
തൃശ്ശൂർ: അപൂർവ ജനിതക രോഗമായ മസ്കുലാർ ഡിസ്ട്രോഫി ബാധിച്ച് കസേരയിൽ ഇരിക്കാൻ പോലും പ്രയാസപ്പെടുന്ന തൃശ്ശൂർ തളിക്കുളത്തെ അനീഷ അഷ്റഫിന് (32) പത്താംതരം തുല്യതാ പരീക്ഷ വീട്ടിലിരുന്ന് എഴുതാൻ പ്രത്യേക അനുമതി നൽകി പൊതു വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. ഈ വിഷയം ഒരു പ്രത്യേക കേസായി പരിഗണിച്ചാണ് അനുമതി നൽകിയതെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
പേശികൾ ക്രമേണ നശിക്കുന്ന മസ്കുലാർ ഡിസ്ട്രോഫി എന്ന അപൂർവ്വ ജനിതക രോഗമാണ് അനീഷ അഷ്റഫിനെ ബാധിച്ചിട്ടുള്ളത്. എട്ടാം വയസ്സിലാണ് ഇവർക്ക് രോഗം പിടിപെട്ടത്. 11 വയസ്സായപ്പോഴേക്കും നടക്കാൻ കഴിയാതെ വന്നതിനാൽ പഠനം ഉപേക്ഷിക്കേണ്ടി വരികയായിരുന്നു.
പത്താംതരം തുല്യതാ പരീക്ഷ വീട്ടിലിരുന്ന് എഴുതാൻ അനുവദിക്കണമെന്ന അനീഷയുടെ അപേക്ഷ സർക്കാർ വിശദമായി പരിശോധിച്ചാണ് തീരുമാനമെടുത്തത്. ജില്ലാ സാമൂഹ്യനീതി ഓഫീസറുടെ റിപ്പോർട്ടിന്റെയും സംസ്ഥാന ഭിന്നശേഷിക്കാർക്കായുള്ള കമ്മീഷണറുടെ ശുപാർശയുടെയും അടിസ്ഥാനത്തിലായിരുന്നു ഈ പരിശോധന. പരീക്ഷാഭവൻ നടത്തുന്ന പത്താംതരം തുല്യതാ പരീക്ഷയുടെ രഹസ്യ സ്വഭാവവും വിശ്വാസ്യതയും ഉറപ്പുവരുത്തിക്കൊണ്ടാണ് ഈ ഇളവ് അനുവദിച്ചിട്ടുള്ളത്. പരീക്ഷാർത്ഥിയുടെ സൗകര്യത്തിനായി വീട്ടിലെ ഒരു മുറി സ്കൂൾ പരീക്ഷാ ഹാളിന് സമാനമായി സജ്ജീകരിക്കണം. പ്രസ്തുത മുറിയിൽ വിദ്യാർത്ഥിയും ഇൻവിജിലേറ്ററും മാത്രമേ ഉണ്ടാകാവൂ. പരീക്ഷാ നടപടിക്രമങ്ങൾ പൂർത്തിയാക്കി പരീക്ഷാ പേപ്പർ ഉൾപ്പെടെയുള്ളവ അധികാരികളെ ഏൽപ്പിക്കേണ്ട ഉത്തരവാദിത്വം ഇൻവിജിലേറ്റർക്കായിരിക്കും.
പരീക്ഷാ നടപടികൾ പൂർത്തിയാകുന്നതുവരെ പരീക്ഷയുടെ രഹസ്യ സ്വഭാവം കർശനമായി പാലിക്കണം. പരീക്ഷാ നടത്തിപ്പിന് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും പരീക്ഷാഭവൻ സെക്രട്ടറി ഏർപ്പെടുത്തേണ്ടതും വിവരം വിദ്യാർത്ഥിയെ അറിയിക്കേണ്ടതുമാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു. ഭിന്നശേഷിക്കാരായവരുടെ വിദ്യാഭ്യാസ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും, അനീഷ അഷ്റഫിന്റെ ഇച്ഛാശക്തി മറ്റ് വിദ്യാർത്ഥികൾക്ക് പ്രചോദനമാകുമെന്നും മന്ത്രി പറഞ്ഞു.
അനീഷയുടെ ഇച്ഛാശക്തിക്ക് ലഭിക്കുന്ന രണ്ടാമത്തെ പ്രധാന അംഗീകാരമാണിത്. 2023-ൽ ഇവർക്ക് ഏഴാം ക്ലാസ്സ് തുല്യതാ പരീക്ഷ വീട്ടിലിരുന്ന് എഴുതാൻ സാക്ഷരതാമിഷൻ പ്രത്യേക അനുമതി നൽകുകയും ആ പരീക്ഷയിൽ വിജയിക്കുകയും ചെയ്തിരുന്നു. കൂടാതെ, 2021-ലെ ലോക ഭിന്നശേഷി ദിനത്തിൽ സാമൂഹ്യനീതി വകുപ്പ് നടത്തിയ 'ഉണർവ്വ്' എന്ന ഓൺലൈൻ മത്സരത്തിൽ അനീഷ എഴുതിയ കഥയ്ക്ക് തൃശ്ശൂർ ജില്ലയിൽ ഒന്നാം സമ്മാനം ലഭിച്ചിട്ടുണ്ട്. 2023-ലെ മികച്ച ഭിന്നശേഷിക്കാരിയായ മാതൃകാ വ്യക്തി എന്ന വിഭാഗത്തിൽ സംസ്ഥാന ഭിന്നശേഷി അവാർഡും ലഭിച്ചിട്ടുണ്ട്.
Content Highlights: Anisha Ashrafi, with muscular dystrophy, receives special permission to take her 10th-grade equivalency exam at home, showcasing government commitment to disabled education rights.
Published: 06 Nov 2025, 04:51 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented