ഇടുക്കി: ഇടുക്കിയിൽ കട്ടപ്പനക്ക് സമീപം കരിമ്പാനിപ്പടിയിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. വള്ളക്കടവ് തണ്ണിപ്പാറ സ്വദേശി റോബിൻ ജോസഫാണ് മരിച്ചത്. ക്രാഷ് ബാരിയറിൽ കാർ ഇടിച്ച് കയറിയാണ് അപകടം. കട്ടപ്പനയിൽനിന്ന് വള്ളക്കടവിലെ വീട്ടിലേക്ക് മടങ്ങും വഴിയാണ് റോബിൻ ജോസഫിന് രാത്രിയിൽ അപകടം സംഭവിച്ചത്. അമിതവേഗത്തിൽ എത്തിയ കാർ ക്രാഷ് ബാരിയറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. 

To advertise here,

ഇടുക്കിയിൽ ഇന്നലെ രാത്രി മറ്റൊരു അപകടത്തിൽ മൂന്ന് പേർ മരണപ്പെട്ടിരുന്നു. രാജാക്കാട് പന്നിയാർകുട്ടിക്ക് സമീപം ജീപ്പ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞായിരുന്നു അപകടം. പന്നിയാർകുട്ടി ഇടയോട്ടിയിൽ ബോസ് (55), ഭാര്യ റീന ( 48),  പന്നിയാർകുട്ടി തട്ടപ്പിള്ളിയിൽ അബ്രാഹാം (50) എന്നിവരാണ് മരിച്ചത്. 

വെള്ളിയാഴ്ച രാത്രി 10.30-ഓടെ ആയിരുന്നു സംഭവം. പന്നിയാർകുട്ടി പുതിയ പാലത്തിനു സമീപമാണ് ബോസും ഭാര്യയും താമസിക്കുന്നത്. മുല്ലക്കാനത്ത് ബന്ധുവീട്ടിൽ പോയി തിരികെ വരികയായിരുന്നു. പന്നിയാർ കുട്ടി പള്ളിക്ക് സമീപം എത്തിയപ്പോൾ നിയന്ത്രണം വിട്ട ജീപ്പ് നൂറടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. സംഭവം നടന്ന സ്ഥലം കുത്തനെയുള്ള ഇറക്കവും റോഡിന് വീതി കുറഞ്ഞ പ്രദേശവുമാണ്.

പരിക്കേറ്റ മൂന്നു പേരെയും അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ബോസും റീനയും വരും വഴി മരണപ്പെട്ടു. റീന ഒളിമ്പ്യൻ കെ.എം. ബീനാമോളുടെ സഹോദരിയാണ്. അബ്രഹാം ആണ് ജീപ്പ് ഓടിച്ചിരുന്നത്.