
പ്രതീകാത്മക ചിത്രം |ഫോട്ടോ:മാതൃഭൂമി
കോഴിക്കോട്:തദ്ദേശ തിരഞ്ഞെടുപ്പിനെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പുള്ള സെമി ഫൈനലായി കണ്ട് മുന്നൊരുക്കങ്ങള്‍ അതിവേഗം പൂര്‍ത്തിയാക്കുകയാണ് മുസ്ലീം ലീഗ്. വോട്ടര്‍ പട്ടികയില്‍ വീണ്ടും പേര് ചേര്‍ക്കാനുള്ള അവസരം പാര്‍ട്ടി വോട്ടുകള്‍ ഉറപ്പാക്കാനുള്ള മികച്ച അവസരമായി കണ്ട് വിട്ടുപോയരെ കണ്ടെത്തുകയാണ് പ്രദേശിക തലത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍. കോണ്‍ഗ്രസുമായി സഹകരിച്ച് തര്‍ക്കങ്ങളില്ലാത്ത വിധം സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്താനുള്ള ചര്‍ച്ചകളും വാര്‍ഡ് തലത്തില്‍ തുടങ്ങിക്കഴിഞ്ഞു. അതേ സമയം നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ കോണ്‍ഗ്രസ് എടുക്കുന്ന പല നിലപാടുകളോടും ലീഗിന് വിയോജിപ്പുണ്ട്. ഇക്കാര്യം കോണ്‍ഗ്രസ് നേതാക്കളെ അറിയിക്കാനും വിയോജിപ്പ് ചര്‍ച്ച ചെയ്യാനുമാണ് ലീഗ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം.
പ്രതിഷേധത്തിന് ശക്തി പോരാ
തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിട്ടും ഭരണവിരുദ്ധ വികാരം ശക്തമായി പ്രതിഫലിപ്പിക്കാന്‍ നിലവിലെ കോണ്‍ഗ്രസ് നേതൃത്വത്തിന് കഴിയുന്നില്ലെന്നാണ് ലീഗ് നേതൃത്വത്തിന്റെ പൊതുവായ വിലയിരുത്തല്‍. ഓരേ വിഷയത്തില്‍ കോണ്‍ഗ്രസിലെ നേതാക്കള്‍ വിഭിന്ന അഭിപ്രായം പ്രകടിപ്പിക്കുന്നത് സംഘടനാ ദൗര്‍ബല്യമായി പൊതുജനം വിലയിരുത്തുന്നുണ്ട്. കോണ്‍ഗ്രസിലെ ഗ്രൂപ്പിസം ഏകോപനമില്ലായ്മയും മുന്നണി സംവിധാനത്തെ ബാധിക്കുന്നുണ്ടെന്നും ലീഗ് വിലയിരുത്തുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പ് കോണ്‍ഗ്രസ് നേതൃത്വത്തെ കണ്ട് സാഹചര്യം വിശദീകരിക്കാനാണ് ലീഗ് നേതാക്കളുടെ തീരുമാനം.
ചേരിതിരിഞ്ഞുള്ള മത്സരം ഒഴിവാക്കും
മലപ്പുറം ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ മുന്‍കാലങ്ങളിലെപോലെ സീറ്റ് വിഭജന പ്രശ്‌നങ്ങളില്‍ കുടുങ്ങി ലീഗ്-കോണ്‍ഗ്രസ് മത്സരം വരുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ കഠിന പരിശ്രമങ്ങള്‍ വാര്‍ഡുതലങ്ങളില്‍ നടക്കുന്നുണ്ട്. അതിന് മുന്നോടിയായി ചര്‍ച്ചകളും തുടങ്ങിക്കഴിഞ്ഞു. ഓരോ പഞ്ചായത്തിലും ലീഗിന്റേയും കോണ്‍ഗ്രസിന്റേയും സ്വാധീനം പരിശോധിച്ച് സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ച് പരസ്പരം സഹകരിച്ച് യുഡിഎഫ് ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നാണ് ലീഗ് നേതാക്കള്‍ പറയുന്നത്. പഞ്ചായത്ത് കമ്മിറ്റി ചെയര്‍മാന്റെ മേല്‍നോട്ടത്തില്‍ വാര്‍ഡ് തലത്തില്‍ തന്നെ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കും. ബ്ലോക്ക് പഞ്ചായത്തിലേക്കും ജില്ലാ പഞ്ചായത്തിലേക്കുമുള്ള സ്ഥാനാര്‍ത്ഥികളെ നിയോജക മണ്ഡലം കമ്മിറ്റിയുടേയും പഞ്ചായത്ത് കമ്മിറ്റികളുടേയും അഭിപ്രായം പരിഗണിച്ച് ജില്ലാ കമ്മിറ്റിയും തീരുമാനിക്കും.
തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒരാള്‍ക്ക് പരമാവധി മൂന്ന് ടേം എന്ന നിബന്ധന മുസ്ലിംലീഗ് തുടരുമെന്നാണ് സൂചന. ഇക്കാര്യത്തില്‍ മുതിര്‍ന്ന നേതാക്കള്‍ ധാരണയിലെത്തിയതായും വിവരമുണ്ട്. തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാന്‍ 14 ജില്ലകളിലും പാര്‍ട്ടി നിയമിച്ച മൂന്നംഗ സമിതിയുടെ പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്. യുവാക്കള്‍ക്കും പരിചയ സമ്പന്നര്‍ക്കും ഒരുപോലെ പ്രാതിനിധ്യം നല്‍കുന്ന സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കുമെന്നാണ് മുസ്ലീം ലീഗ് നേതാക്കള്‍ പറയുന്നത്. കാസര്‍ക്കോട് ഉള്‍പ്പടെ ലീഗിന് ഭരണമുള്ളതും സിപിഎം ബിജെപി ബാന്ധവം ഉണ്ടാവാന്‍ സാധ്യതയുള്ളതുമായ പഞ്ചായത്തുകളില്‍ അട്ടിമറി തടയാനുള്ള മുന്നൊരുക്കങ്ങളും നടക്കുന്നുണ്ടെന്നും നേതാക്കള്‍ പറയുന്നു. വെല്‍ഫെയര്‍ പാര്‍ട്ടി പിന്തുണ പല സ്ഥലങ്ങളിലും നേട്ടമുണ്ടാക്കാന്‍ സഹായിക്കുമെന്നതിനാല്‍ അവരുമായുള്ള സഹകരണവും തുടരും.
25 വീടുകള്‍ ചേര്‍ന്ന് ഒരു ക്ലസ്റ്റര്‍
വാര്‍ഡുകള്‍ പുനര്‍നിര്‍ണയിച്ചതിന്റെ അടിസ്ഥാനത്തില്‍ വാര്‍ഡ് കമ്മിറ്റികള്‍ ലീഗ് പുനസംഘടിപ്പിച്ചിട്ടുണ്ട്. പ്രദേശികതലങ്ങളിലെ ഇടപെടല്‍ കാര്യക്ഷമമാക്കാന്‍ ഓരോ വാര്‍ഡിലും 25 വീടുകള്‍ ചേര്‍ത്ത് ഒരു ക്ലസ്റ്റര്‍ രൂപീകരിക്കുകയും നേതാക്കള്‍ക്ക് ക്ലസ്റ്ററിന്റെ ചുമതല നല്‍കുകയും ചെയ്തിട്ടുണ്ട്.നിലവില്‍ ഭരിക്കുന്ന പഞ്ചായത്തുകളില്‍ വികസന മുന്നേറ്റ ജാഥയും ഭരണമില്ലാത്ത സ്ഥലങ്ങളില്‍ വികസന മുരടിപ്പ് യാത്രയും നടത്തുന്നുണ്ട്. ഈ യാത്രകള്‍ പൂര്‍ത്തിയാവുന്നതോടെ എല്‍ഡിഎഫിന്റെ വികസന മുരടിപ്പ് ജനങ്ങളിലെത്തുമെന്നും യുഡിഎഫിന് സ്വീകാര്യത ലഭിക്കുമെന്നുമാണ് കണക്കുകൂട്ടല്‍. തദ്ദേശ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിക്കൊണ്ടുള്ള ജില്ല തല യോഗങ്ങളും ലീഗ് പൂര്‍ത്തിയാക്കിയിട്ടുണ്ട്.
Content Highlights: League's Strategic Countdown: Prepping for Local Elections as a Key UDF Test
Published: 07 Oct 2025, 05:09 pm IST
ABOUT THE AUTHOR

രാജി പുതുക്കുടി
rajiputhukkudi@mpp.co.inRelated Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented