കൊച്ചി: എറണാകുളം കിഴക്കമ്പലം മലയിടംതുരുത്തിൽ കുടിയൊഴിപ്പിക്കൽ ശ്രമത്തിനിടെ സംഘർഷം. ജലപീരങ്കി പ്രയോഗത്തിനും സമരക്കാരുടെ പ്രതിഷേധങ്ങൾക്കുമൊടുവിൽ പോലീസ് പിൻവാങ്ങി. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ഇടപെടലിനെ തുടർന്നാണ് പോലീസിന്റെ പിൻമാറ്റം. അരനൂറ്റാണ്ടായി തുടരുന്ന തർക്കത്തിൽ സുപ്രീംകോടതി ഉത്തരവ് പ്രകരമാണ് അധികൃതർ ഒഴിപ്പിക്കൽ ശ്രമം നടത്തുന്നത്. ഇത് 15-ാം തവണയാണ് ഒഴിപ്പിക്കൽ ശ്രമം.

To advertise here,

ഒരാൾ തലയിൽ പെട്രോളൊഴിച്ച് ആത്മഹത്യശ്രമം നടത്തിയതോടെ പോലീസ് സമര പന്തലിലേക്ക് ജലപീരങ്കി പ്രയോഗം നടത്തിയിരുന്നു. സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കാനുള്ള ശ്രമവും ഉണ്ടായി. മുമ്പ് 14 തവണയും സംയമനത്തോടെയാണ് പോലീസ് കുടിയൊഴിപ്പിക്കാനുള്ള ശ്രമം നടത്തിയിരുന്നത്. സിപിഎം ഏരിയ സെക്രട്ടറി ഉൾപ്പടെയുള്ളവർ സമരക്കാർക്ക് പിന്തുണയർപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്.

ഭൂമിയുടെ ഉടമസ്ഥതയെച്ചൊല്ലി പ്രദേശത്ത് 50 വർഷത്തോളമായി തർക്കം നിലനിൽക്കുന്നുണ്ട്. കോടതി ഉത്തരവ് നടപ്പാക്കാനായി അഡ്വക്കേറ്റ് കമ്മിഷണറും റവന്യൂ-കോടതി അധികൃതരും പോലീസും ചേർന്ന് ഇവിടെ പല തവണ ഒഴിപ്പിക്കൽ നടപടികൾക്കായി ശ്രമിച്ചിരുന്നു.

സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ ഭൂമിയെന്ന് ഒരു വിഭാഗം അവകാശപ്പെടുമ്പോൾ, തങ്ങൾ വർഷങ്ങളായി താമസിക്കുന്ന മണ്ണിൽനിന്നു മാറില്ലെന്ന നിലപാടിലാണ് പ്രദേശവാസികൾ. അഭിഭാഷക കമ്മീഷൻ സ്ഥലത്തെത്തി നടപടികൾക്ക് ശ്രമിച്ചെങ്കിലും നാട്ടുകാർ ഒത്തുചേർന്ന് ശക്തമായി തടയുകയായിരുന്നു.