
തിരുവനന്തപുരം പെരുമാതുറയിലെ മുതലപ്പൊഴി ഹാര്‍ബറിന്റെ പ്രവര്‍ത്തനം സ്തംഭിച്ചിട്ട് ഒരുമാസത്തോളമാകുകയാണ്. മത്സ്യബന്ധനം ജീവിതോപാധിയായി കണ്ടവരൊക്കെ ദിവസങ്ങളായി ദുരിതക്കയത്തിലാണ്. പരിഹാരത്തിനായി പലവഴികള്‍ തേടിയിട്ടും ഫലം കാണാതായതോടെ ഒടുവില്‍ കനത്ത പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് മത്സ്യത്തൊഴിലാളികള്‍.
മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്ത് മണലടിഞ്ഞ് പൊഴിമുഖം അടഞ്ഞതോടെയാണ് കടലില്‍ പോകാനാകാതെ മത്സ്യത്തൊഴിലാളികള്‍ വലഞ്ഞത്. ഡ്രെജ്ജിങ്ങും ഫലംകാണാതായതോടെ മുതലപ്പൊഴി അഴിമുഖം പൂര്‍ണമായും മണല്‍മൂടി. ചെറിയ തോട്ടിലൂടെയെന്നവണ്ണമുണ്ടായിരുന്ന നീരൊഴുക്കും തടസ്സപ്പെട്ടതോടെ വേലിയേറ്റം മുതലാക്കി കടലിലിറക്കിയ ചെറുവള്ളങ്ങള്‍പോലും ഹാര്‍ബറില്‍ അടുപ്പിക്കാനായില്ല. ഇതോടെയാണ് ഹാര്‍ബറിന്റെ പ്രവര്‍ത്തനം പൂര്‍ണമായും സ്തംഭിച്ചത്.
ലഭ്യമായ ഡ്രെജ്ജര്‍ ഉപയോഗിച്ച് മണല്‍ മാറ്റാനുള്ള ശ്രമം അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായെങ്കിലും ഫലം കണ്ടില്ല. പിന്നീടാണ്
കണ്ണൂര്‍ അഴീക്കലില്‍ ഉള്ള മാരിടൈം ബോര്‍ഡിന്റെ വലിയ ഡ്രെജ്ജര്‍ എത്തിക്കാനുള്ള ശ്രമം അധികൃതര്‍ ആരംഭിച്ചത്. എന്നാല്‍, നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വലിയ ഡ്രെജ്ജര്‍ മുതലപ്പൊഴിയിലെത്താന്‍ ഒരാഴ്ച സമയം വേണമെന്നാണ് ഹാര്‍ബര്‍ വകുപ്പ് അധികൃതര്‍ പറയുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ കടലില്‍ പോയ ചെറുവള്ളങ്ങള്‍ ഉള്‍പ്പെടെയുള്ളവ ഹാര്‍ബറിലേക്ക് കൊണ്ടുവരാന്‍ സാധിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്. ഈ വള്ളങ്ങള്‍ കൊല്ലം നീണ്ടകര ഹാര്‍ബറിലേക്കാണ് അടുപ്പിച്ചത്.

ഡ്രെജ്ജിങ് മുടങ്ങി, വള്ളങ്ങള്‍ ട്രാക്ടര്‍ ഉപയോഗിച്ചാണ് കടലിലേക്ക്
കഴിഞ്ഞ സെപ്റ്റംബര്‍ മുതലാണ് മുതലപ്പൊഴിയില്‍ ഡ്രെജ്ജിങ് മുടങ്ങിയത്. ഇതോടെയാണ് മണല്‍ മൂടി പൊഴി അടയാന്‍ തുടങ്ങിയത്. കായലില്‍നിന്ന് വള്ളങ്ങള്‍ കടലിലേക്കിറക്കാന്‍ പ്രയാസം നേരിട്ടതോടെ ജെസിബി ഉപയോഗിച്ചും സ്വകാര്യ കമ്പനിയുടെ ഡ്രെജ്ജറുപയോഗിച്ചും മണ്ണുനീക്കം നടത്തി. ഒരു ഭാഗത്ത് മണ്ണ് നീക്കാനുള്ള പ്രവര്‍ത്തനം നടക്കുമ്പോള്‍ അതിലുമേറെ മണ്ണ് പൊഴിയില്‍ അടിയുന്നതാണ് പൊഴി സ്ഥിരമായി അടയാന്‍ കാരണമാകുന്നത്.
ചെറിയ വള്ളങ്ങള്‍ ട്രാക്ടറുപയോഗിച്ചാണ് കടലിലേക്കിറക്കിയിരുന്നത്. വലിയ ബോട്ടുകള്‍ കടലിലേക്കിറക്കാന്‍ സാധിക്കാതെ വന്നതോടെ ഭൂരിഭാഗം മത്സ്യത്തൊഴിലാളികളും പ്രതിസന്ധിയിലായി. പതിനായിരത്തോളംവരുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളെയാണ് പ്രതിസന്ധി ബാധിച്ചത്.
ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമാണ് വള്ളമുടമകള്‍ക്ക് സംഭവിച്ചത്. നിരവധിയാളുകള്‍ കടക്കെണിയില്‍ അകപ്പെട്ടു. 1000-ത്തോളം വലിയ വള്ളങ്ങളാണ് കടലില്‍ ഇറക്കാന്‍ സാധിക്കാതെ ഇട്ടിരിക്കുന്നത്. മുതലപ്പൊഴിയിലെ പ്രശ്‌നങ്ങള്‍ രൂക്ഷമാകുമ്പോള്‍ താത്കാലിക പരിഹാരങ്ങള്‍ തേടുകയാണ് അധികൃതരുടെ പതിവ്. ആഴ്ചയൊന്ന് കഴിയുമ്പോള്‍ പ്രതിസന്ധിക്ക് വീണ്ടും തുടക്കമാകും. കാലവര്‍ഷത്തിനുമുന്നേ അഴിമുഖത്ത് ഡ്രെജ്ജിങ് നടത്തി ആറുമീറ്റര്‍ ആഴം ഉറപ്പാക്കണമെന്ന തൊഴിലാളികളുടെ ആവശ്യം കൃത്യസമയത്ത് നടത്താതിരുന്നതോടെയാണ് അഴിമുഖം ഇപ്പോള്‍ പൂര്‍ണമായും മണല്‍മൂടി അടയുന്നതിലേക്ക് എത്തിച്ചത്. ലക്ഷക്കണക്കിന് ടണ്‍ മണ്ണാണ് അഴിമുഖത്ത് ദിനംപ്രതി അടിയുന്നത്.
കനാല്‍ കുഴിക്കുന്ന ചെറിയ ഡ്രെജ്ജര്‍ മുതലപ്പൊഴിയിലെ മണല്‍നീക്കാന്‍ പര്യാപ്തമല്ലെന്ന് തൊഴിലാളികള്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. വലിയ ഡ്രെജ്ജര്‍ തന്നെ എത്തിക്കണമെന്നായിരുന്നു നേരത്തെ മുതലുള്ള ഇവരുടെ ആവശ്യം.
'പുലിമുട്ടിന്റെ നീളവും വീതിയും കൂടിയാല്‍ മാത്രമേ ഇപ്പോഴുള്ള പ്രശ്‌നത്തിന് ഒരു ശാശ്വത പരിഹാരം ഉണ്ടാവുകയുള്ളൂ. കേന്ദ്രം അനുവദിച്ച 177 കോടി വിനിയോഗിച്ച് പുലിമുട്ടിന്റെ നീളവും വീതിയും കൂട്ടണം. എല്ലാവര്‍ഷവും 3 മാസം കൂടുമ്പോള്‍ ഡ്രെജ്ജിങ് നടത്തണമെന്ന തീരുമാനം ഉള്ളതാണ്. അത് കൃത്യമായി നടക്കാത്തതുകൊണ്ടാണ് ഇപ്പോള്‍ മണല്‍മൂടിയത്.
കഴിഞ്ഞ നവംബറില്‍ തന്നെ ഡ്രെജ്ജിങ് ആരംഭിക്കണമെന്ന് ഞങ്ങള്‍ മുന്നറിയിപ്പ് നല്‍കിയതാണ്. ഓസ്റ്റില്‍ ആരംഭിക്കേണ്ട ഡ്രെജ്ജിങ് നവംബറിലും തുടങ്ങാത്തതിനാല്‍ ഈ ആവശ്യം ഉന്നയിച്ച് ഞങ്ങള്‍ അധികൃതര്‍ക്ക് കത്തും നല്‍കിയിരുന്നു. ആഴക്കുറവ് തെളിയിക്കുന്ന വീഡിയോയും അയച്ചുകൊടുത്തു. ഇതൊന്നും മുഖവിലയ്ക്ക് എടുക്കാത്തതിന്റെ പരിണിതഫലമാണ് ഇപ്പോള്‍ അനുഭവിക്കുന്നത്.
പൊഴി അടഞ്ഞുകിടന്നപ്പോള്‍ ഏഴ് വര്‍ഷം മുന്‍പ് ദുരിതാശ്വാസ ക്യാമ്പിലേയ്ക്ക് പോയ അനുഭവമുണ്ട് ഞങ്ങള്‍ക്ക്. ആ അവസ്ഥ ഈ സര്‍ക്കാരിന്റെ ഭരണകാലത്ത് തന്നെയാണ് സംഭവിച്ചത്. ആ മഴക്കാലത്ത് ഈ പ്രദേശം മുഴുവന്‍ വെള്ളത്തിനടിയിലായി. രക്ഷാപ്രവര്‍ത്തനം പോലും നടത്താനാകാത്ത അവസ്ഥയുണ്ടായി. പൊഴി മുറിക്കാതിരുന്നാല്‍ എന്താണ് സംഭവിക്കുകയെന്ന് എല്ലാവര്‍ക്കും അറിയാം. ഇപ്പോള്‍ തന്നെ പലവീടുകളിലും വെള്ളം കയറിത്തുടങ്ങി. പക്ഷേ നിലവിലെ രീതിയില്‍ ഇപ്പോള്‍ പൊഴി മുറിക്കാന്‍ ആകില്ല. അങ്ങനെ ചെയ്താല്‍ ഇപ്പോള്‍ ഉള്ളതിലും ശക്തമായി പൊഴി മൂടും. അടിഞ്ഞുകൂടിയ മണ്ണ് 80 ശതമാനം എങ്കിലും നീക്കിയിട്ടേ പൊഴി മുറിക്കുന്ന കാര്യം ചിന്തിക്കാന്‍ പോലും സാധിക്കുകയുള്ളൂ.
പലിശയ്ക്കും ലോണായും ഒക്കെ പൈസ എടുത്താണ് പലരും നിക്ഷേപിച്ചിരിക്കുന്നത്. ഈ പ്രതിസന്ധി തുടര്‍ന്നാല്‍ ആയിരക്കണക്കിന് മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ പട്ടിണിയിലാകും. ബോട്ടുടമകള്‍ ആത്മഹത്യ ചെയ്യേണ്ടി വരും. ഡ്രെജ്ജിങ് ആരംഭിച്ച് അടിഞ്ഞുകൂടിയ മണല്‍ നീക്കം ചെയ്യുക എന്നതാണ് ഇപ്പോഴുള്ള മാര്‍ഗം. അതിന് പ്രാപ്തമായ ഡ്രജ്ജര്‍ കൊണ്ട് വരണം എന്നതാണ് ഞങ്ങളുടെ ആവശ്യം.

താത്കാലിക തൊഴില്‍സംവിധാനം എന്നതുകൊണ്ട് ഇവര്‍ എന്താണ് കരുതുന്നത്. ഞങ്ങളോട് വാര്‍ക്കപ്പണിക്ക് പോകാന്‍ ആണോ പറയുന്നത്. ഞങ്ങള്‍ക്ക് താത്കാലിക തൊഴില്‍സംവിധാനം ഉണ്ടാകണമെങ്കില്‍ കുടുങ്ങിക്കിടക്കുന്ന യാനങ്ങള്‍ പുറത്തെത്തണം. തൊഴിലുപകരണങ്ങള്‍ കുടുങ്ങിക്കിടക്കുമ്പോള്‍ എന്ത് താത്കാലിക ജോലി ചെയ്യാനാണ്. ചര്‍ച്ചകളില്‍ ഇക്കാര്യം ശക്തമായി ആവശ്യപ്പെട്ടിട്ടുണ്ട്. സമാശ്വാസ പദ്ധതി ഉണ്ടാക്കാം എന്ന് പറയുന്നതല്ലാതെ ഒന്നും നടപ്പിലാകുന്നില്ല', സജീബ്, എന്ന മത്സ്യത്തൊഴിലാളി പറഞ്ഞു.
താത്കാലിക തൊഴിലിടമെന്ന വാഗ്ദാനം, സ്തംഭനത്തിന് പിന്നാലെ പ്രതിഷേധം
വര്‍ഷങ്ങള്‍ക്കുശേഷമാണ് മുതലപ്പൊഴി പൂര്‍ണമായും മണലടിഞ്ഞ് പൊഴിമുഖം അടയുന്നത്. മത്സ്യബന്ധനം അവതാളത്തിലായതോടെ മത്സ്യത്തൊഴിലാളികള്‍ക്ക് താത്കാലിക തൊഴിലിടമൊരുക്കുമെന്ന വാഗ്ദാനം മുന്നോട്ട് വെച്ചെങ്കിലും അത് നടപ്പിലായില്ല. ഹാര്‍ബറിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും സ്തംഭിച്ചതോടെയാണ് പ്രതിഷേധസമരം ആരംഭിച്ചത്.
ഐഎന്‍ടിയുസി, സിഐടിയു ഉള്‍പ്പടെയുള്ള തൊഴിലാളി സംഘടനകള്‍ പ്രതിഷേധവുമായി രംത്തെത്തി. അഴിമുഖത്ത് തെങ്ങിന്‍തൈ നട്ടും മുദ്രാവാക്യങ്ങള്‍ വിളിച്ചുമായിരുന്നു കോണ്‍ഗ്രസ് പ്രതിഷേധം. മുതലപ്പൊഴി അഴിമുഖ ചാലില്‍ പട്ടിണിക്കഞ്ഞിയുണ്ടാക്കിയാണ് ബിജെപി പ്രതിഷേധസമരം നടത്തിയത്.
കഴിഞ്ഞ ഒരാഴ്ചയായി പ്രദേശത്ത് റോഡ് ഉപരോധമുള്‍പ്പെടെയുള്ള സമരം നടന്നുവരികയാണ്. ഫിഷറീസ് മന്ത്രി സജി ചെറിയാന്റെ ഔദ്യോഗികവസതിയിലേക്കും മത്സ്യത്തൊഴിലാളികള്‍ മാര്‍ച്ച് നടത്തി. മാര്‍ച്ച്, ഏപ്രില്‍ മാസത്തില്‍ അഴിമുഖത്ത് മണല്‍ അടിഞ്ഞുകൂടുമെന്നും അത് നീക്കാന്‍ ഡ്രെജ്ജിങ്ങും സോയില്‍ പൈപ്പിങ്ങും നടത്താന്‍ സ്ഥിരം സംവിധാനം ഒരുക്കണമെന്നും ആവശ്യപ്പെട്ട് ഇതിനുമുന്‍പും പ്രദേശത്ത് സമരങ്ങള്‍ നടന്നിരുന്നു. എന്നിട്ടും നടപടി ഒന്നും ഉണ്ടാകാത്തത് അധികൃതരുടെ ഭാഗത്തുനിന്നുള്ള ഗുരുതരവീഴ്ചയാണ് സംഭവിച്ചതെന്ന് പ്രവര്‍ത്തകര്‍ ആരോപിച്ചു.
മണല്‍ നീക്കാന്‍ അഴീക്കലില്‍നിന്ന് വലിയ ഡ്രെജ്ജര്‍ എത്തും
കണ്ണൂര്‍ അഴീക്കലില്‍ മാരിടൈം ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള വലിയ ഡ്രെജ്ജര്‍ മുതലപ്പൊഴിയില്‍ എത്തിക്കാനാണ് ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പിന്റെ തീരുമാനം. ഇതിനായി ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പ് ചീഫ് എന്‍ജിനീയര്‍ ഉള്‍പ്പെടെ അഴീക്കലില്‍ എത്തി ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു. അഴീക്കലില്‍ ട്രയല്‍ റണ്‍ നടത്തിയശേഷം ഡ്രെജ്ജര്‍ കടലിലൂടെ മുതലപ്പൊഴിയില്‍ എത്തിക്കാനാണ് ശ്രമം. ഒരാഴ്ചയ്ക്കുള്ളില്‍ ഡ്രെജ്ജറെത്തിച്ച് വന്‍തോതില്‍ മുതലപ്പൊഴിയില്‍ മണല്‍നീക്കം സാധ്യമാക്കുമെന്നാണ് വിലയിരുത്തല്‍.
മുതലപ്പൊഴി തുറമുഖത്ത് ഈ മണ്‍സൂണ്‍കാലം വരെ ഡ്രെജ്ജിങ് നടത്താന്‍ അദാനി ഗ്രൂപ്പുമായി നേരത്തേ സര്‍ക്കാര്‍ കരാറിലെത്തിയിരുന്നു. എന്നാല്‍ സെപ്റ്റംബറില്‍ മണല്‍നീക്കത്തിനുള്ള അടങ്കല്‍ നല്‍കിയെങ്കിലും തുക നല്‍കാന്‍ അദാനി ഗ്രൂപ്പ് തയ്യാറാകാത്തതാണ് ഡ്രെജ്ജിങ് മുടക്കിയത്. ഇപ്പോള്‍ അദാനി ഗ്രൂപ്പ് 2.05 കോടി രൂപ നല്‍കിയതോടെയാണ് ഡ്രെജ്ജിങ് വീണ്ടും ആരംഭിച്ചത്. പ്രധാന്‍മന്ത്രി മത്സ്യസമ്പദ് യോജനയില്‍നിന്ന് മുതലപ്പൊഴിയിലെ മണല്‍നീക്കത്തിന് നാലുകോടി അനുവദിച്ചിട്ടുണ്ട്.
പൊഴി മുറിക്കാന്‍ അനുവധിക്കാതെ മത്സ്യത്തൊഴിലാളികള്‍, പ്രതിഷേധം ശക്തം
പൊഴിമുഖത്തെ മണല്‍ നീക്കുന്നതുമായി ബന്ധപ്പെട്ട് മുതലപ്പൊഴിയില്‍ മത്സ്യതൊഴിലാളികളുടെ കനത്ത പ്രതിഷേധം തുടരുകയാണ്. മത്സ്യ തൊഴിലാളികളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് വ്യാഴാഴ്ച മുതലപ്പൊഴിയില്‍ ഡ്രെജ്ജിങ് ആരംഭിക്കാനായില്ല.
ഹാര്‍ബര്‍ എഞ്ചിനീയറിങ് വിഭാഗം മത്സ്യതൊഴിലാളികളുമായി നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടു. പൊഴി മുറിക്കാന്‍ എത്തിയ ഹാര്‍ബര്‍ എഞ്ചിനീയറിങ് വിഭാഗത്തെ മത്സ്യതൊഴിലാളികള്‍ തടയുക കൂടി ചെയ്തതോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥയുണ്ടായി.

മണല്‍ പൂര്‍ണമായും നീക്കം ചെയ്യാന്‍ ഇപ്പോഴുള്ള ഡ്രഡ്ജര്‍ മതിയാകാത്തതിനാല്‍ വലിയ ഡ്രെജ്ജര്‍ 10 ദിവസത്തിനുള്ളില്‍ കൊണ്ട് വരുമെന്ന് ഹാര്‍ബര്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അനില്‍കുമാര്‍ മത്സ്യതൊഴിലാളികളെ അറിയിച്ചു. മത്സ്യത്തൊഴിലാളികള്‍ക്ക് പറയാനുള്ളത് കേള്‍ക്കുമെന്നും അതിന് ശേഷം മാത്രമേ പൊഴി മുറിക്കുന്നതില്‍ തീരുമാനം എടുക്കൂ എന്നുംഅനില്‍കുമാര്‍ പ്രതികരിച്ചു. പൊഴി മുറിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് സമരസമിതിയോട് സംസാരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഡ്രെജ്ജിങ് സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും ആവശ്യത്തിന് വീതിയും ആഴവുമിട്ടുകാണ്ട് വലിയ വള്ളങ്ങള്‍ക്ക് പോകാവുന്ന വിധത്തില്‍ മാത്രമേ പൊഴി മുറിക്കൂ എന്നും അദ്ദേഹം അറിയിച്ചു.നാല് ദിവസത്തിനുള്ളില്‍ പൊഴി മുറിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ഹാര്‍ബര്‍ എഞ്ചിനീയറിങ് വിഭാഗത്തിന്റെ നിര്‍ദേശം മത്സ്യതൊഴിലാളികള്‍ അംഗീകരിച്ചിട്ടില്ല. മണല്‍ പൂര്‍ണമായും നീക്കിയ ശേഷം മാത്രം പൊഴി മുറിച്ചാല്‍ മതിയെന്നാണ് മത്സ്യ തൊഴിലാളികള്‍ പറയുന്നത്. പ്രശ്‌നം പരിഹരിക്കാന്‍ മന്ത്രി സജി ചെറിയാന്‍ നേരിട്ട് വന്ന് ചര്‍ച്ച നടത്തണമെന്നാണ് മത്സ്യതൊഴിലാളികളുടെ ആവശ്യം.
മുതലപ്പൊഴിയിലെ മണല്‍ നീക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രി സജി ചെറിയാന്‍ മത്സ്യതൊഴിലാളി സംഘടനാ പ്രതിനിധികളുമായി കഴിഞ്ഞദിവസം ചര്‍ച്ച നടത്തിയിരുന്നു.യുദ്ധകാലാടിസ്ഥാനത്തില്‍ മുതലപ്പൊഴിയിലെ മണല്‍ നീക്കുമെന്നാണ് യോഗത്തില്‍ മന്ത്രി അറിയിച്ചത്. പൊഴി അടഞ്ഞത് മൂലം മത്സ്യബന്ധനത്തിന് പോകാന്‍ കഴിയാതെ തൊഴില്‍ നഷ്ടപ്പെടുന്ന സാഹചര്യത്തില്‍ മത്സ്യതൊഴിലാളികള്‍ക്ക് ധന സഹായം നല്‍കുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു.
Content Highlights: muthalapozhi harbour issue
Published: 17 Apr 2025, 03:46 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented