കോഴിക്കോട്: തന്റെ പേരാണ് എലത്തൂരിന് അയോഗ്യത എന്ന് പറയുന്നത് ശരിയല്ലെന്ന് എൻസിപി ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദ്. പൊതുസമൂഹം ശശീന്ദ്രൻ മത്സരിക്കരുത് എന്ന പൊതുവികാരത്തിലാണ്. അത് മനസ്സിലാക്കിയാണ് ജില്ലാ കമ്മിറ്റി ഏകകണ്ഠേന യോഗം ചേർന്ന് അദ്ദേഹം ഇത്തവണ മത്സരിക്കരുത് എന്ന പ്രമേയം പാസാക്കിയത്. തങ്ങളെല്ലാവരും പ്രതീക്ഷിച്ചത് ജില്ലാ കമ്മിറ്റിയുടെ വികാരം മാനിച്ച് തീരുമാനം വരുമെന്നാണ്. എന്നാൽ മറിച്ച് ഒരു തീരുമാനം വന്നത് വേദനാജനകമാണെന്നും അദ്ദേഹം പറഞ്ഞു.

To advertise here,

എകെ ശശീന്ദ്രന്റെ കൂടെ തന്റെ പേരും കൊടുത്തിരുന്നു. പി.സി. ചാക്കോ ഉൾപ്പെടെ അതിൽ നല്ല അഭിപ്രായം പറഞ്ഞിരുന്നു. കഴിഞ്ഞ ഒരു വർഷമായി അദ്ദേഹം നിയോജകമണ്ഡലത്തിൽ നടത്തിയ പ്രവർത്തനം ഒരു സെക്യുലർ പാർട്ടിക്ക് യോജിച്ചതായിരുന്നില്ല. താൻ സ്ഥാനാർഥിയാവാൻ കൊള്ളില്ല, കഴിവില്ലാത്തവനാണ് എന്നൊക്കെ പറയാം. എന്നാൽ തന്‍റെ പേര് നിയോജക മണ്ഡലത്തിന് യോജിച്ചതല്ല എന്ന തരത്തിലുള്ള പ്രചാരണമാണ് അദ്ദേഹം നടത്തിയത്. മതപരമായ ഒരു ചിന്തയുമില്ലാത്ത മണ്ഡലമാണ് എലത്തൂർ. അങ്ങനെയുള്ള ഒരു മണ്ഡലത്തിലാണ് ഇത്തരം പ്രവർത്തനങ്ങൾ കൊണ്ടുവരാൻ ചിലർ ശ്രമിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അധികാരത്തോട് ഇത്ര ആർത്തി ഉണ്ടാവാൻ പാടില്ല. അത് ഒരു മതേതര ചിന്തയുള്ള സമൂഹത്തിന് യോജിച്ചതല്ല. അധികാരത്തിലേക്കെത്താൻ ഇത്രയും വൃത്തികെട്ട വഴികൾ സ്വീകരിക്കാൻ പാടില്ല. ഇത്രയും വർഷമായി, ഇത്രയും പ്രായമായി, ഇനി മാറാൻ സമയമായി എന്നേ ഞങ്ങൾ പറഞ്ഞുള്ളൂ. മാറിത്തരുമെന്ന് പറഞ്ഞതാണ്. അതിന്‍റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന്‍റെ എല്ലാ കാര്യങ്ങൾക്കും ഞങ്ങൾ പിന്തുണ നൽകിയത്. എന്നാൽ വാക്ക് പാലിച്ചില്ലെന്നും മുക്കം മുഹമ്മദ് പറഞ്ഞു.