മഞ്ചേരി: ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ നിലച്ചതോടെ മഞ്ചേരി മെഡിക്കല്‍കോളേജ് വികസനം വഴിമുട്ടി. നിലവില്‍ 21 ഏക്കറിലാണ് മെഡിക്കല്‍കോളേജ് പ്രവര്‍ത്തിക്കുന്നത്. രോഗികളുടെ ബാഹുല്യവും സ്ഥലപരിമിതിയും കാരണം ആശുപത്രി വീര്‍പ്പുമുട്ടുന്ന അവസ്ഥയിലാണ്. ഈ പ്രതിസന്ധി പരിഹരിക്കാന്‍ ആശുപത്രിയോടുചേര്‍ന്ന് അഞ്ചേക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. സര്‍വേ ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കി ഭൂമിയേറ്റെടുക്കാനുള്ള അന്തിമ ഘട്ടമെത്തിയപ്പോള്‍ ഇതിനെതിരേ ഭൂവുടമകള്‍ ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി നേടി.

To advertise here,

2013-ലെ ഭൂമിയേറ്റെടുക്കല്‍ നിയമത്തിലെ ചട്ടങ്ങള്‍ പാലിക്കാതെയും പരിസ്ഥിതി-വിദഗ്ധ സമിതികള്‍ തയ്യാറാക്കിയ സാമൂഹികാഘാത പഠന റിപ്പോര്‍ട്ട് പരിഗണിക്കാതെയുമാണ് സര്‍ക്കാര്‍ ഭൂമിയേറ്റെടുക്കുന്നതെന്ന വാദമാണ് ഭൂവുടമകള്‍ കോടതിയില്‍ ഉന്നയിച്ചത്. വെള്ളം കെട്ടിനില്‍ക്കുന്ന പ്രദേശം ഏറ്റെടുത്ത് നികത്തി കെട്ടിടം നിര്‍മിച്ചാല്‍ പ്രദേശത്ത് വെള്ളപ്പൊക്കം ഉണ്ടാകുമെന്ന ആശങ്കയും ഇവര്‍ ഉയര്‍ത്തി.

സ്ഥലം എം.എല്‍.എ.യുടെയും നഗരസഭാധ്യക്ഷയുടെയും നേതൃത്വത്തിലുള്ള ഉപസമിതി ഈ സ്ഥലത്തിനുപകരം 50 ഏക്കര്‍ ഭൂമി സമീപപ്രദേശമായ വേട്ടേക്കോട് കണ്ടെത്തിയതായും ഇതില്‍ 25 ഏക്കര്‍ സൗജന്യമായും ബാക്കി വിലയ്ക്കും നല്‍കാമെന്ന് ഭൂവുടമകള്‍ അറിയിച്ചിട്ടും ഇത് സര്‍ക്കാര്‍ പരിഗണിച്ചില്ലെന്നും ഹര്‍ജിക്കാര്‍ കോടതിയെ ബോധിപ്പിച്ചു. ഇതോടെ ഭൂമിയേറ്റെടുക്കല്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. തുടര്‍ന്ന് വേട്ടേക്കോട് കണ്ടെത്തിയ ഭൂമിയില്‍ സാമൂഹികാഘാത പഠനംനടത്തി മൂന്നുമാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് സര്‍ക്കാരിന് കോടതിനിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ മെഡിക്കല്‍കോളേജ് മാറ്റിസ്ഥാപിക്കുന്ന കാര്യം നിലവില്‍ സര്‍ക്കാരിന്റെ അജന്‍ഡയിലില്ലാത്തതിനാല്‍ മൂന്നുമാസം കഴിഞ്ഞിട്ടും ഇക്കാര്യത്തില്‍ തുടര്‍ നടപടികളൊന്നും ഉണ്ടായിട്ടില്ല.

ആശുപത്രി വേട്ടേക്കോട്ടേക്ക് മാറ്റിസ്ഥാപിക്കുന്നത് കോടികളുടെ അധികബാധ്യത വരുത്തുമെന്ന വിലയിരുത്തലാണ് സര്‍ക്കാരിനുള്ളത്. ആശുപത്രിക്കുസമീപം അഞ്ചേക്കര്‍ ഏറ്റെടുക്കുന്നതിന് 13 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിരുന്നു. ഇതില്‍നിന്ന് അരക്കോടിയോളം രൂപ മുടക്കിയാണ് ഭൂമിയുടെ സര്‍വേനടപടികള്‍ പൂര്‍ത്തിയാക്കിയത്. ഏറ്റെടുക്കുന്ന സ്ഥലത്ത് സൂപ്പര്‍സ്‌പെഷ്യാലിറ്റി, ട്രോമാകെയര്‍, സര്‍ജിക്കല്‍ ബ്ലോക്കുകള്‍, അര്‍ബുദ ചികിത്സാവിഭാഗം, മാലിന്യനിര്‍മാര്‍ജന പ്ലാന്റ് എന്നിവ സജ്ജമാക്കാനായിരുന്നു ആലോചന. ഭൂമിയേറ്റെടുക്കല്‍ വഴിമുട്ടിയതോടെ ഈ സേവനങ്ങളെല്ലാം പൊതുജനങ്ങള്‍ക്ക് ലഭ്യമാകാന്‍ ഇനിയും കാലമേറെ കാത്തിരിക്കേണ്ടിവരും.

വേട്ടേക്കോട്ടെ 50 ഏക്കറില്‍ സാമൂഹികാഘാത പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള കോടതിനിര്‍ദേശം സര്‍ക്കാര്‍ പരിഗണിച്ചില്ല