കറുകച്ചാൽ (കോട്ടയം): ഓണത്തിരക്കിൽ നഗരം കുരുങ്ങി. പോലീസുകാർ ഓണാഘോഷത്തിലും. ഗതാഗതം തടസ്സപ്പെട്ടപ്പോൾ നാട്ടുകാർ തന്നെ നിയന്ത്രണം ഏറ്റെടുത്തു. തിരക്കുകണ്ട് സഹികെട്ട വഴിയാത്രക്കാരനായ യുവാവ് ഒടുവിൽ കറുകച്ചാൽ സെൻട്രൽ ജങ്ഷനിലെ ഗതാഗതം മണിക്കൂറുകളോളം നിയന്ത്രിച്ചു. യുവാവിന്റെ കഷ്ടപ്പാട് കണ്ട നാട്ടുകാർ ഒടുവിൽ നോട്ട് മാലയിട്ട് സ്വീകരിച്ചശേഷമാണ് വിട്ടയച്ചത്.
ബുധനാഴ്ച രാവിലെ മുതൽ നഗരത്തിൽ നല്ലതിരക്കായിരുന്നു. പത്തരയോടെ ചങ്ങനാശ്ശേരി-വാഴൂർ, കറുകച്ചാൽ-മണിമല, കറുകച്ചാൽ-മല്ലപ്പള്ളി റോഡുകളിൽ വാഹന ഗതാഗതം ഭാഗീകമായി തടസ്സപ്പെട്ടു. മൂന്ന് റോഡുകളിൽനിന്നെത്തിയ വാഹനങ്ങൾ സെൻട്രൽ ജങ്ഷനിൽ കുരുങ്ങി. വ്യാപാരികളും നാട്ടുകാരും ചേർന്ന് ഒരുവിധത്തിൽ ഗതാഗതം നിയന്ത്രിച്ചു. വിവരം പോലീസ് സ്റ്റേഷനിൽ അറിയിച്ചെങ്കിലും അവിടെ ഓണാഘോഷം നടക്കുന്നതിനാൽ ആരും എത്തിയില്ലെന്ന് നാട്ടുകാർ പറയുന്നു.
ഇതുവഴി എത്തിയ ചമ്പക്കര സ്വദേശിയായ യുവാവ് ഒടുവിൽ സെൻട്രൽ ജങ്ഷന്റെ നിയന്ത്രണം പൂർണമായി ഏറ്റെടുത്തു. മൂന്നു റോഡുകളിൽനിന്നും എത്തിയ വാഹനങ്ങൾ ഇയാൾ ഒറ്റയ്ക്ക് നിയന്ത്രിച്ചു. കൃത്യമായ ഇടവേളകളിൽ മാത്രം ഓരോ ഭാഗത്തേക്കും വാഹനങ്ങൾ കടത്തിവിട്ടു. കൈലിയും ഷർട്ടും ധരിച്ച് ഗതാഗതം നിയന്ത്രിച്ച യുവാവിനെ യാത്രക്കാർ കൗതുകത്തോടെയാണ് കണ്ടത്. പലരും നന്ദി പറഞ്ഞു. കണ്ടുനിന്ന ചിലർ ഇയാൾക്ക് കുപ്പിവെള്ളവും വാങ്ങി നൽകി. തടസ്സമൊഴിവാക്കി വാഹനങ്ങൾ കടത്തിവിട്ടും നിയന്ത്രണങ്ങൾ പാലിക്കാതിരുന്ന ഡ്രൈവർമാരെ വഴക്ക് പറഞ്ഞും മൂന്നു മണിക്കൂറോളം ഒറ്റയ്ക്ക് ഗതാഗതം നിയന്ത്രിച്ച യുവാവിന് നാട്ടുകാർ ഒടുവിൽ നോട്ട് മാലയിടുകയായിരുന്നു.
Content Highlights: A young man took charge of traffic control at a busy junction in Kuruppanthara, Kerala
Published: 04 Sept 2025, 07:54 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented