കല്പറ്റ: സിപിഎം നിയന്ത്രണത്തിലുണ്ടായിരുന്ന ബ്രഹ്മഗിരി ഡിവലപ്മെന്റ് സൊസൈറ്റിയിൽ കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണവുമായി മുൻ ജീവനക്കാരനും നിക്ഷേപകനുമായ മാട്ടിൽ നൗഷാദ്. 2021 ഡിസംബർ രണ്ടിന് കോഴിക്കോട്ടുനിന്ന് കെട്ടുകളായി എത്തിച്ച 30 ലക്ഷത്തിലധികം തുക ബത്തേരിയിലെ ബാങ്കുവഴി ജീവനക്കാരുടെ അക്കൗണ്ടുകളിലേക്കും പിന്നീട് ബ്രഹ്മഗിരിയുടെ അക്കൗണ്ടുകളിലേക്കും മാറ്റിയെന്നാണ് ആരോപണം.

To advertise here,

തന്റെ അക്കൗണ്ട് വഴിയും മൂന്നുലക്ഷം രൂപ ഇത്തരത്തിൽ ബ്രഹ്മഗിരിയുടെ അക്കൗണ്ടിലേക്ക് മാറ്റിയെന്നും നൗഷാദ് ആരോപിച്ചു. 2000, 500, 200, 100 നോട്ടുകളുടെ കെട്ടുകളാണ് കൊണ്ടുവന്നത്. ജീവനക്കാരുടെ അക്കൗണ്ടുകളിലേക്ക് രണ്ട്, മൂന്ന് ലക്ഷം രൂപവീതം തുക നൽകി, അവർ അടുത്തദിവസം കമ്പനി അക്കൗണ്ടിലേക്ക് തുക അയക്കുകയായിരുന്നുവെന്നും നൗഷാദ് പറഞ്ഞു. സമാനമായ രീതിയിൽ ബത്തേരിയിൽനിന്ന്‌ ഒരിക്കൽ തുക കൊണ്ടുവന്നിരുന്നുവെന്നും നൗഷാദ് പറഞ്ഞു. തുകയെത്തിച്ച കാലത്ത് നൗഷാദ് ബ്രഹ്മഗിരിയിൽ അറ്റൻഡറായിരുന്നു. പിന്നീട് മാർക്കറ്റിങ് എക്സിക്യുട്ടീവായും ജോലിചെയ്തിട്ടുണ്ട്.

ബ്രഹ്മഗിരിയിൽ നിക്ഷേപകനുമായ നൗഷാദിന് 22 ലക്ഷം രൂപ തിരികെ ലഭിക്കാനുണ്ട്. സിപിഎം ജില്ലാനേതാക്കളും ബ്രഹ്മഗിരി സൊസൈറ്റി ഭാരവാഹികളുമടക്കമുള്ളവരെ നിരന്തരം ബന്ധപ്പെട്ടിട്ടും തുക തിരികെനൽകാനോ തങ്ങളെ സഹായിക്കാനോ ഉള്ള ഇടപെടലുകൾ നടക്കുന്നില്ലെന്നും നൗഷാദ് ആരോപിച്ചു.

ആരോപണം പരിശോധിക്കും

നൗഷാദ് ഉന്നയിച്ച ആരോപണം പരിശോധിക്കുമെന്ന് ബ്രഹ്മഗിരി സൊസൈറ്റി ചെയർമാൻ പി.കെ. സുരേഷ് പറഞ്ഞു. ആരോപണം ഉന്നയിച്ചതുപോലെയുള്ള സമ്പ്രദായം ബ്രഹ്മഗിരിയിൽ ഉണ്ടായിരുന്നില്ല. രസീത് നൽകിയാണ് എല്ലാനിക്ഷേപങ്ങളും സ്വീകരിച്ചത്. കഴിഞ്ഞ മൂന്നുവർഷമായി നിക്ഷേപങ്ങൾ സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.