വ്യാജ വാര്‍ത്തകളുടേയും സ്‌പോണ്‍സേഡ് വാര്‍ത്തകളുടേയും കാലമാണ് ഇതെന്നും വസ്തുതകളില്‍ അധിഷ്ഠിതമായ മാധ്യമപ്രവര്‍ത്തനമാണ് ഉയര്‍ത്തിപ്പിടിക്കേണ്ടതെന്നും പ്രമുഖ മാധ്യമപ്രവര്‍ത്തകനും ഇന്ത്യന്‍ എക്സ്പ്രസിന്റെ മുന്‍ പത്രാധിപരുമായ അരുണ്‍ ഷൂറി. നിലവിലെ മാധ്യമപ്രവര്‍ത്തനം കൂടുതലും അഭിപ്രായങ്ങള്‍ മാത്രമാണ് പറയുന്നത്. തെളിവുകളുടെ അടിസ്ഥാനത്തിലുള്ള റിപ്പോട്ടുകള്‍ ഇപ്പോള്‍ പുറത്തുവരുന്നത്‌
വിരളമാണെന്നും ഷൂറി വ്യക്തമാക്കി. 

To advertise here,

സ്വതന്ത്രമായ, ക്രിയാത്മകമായ മാധ്യമപ്രവര്‍ത്തനം ഇപ്പോഴില്ല. പല മാധ്യമങ്ങളും ഗവണ്‍മെന്റിന്റെ നാവുകള്‍ മാത്രമാണ്. ഗവണ്‍മെന്റ് നല്‍കുന്ന കാര്യങ്ങള്‍ അതുപോലെ പകര്‍ത്തുന്ന കാഴ്ച്ചയാണ് കാണുന്നത്. 

മുഖ്യധാരയില്‍ നിന്ന് മാറിനിന്ന് മാധ്യമപ്രവര്‍ത്തനം ചെയ്യുന്നവരില്‍ നിന്നാണ് ഇപ്പോള്‍ വ്യത്യസ്തമായ, കാമ്പുള്ള, അന്വേഷണാത്മകമായ റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നത്. മാധ്യമപ്രവര്‍ത്തനത്തിലെ സത്യസന്ധത അവരാണ് നിലനിര്‍ത്തുന്നത്. സ്റ്റാന്റ്അപ് കൊമേഡിയന്‍സിന്റെ സംഭാവനയേയും നമ്മള്‍ വിസ്മരിക്കരുത്. വിമര്‍ശനാക്തമകമായാണ് അവര്‍ കാര്യങ്ങള്‍ കാണുന്നത്. അതിനെ നമ്മള്‍ അഭിനന്ദിക്കണം- ഷൂറി വ്യക്തമാക്കുന്നു. 

തിരുവനന്തപുരത്ത് മാതൃഭൂമി ഒരുക്കിയ മാധ്യമ സംവാദത്തില്‍ ക്യൂറേറ്റഡ് മീഡിയ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് ചര്‍ച്ചചെയ്യുന്ന 'ഫാക്ട് പഞ്ച്' എന്ന സെഷനില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ഷൂറി. 'ദ ഹിന്ദു'വിന്റെ ഡല്‍ഹി റെസിഡന്റ് എഡിറ്റര്‍ വര്‍ഗീസ് കെ. ജോര്‍ജ് ഈ സംവാദത്തിന്റെ മോഡറേറ്ററായി. 'ടൈംസ് ഓഫ് ഇന്ത്യ' യുടെ തമിഴ്‌നാട് റെസിഡന്റ് എഡിറ്റര്‍ അരുണ്‍ റാം, 'ഔട്ട്‌ലുക്' മുന്‍ പത്രാധിപര്‍ റൂബെന്‍ ബാനര്‍ജി, മുതിര്‍ന്ന പത്രപ്രവര്‍ത്തക സീമ ചിസ്തി, 'ഫ്രണ്ട് ലൈന്‍' എഡിറ്റര്‍ വൈഷ്ണ റോയ് എന്നിവര്‍  സംസാരിച്ചു.