കൊച്ചി: മുനമ്പം ഭൂമിപ്രശ്നത്തിൽ നടത്തുന്ന സമരം അവസാനിപ്പിക്കുന്നതിനെ ചൊല്ലി ഭിന്നത. റവന്യൂ അവകാശത്തിനായി ഭൂസംരക്ഷണസമിതി നടത്തിവന്ന നിരാഹാരസമരം 414-ാം ദിവസമായ ഞായറാഴ്ച അവസാനിപ്പിക്കാൻ തീരുമാനിച്ചെങ്കിലും ഒരു വിഭാഗം സമരപന്തൽ വിട്ട് പുതിയ സമരത്തിന് തുടക്കം കുറിച്ചു. അതേസമയം ഔദ്യോഗിക പക്ഷം സമരം അവസാനിപ്പിക്കാനുള്ള തീരുമാനവുമായി മുന്നോട്ടുപോകുകയാണ്.

To advertise here,

കോടതിയുടെ താത്കാലിക ഉത്തരവ് മുഖേന കരമടയ്ക്കാനുള്ള അവകാശം സ്ഥാപിച്ചുകിട്ടുകയും പോക്കുവരവ് നടത്താൻ നടപടികൾ സ്വീകരിക്കാമെന്ന് നിയമ മന്ത്രി ഉറപ്പ് നൽകുകയും ചെയ്ത സാഹചര്യത്തിലാണ് ഭൂസംരക്ഷണസമിതി സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. ഔദ്യോഗിക പ്രഖ്യാപനം  നടത്താനിരിക്കെയാണ് സമരസമിതിയിൽ ഭിന്നത രൂപപ്പെട്ടത്.

ഇതിനെ എതിർക്കുന്നവർ മുനമ്പം സമരസമിതി എന്ന പുതിയ സംഘടന രൂപവത്കരിച്ച് അനിശ്ചിതകാലസമരം ആരംഭിക്കുകയായിരുന്നു. സമ്പൂർണ റവന്യൂ അവകാശങ്ങൾ പുനഃസ്ഥാപിക്കപ്പെടുംവരെ സമരം തുടരുമെന്ന് കഴിഞ്ഞദിവസംവരെ പറഞ്ഞിരുന്ന ഭൂസംരക്ഷണ സമിതി ഇപ്പോൾ സമരം അവസാനിപ്പിക്കുന്നതിലെ യുക്തി മനസ്സിലാകുന്നില്ലെന്ന് മുനമ്പം സമരസമിതി നേതൃത്വം പറയുന്നു. കരം അടയ്ക്കാൻ കഴിയുന്നത് സമ്പൂർണ റവന്യൂ അവകാശം അല്ലെന്നും സംഘടനാ പ്രസിഡന്റ് അഡ്വ. റോയ് കുരിശിങ്കൽ ചൂണ്ടിക്കാട്ടുന്നു. മുനമ്പം സമരക്കാർക്കിടയിൽ ഭിന്നത ഇല്ലെന്നും ആദ്യം മുതൽ സമരം ചെയ്യുന്നവരാണ് ഇപ്പോഴും ഉള്ളതെന്നും റോയ് പറഞ്ഞു.

ഇതിനിടെ മന്ത്രിമാരായ പി.രാജീവും കെ.രാജനും സമരപ്പന്തലിലെത്തി നാരങ്ങനീര് നൽകി സമരം അവസാനിപ്പിച്ചു. ഇതുവരെ സമരം ചെയ്തിരുന്ന സമരസമിതി താത്കാലികമായി സമരം അവസാനിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നും സർക്കാരിന്റെ നയം ഇവരെ ആരെയും ഇറക്കിവിടാൻ അനുവദിക്കില്ലെന്നതാണെന്നും മന്ത്രി പി രാജീവ് പറഞ്ഞു. നിയമപരമായ അവകാശം സംരക്ഷിക്കാൻ നിയമപരമായി ചെയ്യാൻ സാധിക്കുന്നതെല്ലാം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.