നിങ്ങളിൽ ഒരാൾ സ്ഥാനാർത്ഥിത്വം സ്വന്തമായി പ്രഖ്യാപിച്ചപ്പോൾ വർഗ്ഗീയ കക്ഷികൾ ഒഴിച്ചുള്ളവരുടെ പിന്തുണ സ്വീകരിക്കുമെന്നായിരുന്നു പറഞ്ഞതെന്ന് ഓർക്കുമല്ലോ.
- 'ഇന്ദിര ഗ്യാരണ്ടി' വാഗ്ദാനമായ 21,000 രൂപ ആശമാർക്ക് നൽകാത്തതിനെതിരെ നിയമസഭയിൽ സബ്മിഷൻ അവതരിപ്പിക്കുമോ?
- കെഎസ്ആർടിസിയിൽ തീർത്ഥാടന യാത്ര, ടൂറിസം യാത്ര എന്നിവയുൾപ്പെടെ എല്ലാ യാത്രകൾക്കും എല്ലാ ബസ്സുകളിലും എല്ലാ സ്ത്രീകൾക്കും സൗജന്യമെന്ന വാഗ്ദാനം നൽകി സ്ത്രീകളെ കബളിപ്പിച്ചതിനെതിരെ പത്രസമ്മേളനം നടത്തുമോ?
- അദാനി ഗ്രൂപ്പിന്റെ ഫ്‌ലൈറ്റിൽ ദുരൂഹമായ മംഗലാപുരം യാത്രയെക്കുറിച്ചും എൻഡിഎ കക്ഷി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും തുറമുഖ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കുകയും ചെയ്തതിനെക്കുറിച്ച് എന്താണ് അഭിപ്രായം
- മന്ത്രിമാരുടെ സത്യപ്രതിജ്ഞാ വേദിയിൽ ഒരു മതത്തിന്റെ ദേവതകളെ മാത്രം പ്രകീർത്തിക്കുന്ന വന്ദേമാതരം ചൊല്ലിയത് ശരിയാണോ?
- ന്യൂനപക്ഷ വോട്ടുകൾ വെട്ടിക്കളയാൻ ലക്ഷ്യമാക്കിക്കൊണ്ടുവന്ന എസ്‌ഐആർ കേരളത്തിൽ നടപ്പാക്കാൻ നേതൃത്വം കൊടുത്തയാളെ മുഖ്യമന്ത്രിയുടെ സെക്രട്ടറി ആക്കിയതും 'ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്' എന്ന മഹത്തായ സന്ദേശം മലയാളികളെ ഉൽബോധിപ്പിച്ച ശ്രീനാരായണഗുരുവിന്റെ പരിപാവന കേന്ദ്രമായ ശിവഗിരിയിൽ വർഗ്ഗീയവാദിയായ നരേന്ദ്രമോദിയെ ക്ഷണിച്ചപ്പോൾ നടന്ന പ്രതിഷേധ സമരം തളിപ്പറമ്പിൽ ഉദ്ഘാടനം ചെയ്ത ടി കെ ഗോവിന്ദൻ മാസ്റ്ററും പയ്യന്നൂരിൽ പ്രതിഷേധത്തിൽ പങ്കെടുത്ത വി കുഞ്ഞികൃഷ്ണനും അന്ന് മോദിയെ ക്ഷണിച്ചതിനെ ന്യായീകരിച്ച സംഘി പുത്രനെ ഉന്നതവിദ്യാഭ്യാസ സെക്രട്ടറി ആക്കിയതിനെക്കുറിച്ച് എന്താണ് അഭിപ്രായം?
- എം.ജി. യൂണിവേഴ്‌സിറ്റി വിസിയായി സംഘപരിവാർ നേതാവിനെയും 19 ആർഎസ്എസുകാരെ സെനറ്റ് അംഗങ്ങളാക്കിയും നിയമിച്ചത് ശരിയാണോ?
- കെ.എസ്ഇബിയും കെഎസ്ആർടിസിയും വാട്ടർ അതോറിറ്റിയും സ്വകാര്യവൽക്കരിക്കുമെന്നും കിഫ്ബി മുഖേനയുള്ള വികസന പദ്ധതികൾ നിർത്തലാക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചതിനെതിരെ നിയമസഭയിൽ കോളിംഗ് അറ്റൻഷൻ കൊണ്ടുവരുമോ? പയ്യന്നൂർ തളിപ്പറമ്പ് മണ്ഡലങ്ങളിലെ മുൻ എംഎൽഎമാരും എൽഡിഎഫ് സർക്കാരും അനുവദിച്ച വികസന പദ്ധതികൾ പൂർത്തീകരിക്കുമോ, അല്ല മുഖ്യമന്ത്രി പ്രഖ്യാപിച്ചതുപോലെ നിർത്തലാക്കുമോ?
ഈ ചോദ്യങ്ങൾക്കെല്ലാം മറുപടി പറഞ്ഞിട്ടു പോരെ സിപിഎമ്മിന്റെ മേൽ കുതിരകയറാൻ?- എം.വി. ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു.
Content Highlights: MV Jayarajan questions the political stance of former MLAs TK Govindan and V Kunhikrishnan., The critique focuses on internal party democracy and allegations of misinformation., The statement highlights 10 specific questions covering governance, communalism, and development projects., The challenge serves as a political retort to recent criticisms directed at the CPM.
Published: 12 Jun 2026, 06:42 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented