ചെങ്ങന്നൂര്‍: 15 വര്‍ഷംമുമ്പ് മാന്നാര്‍ ഇരമത്തൂരില്‍ നിന്ന് കാണാതായ കലയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് അനിലിനെ നാട്ടിലെത്തിക്കാന്‍ ഇന്റര്‍പോളിന്റെ സഹായംതേടി പോലീസ്. ഇസ്രയേലിലാണ് അനിലുള്ളത്. കല കൊല്ലപ്പെട്ടെന്ന് പോലീസ് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. എന്നാല്‍, കൊലപാതകത്തിലെ ദൂരൂഹത ഇപ്പോഴും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അനിലിനെ നേരിട്ട് ചോദ്യംചെയ്താലെ തുടര്‍നടപടികള്‍ നടത്താനാകൂ.

To advertise here,

അനിലിന്റെ സഹോദരീഭര്‍ത്താവ് ചെന്നിത്തല തൃപ്പെരുന്തുറ ഇരമത്തൂര്‍ കണ്ണമ്പള്ളില്‍ സോമരാജന്‍ (56), ബന്ധുക്കളായ ഇരമത്തൂര്‍ കണ്ണമ്പള്ളില്‍ പ്രമോദ് (40), ഇരമത്തൂര്‍ ജിനുഭവനം ജിനു (48) എന്നിവരുടെ അറസ്റ്റ് കഴിഞ്ഞ ദിവസം പോലീസ് രേഖപ്പെടുത്തിയിരുന്നു.

കൊലപാതകം നടത്താന്‍ അനിലിന് കൂടുതല്‍പേരുടെ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് പോലീസിന്റെ ഇപ്പോഴത്തെ നിഗമനം. മൃതദേഹം സെപ്റ്റിക് ടാങ്കില്‍നിന്ന് അനില്‍ മാറ്റിയതായും പോലീസിന് സംശയമുണ്ട്.

അറസ്റ്റിലായവരുടെ മൊഴി അനുസരിച്ച് കഴിഞ്ഞ ദിവസം അനിലിന്റെ വീട്ടിലെ സെപ്റ്റിക് ടാങ്ക് പൊളിച്ച് പോലീസ് പരിശോധന നടത്തിയിരുന്നു. എന്നാല്‍, കാര്യമായ മൃതദേഹാവശിഷ്ടങ്ങള്‍ പോലീസിന് കണ്ടെടുക്കാനായില്ല. രാസവസ്തുക്കൾ ഉപയോഗിച്ച് തെളിവ് നശിപ്പിച്ചോയെന്നതും പോലീസ് അന്വേഷിക്കുന്നുണ്ട്. സെപ്റ്റിക് ടാങ്കില്‍നിന്ന് ലഭിച്ച വസ്തുക്കളുടെ രാസപരിശോധനയ്ക്ക് ശേഷം ഇതുസംബന്ധിച്ച് വ്യക്തവരുമെന്നാണ് പോലീസ് പറയുന്നത്.

ബന്ധുക്കളായ കൂട്ടുപ്രതികള്‍ അറിയാതെ മൃതദേഹം അനില്‍ സെപ്റ്റിക് ടാങ്കില്‍നിന്ന് മാറ്റിയിട്ടുണ്ടോ എന്നതാണ് പോലീസിന്റെ മറ്റൊരു സംശയം. 

ഇതിനിടെ, ചെങ്ങന്നൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം വിപുലീകരിച്ചിട്ടുണ്ട്. ക്രൈംബ്രാഞ്ചില്‍നിന്നുള്ളവരടക്കം 21 പേരാണ് സംഘത്തിലുള്ളത്.