
കോഴിക്കോട്: എഴുത്തുകാരനും പ്രഭാഷകനും പരിസ്ഥിതി, രാഷ്ട്രീയ, സാമൂഹിക പ്രവർത്തകനും മാതൃഭൂമി മുൻ ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.പി. വീരേന്ദ്രകുമാർ എന്ന ബഹുമുഖപ്രതിഭയുടെ ധന്യസ്മരണകൾ ഒരിക്കൽക്കൂടി തിളങ്ങിനിന്ന വേദിയിൽ പ്രഥമ എം.പി. വീരേന്ദ്രകുമാർ മെമ്മോറിയൽ നാഷണൽ തോട്ട് ലീഡർഷിപ്പ് പുരസ്കാരം പരിസ്ഥിതി-സാമൂഹിക പ്രവർത്തകനും അപ്പിക്കോ പ്രസ്ഥാനത്തിന്റെ സ്ഥാപകനുമായ പാണ്ഡുരംഗ ഹെഗ്ഡെയ്ക്ക് സമർപ്പിച്ചു. അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങിയ പുരസ്കാരം പരിസ്ഥിതി-ജലസംരക്ഷണ പ്രവർത്തകനായ രാജേന്ദ്രസിങ്ങാണ് സമ്മാനിച്ചത്.
അടിയന്തരാവസ്ഥക്കാലത്തെ മാധ്യമപ്രവർത്തന സ്വാതന്ത്ര്യം ഭരണഘടനയുടെ സഹായത്തോടെ എം.പി. വീരേന്ദ്ര കുമാർ ഉയർത്തിപ്പിടിച്ചുവെന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ മുതിർന്ന മാധ്യമപ്രവർത്തകൻ എൻ. റാം പറഞ്ഞു. റാം മനോഹർ ലോഹ്യയുടെയുടെ ജയപ്രകാശൻ നാരായണന്റെയും എ.കെ.ജിയുടെയും ആദർശങ്ങളാണ് വീരേന്ദ്രകുമാറിന് പ്രചോദനമായത്.
മാതൃഭൂമിയുടെ നവോത്ഥാനത്തിനു പിന്നിലെ ബഹുമുഖ പ്രതിഭയായിരുന്നു വീരേന്ദ്രകുമാർ. ഇന്ത്യൻ മാധ്യമപ്രവർത്തന മേഖലയിൽ അദ്ദേഹം നിർണായക സാന്നിധ്യമായി മാറി. നവീന സാങ്കേതികവിദ്യകൾ പത്രസ്ഥാപനത്തിൽ കൊണ്ടുവന്നു. മാതൃഭൂമിയെ രണ്ട് എഡിഷനിൽനിന്നു 14 എഡിഷനിലേക്കു ഉയർത്തിക്കൊണ്ടുവന്നത് അദ്ദേഹത്തിലെ മാനേജ്മെന്റ് വിദഗ്ധനാണ്.
ആവിഷ്കാര സ്വാതന്ത്ര്യത്തിലും സ്വതന്ത്ര പത്രപ്രവർത്തനത്തിലും വിശ്വസിച്ചിരുന്ന വീരേന്ദ്രകുമാറിനെയാണ് എനിക്കറിയുക. മാധ്യമപ്രവർത്തനത്തിന്റെ മൂല്യമെന്നത് ജനാധിപത്യ നിർമിതിയാണ്. മാധ്യമപ്രവർത്തനത്തെക്കുറിച്ച് ധാരാളം പുസ്തകങൾ ഇന്നിറങ്ങുന്നുണ്ട്. മാധ്യമ സ്വാതന്ത്ര്യത്തിനു വേണ്ടി അദ്ദേഹം നിലകൊണ്ടു. പാർശ്വപ്രേരണകളോ പത്രമാധ്യമ സ്ഥാപനത്തിന്റെ സാമ്പത്തിക അസ്ഥിരതയോ അദ്ദേഹത്തിന്റെ നിലപാടുകളെ സ്വാധീനിച്ചില്ല. പ്രകൃതിക്കും പരിസ്ഥിതിക്കും വേണ്ടി നിലകൊണ്ടു. കാലത്തിനനുസരിച്ച് തന്റെ മാധ്യമ ശൃംഖലയെ നവീകരിച്ചു. ജേണലിസത്തെ ജനാധിപത്യ നിർമിതിയാക്കാൻ അദ്ദേഹത്തിന്ന് കഴിഞ്ഞു.
1823 ജേണലിസ്റ്റുകൾ കൊല്ലപ്പെട്ട നാടാണ് ഇന്ത്യ. കർമനിരതരായിരിക്കേ കൊല്ലപ്പെടുന്ന ജേണലിസ്റ്റുകളുടെ എണ്ണം കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ നേരെ ഇരട്ടിയായിരിക്കുകയാണ്. പലവിധ കേസുകളിൽ പെടുത്തി തടവിലാക്കപ്പെടുന്ന ജേണലിസ്റ്റുകളുടെ എണ്ണം അനവധിയാണ്. അടിയന്തരാവസ്ഥക്കാലത്ത് 21 മാസം തടവുശിക്ഷയനുഭവിക്കുകയും ഇന്ത്യൻ ജനാധിപത്യമൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് രാഷ്ട്രീയമായി പോരാടുകയും ചെയ്തു വീരേന്ദ്രകുമാർ- റാം അനുസ്മരിച്ചു
പ്ലാച്ചിമടയിൽ സംയുക്ത വിപ്ലവം നടത്തിയ ആദ്യത്തെ വ്യക്തിയാണ് എം.പി വീരേന്ദ്രകുമാറെന്ന് പുരസ്കാര സമർപ്പണം നടത്തിയ പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ രാജേന്ദ്ര സിംഗ് പറഞ്ഞു. പ്രകൃതിയും രാഷ്ട്രീയവും രണ്ട് ധ്രുവങ്ങളാണെന്നിരിക്കേ രണ്ടിനെയും സമന്വയിപ്പിച്ച് കൊണ്ടുപോകാൻ അദ്ദേഹത്തിന് കഴിഞ്ഞു. വീരേന്ദ്രകുമാർ ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ നടക്കുന്ന പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയേനെ. ഈ ദുഷിച്ച കാലത്ത് മനുഷ്യർ പ്രകൃതിയെ ചൂഷണം ചെയ്യുകയാണ്. യഥാർഥ കൊള്ളക്കാർ ചമ്പലിൽ അല്ല ഉള്ളത്, ഡൽഹിയിലാണ്. അദ്ദേഹം പറഞ്ഞു.
എം.പി വീരേന്ദ്രകുമാറിന്റെ പേരിലുള്ള പ്രഥമ പുരസ്കാരം സാധാരണ ഒരു മനുഷ്യനായ തനിക്കു ലഭിച്ചതിൽ അഭിമാനമുണ്ടെന്ന് പുരസ്കാരം ഏറ്റുവാങ്ങിയ പാണ്ഡുരംഗ ഹെഗ്ഡെ പ്രതികരിച്ചു. പശ്ചിമഘട്ടത്തെ പരിപൂർണമായും ഉപേക്ഷിക്കപ്പെടുന്ന ഘട്ടത്തിലാണ് അപികോ പ്രസ്ഥാനവുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചത്. ദേശവിരുദ്ധത, വികസനവിരുദ്ധത എന്ന് പറഞ്ഞ് ആക്ഷേപിച്ചവരുണ്ട്. പക്ഷേ ഇന്നത് അംഗീകരിക്കപ്പെട്ടിരിക്കുന്നു. നവോത്ഥാനം പ്രാവർത്തികമാവുന്നത് അങ്ങനെയാണ്. പാരിസ്ഥിതിക മാറ്റമുണ്ടാക്കാൻ ആറു വർഷമായിരുന്നു അപികോ മൂവ്മെന്റ് എടുത്തത്.
നമ്മുടെ 98 ശതമാനം പുഴകളും മലിനമാണ്. മലിനജലം കാരണം ലോകമൊട്ടാകെ 503 കുട്ടികൾ ദിനംപ്രതി മരിക്കുന്നു. വിർച്ച്വൽ റിയാലിറ്റിയാണ് യഥാർഥമെന്ന് നമ്മൾ ചിന്തിക്കുന്നു. ജീവിതശൈലി നിർണായകമായിരിക്കുന്നു നമ്മൾക്ക്. രാജസ്ഥാനിലെ ബിഷ്ണോയ് സമൂഹം മരങ്ങളെ സംരക്ഷിക്കുന്ന വിധം എന്നിൽ പ്രചോദനമുളവാക്കി. 1923-ൽ സ്വാതന്ത്യ പ്രസ്ഥാനത്തിന്റെ ഭാഗമായി തുടങ്ങിയ മാതൃഭൂമിയുടെ ആശയവും വ്യത്യസ്തമല്ല എന്നതിൽ സന്തോഷമുണ്ട്.
മണ്ണ് കീടനാശിനികളാൽ മലിനമാണ്. ധാരാളം ചെറുജീവികൾ ഇല്ലാതാവുന്നു. പ്രകൃതി മൂലധനമായ വെള്ളവും വായുവും നമ്മൾ വിൽക്കുന്നു. ഭൂമിക്കുവേണ്ടി സമരം ചെയ്യുന്നവർക്ക് മാധ്യമങ്ങൾ അർഹമായ സ്ഥാനം നൽകണം എന്നാണ് അഭ്യർഥന. ഈ പുരസ്കാരം വ്യക്തിനേട്ടമല്ല. പശ്ചിമഘട്ട സംരക്ഷണത്തിനായി കഴിഞ്ഞ 40 വർഷമായി പോരാടിക്കൊണ്ടിരിക്കുന്ന എല്ലാവർക്കുമുള്ളതാണ്. വീരേന്ദ്രകുമാറിന്റെ പൈതൃകം കാത്തുസൂക്ഷിക്കാൻ കൂടി ബാധ്യസ്ഥനാണ് ഈ പുരസ്കാരം ഏറ്റുവാങ്ങുന്നതിലൂടെ ഞാൻ- അദ്ദേഹം പറഞ്ഞു.
എം.പി.വീരേന്ദ്രകുമാർ ഇല്ലാത്ത അഞ്ചു വർഷം കടന്നുപോയെന്ന് ചിന്തിക്കാനാവില്ലെന്ന് അധ്യക്ഷത വഹിച്ച മാതൃഭൂമി ചെയർമാനും മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രൻ പറഞ്ഞു. ഞങ്ങൾ തമ്മിലുള്ള ഗാഢബന്ധത്തിന്റെ കേന്ദ്രബിന്ദു മാതൃഭൂമിയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
പ്രകൃതി, പരിസ്ഥിതി മേഖലകളിൽ ദീർഘവീക്ഷണമുള്ളയാളായിരുന്നു എം.പി. വീരേന്ദ്രകുമാറെന്ന് ആമുഖപ്രഭാഷണം നടത്തിയ മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.വി. ശ്രേയാംസ് കുമാർ പറഞ്ഞു. ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യം എങ്ങനെയായിത്തീരുമെന്ന് അദ്ദേഹം മുൻകൂട്ടി കണ്ടിരുന്നു. ശബ്ദമില്ലാത്തവരുടെ ശബ്ദമാവാൻ കഴിയുക എന്നതാണ് മാധ്യമങ്ങളുടെ ധർമം എന്ന് അദ്ദേഹം ഓർമിപ്പിച്ചു. അദ്ദേഹത്തിന്റെ പേരിലുള്ള പ്രഥമ പുരസ്കാരം അർഹമായ കൈകളിൽ തന്നെ എത്തിയതിൽ അഭിമാനമുണ്ട്. ശ്രേയാംസ് കുമാർ പറഞ്ഞു
മാതൃഭൂമി ഡയറക്ടർ ഓപ്പറേഷൻസ് എം.എസ്. ദേവിക പ്രശസ്തിപത്രം വായിച്ചു. ഡയറക്ടർ ഡിജിറ്റൽ ബിസിനസ് എം.എസ്. മയൂര സ്വാഗതവും ജോയിന്റ് മാനേജിങ് എഡിറ്റർ പി.വി. നിധീഷ് നന്ദിയും പറഞ്ഞു.
Content Highlights: MP Veerendra Kumar`s 5th Death Anniversary
Published: 28 May 2025, 11:35 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented