തിരുവനന്തപുരം: കോട്ടയം നഴ്‌സിംഗ് കോളേജ് റാഗിംങ് മനുഷ്യത്വവിരുദ്ധ സമീപനമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ എസ്.എഫ്.ഐയ്‌ക്കെതിരെ വ്യാജ പ്രചാരണങ്ങള്‍ നടക്കുന്നുവെന്നും നഴ്‌സിംഗ് വിദ്യാര്‍ഥികളുടെ സംഘടനക്ക് എസ്.എഫ്.ഐയുമായി ബന്ധമില്ലെന്നും എം.വി ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു.  

To advertise here,

പൂക്കോട് കോളേജിലെ സിദ്ധാര്‍ഥന്റെ മരണത്തിലും എസ്.എഫ്.ഐക്ക് എതിരെ പ്രചാരണം നടത്തിയെന്നും എസ്.എഫ്.ഐക്കാര്‍ കൊന്ന് കെട്ടിത്തൂക്കി എന്നാണ് പ്രചാരണം നടന്നത്, അന്വേഷണ റിപ്പോര്‍ട്ടില്‍ എസ്.എഫ്.ഐ എന്ന് പരാമര്‍ശമില്ല, മാധ്യമങ്ങള്‍ മാപ്പ് പറയണമെന്നും എം.വി ഗോവിന്ദന്‍ ആവശ്യപ്പെട്ടു. 

'കേന്ദ്ര ബജറ്റില്‍ കേരളത്തോട് കാണിച്ചത് കടുത്ത അവഗണനയാണ്. കേന്ദ്ര ബജറ്റ് കേരള വിരുദ്ധമാണ്. വയനാട് പുനരധിവാസത്തിനു പാക്കേജ് പ്രഖ്യാപിക്കാതെ 592 കൂടി രൂപ വായ്പയായി നല്‍കി. അത് തിരിച്ചടക്കേണ്ട പണമാണ്. കൂടാതെ മാര്‍ച്ച് മാസത്തിനു മുന്‍പ് ചെലവാക്കുകയും വേണം. സഹായമാണ് വേണ്ടത്്, വായ്പയല്ല. ശശി തരൂരിന്റെ ലേഖനം കേരളത്തിലെ വ്യവസായ വളര്‍ച്ചയുടെ വസ്തുതകള്‍ തുറന്ന് കാണിക്കുന്നതാണ്. കേരളത്തില്‍ ഒന്നും നടക്കുന്നില്ല എന്ന പ്രതിപക്ഷനേതാവിന്റെയും മഴവില്‍സഖ്യത്തിന്റെയും പ്രചാരണങ്ങളെ തുറന്നുകാട്ടി വസ്തുത പറഞ്ഞ തരൂരിനെ അഭിനന്ദിക്കുന്നു. വസ്തുതാപരമായി പറയുന്നതിനെ അംഗീകരിക്കാന്‍ കഴിയാത്ത ആളുകളാണ് യുഡിഎഫിന്റെ ഭാഗമായുള്ളത്. ഞങ്ങള്‍ ആരുപറഞ്ഞാലും ജനങ്ങള്‍ വിശ്വസിക്കില്ല, രാഷ്ട്രീയമായി പറയുന്നതാണെന്ന് കരുതും. എന്നാല്‍ തരൂരിന് ഗഹനമായി പറയാനുള്ള കഴിവും ശേഷിയുമുണ്ട്. എന്തും പറയാന്‍ മടിയില്ലാത്ത ഒരു പ്രതിപക്ഷ നേതാവാണ്് വി.ഡി സതീശന്‍.'- എം.വി ഗോവിന്ദന്‍ പറഞ്ഞു. 

പകുതി വിലക്ക് സ്‌കൂട്ടര്‍ തട്ടിപ്പ് നടന്നത് വലിയ കൊള്ളയാണെന്നും തിരഞ്ഞെടുപ്പ് കാലത്തും തട്ടിപ്പ് നടത്തിയിരുന്നെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും ലീഗിന്റെയും നേതാക്കള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് തട്ടിപ്പില്‍ പങ്കുണ്ടെന്നും എം.വി ഗോവിന്ദന്‍ ആരോപിച്ചു. 

'വ്യാവസായിക സഹകരണത്തിനാണ് മോദി അമേരിക്കയ്ക്ക് പോയതെന്നും ദാസ്യ വേലചെയ്യുന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയെയാണ് മോദിയില്‍ കണ്ടതെന്നും അമേരിക്കന്‍ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാനുള്ള സഹായമായി ആയുധം വാങ്ങാനാണ് മോദിയുടെ സന്ദര്‍ശനത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം ആരോപിച്ചു. മണിപ്പൂരില്‍ പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താന്‍ സാധിക്കാതെ പ്രസിഡന്റുഭരണം അടിച്ചേല്പിച്ചുവെന്നും വാളയാര്‍ അമ്മയെ രാഷ്ട്രീയമായി ഉപയോഗിച്ചുവെന്നും എം.വി ഗോവിന്ദന്‍ വിമര്‍ശിച്ചു.