കൊച്ചി: അന്തരിച്ച സി.പി.എം. നേതാവ് എം.എം. ലോറന്‍സ് സംസ്‌കാരചടങ്ങുകളെക്കുറിച്ച് സംസാരിക്കുന്ന വീഡിയോ സന്ദേശം തന്റെ പക്കലുണ്ടെന്ന അവകാശവാദവുമായി മകള്‍ രംഗത്ത്. എം.എം. ലോറന്‍സിന്റെ മകളായ സുജാതയാണ് പിതാവ് നേരത്തെ പറഞ്ഞകാര്യങ്ങളുടെ വീഡിയോ തന്റെ കൈവശമുണ്ടെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയത്. 

To advertise here,

സ്വര്‍ഗത്തില്‍ പോകണമെന്നും യേശുവിനെ കാണണമെന്നും മകള്‍ പറയുന്നിടത്ത് തന്നെ അടക്കണമെന്നുമാണ് എം.എം. ലോറന്‍സിന്റേതെന്ന പേരില്‍ മകള്‍ പുറത്തുവിട്ട വീഡിയോ സന്ദേശത്തില്‍ പറയുന്നത്. 2022 ഫെബ്രുവരി 25-നാണ് എം.എം.ലോറന്‍സ് ഇക്കാര്യം പറഞ്ഞതെന്നാണ് മക്കള്‍ പറയുന്നത്. ഹൈക്കോടതിയ്ക്ക് വീഡിയോ കൈമാറിയിട്ടുണ്ടെന്നും തങ്ങളോട് ചോദിക്കാതെയാണ് പിതാവിന്റെ മൃതദേഹം വൈദ്യപഠനത്തിന് നല്‍കാനുള്ള തീരുമാനം പാര്‍ട്ടി എടുത്തതെന്നും മക്കള്‍ ആരോപിച്ചു. 

എം.എം. ലോറന്‍സിന്റെ മരണത്തിന് പിന്നാലെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനല്‍കുന്നതിനെതിരേ മകള്‍ ആശ ലോറന്‍സ് രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് മക്കളായ ആശ ലോറന്‍സും സുജാത ബോബനും ഇതിനെതിരേ ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി ഈ അപ്പീലുകള്‍ തള്ളുകയായിരുന്നു. മതിയായ നടപടികള്‍ പൂര്‍ത്തീകരിച്ചുകൊണ്ടാണ് മൃതദേഹം വൈദ്യപഠനത്തിന് നല്‍കാന്‍ മകന്‍ സജീവന്‍ തീരുമാനിച്ചതെന്ന് കണ്ടെത്തിയാണ് ഹൈക്കോടതി ഇരുവരുടെയും ഹര്‍ജികള്‍ തള്ളിയത്.