വാഗമൺ: ബോണാമിക്കടുത്തുള്ള പെൻഷറസ്റ്റ് എസ്റ്റേറ്റ് പുതിയൊരു ചരിത്രം രചിക്കുകയാണ്. മഴയെന്നൊ വെയിലെന്നോ ഇല്ലാതെ കഷ്ടപ്പെടുന്ന എസ്റ്റേറ്റിലെ തൊഴിലാളികൾക്ക് അഭിമാനത്തോടെ കയറിക്കിടക്കാൻ പുതിയ ലയമൊരുക്കിയാണ് മലങ്കര പ്ലാന്റേഷൻ ഗ്രൂപ്പ് തൊഴിലാളി സ്നേഹത്തിന്റെ പുതിയ അധ്യായം രചിക്കുന്നത്.

To advertise here,

കാലപ്പഴക്കമുള്ള പഴയ വാസസ്ഥാനങ്ങളിൽനിന്ന് തൊഴിലാളികൾ പുതിയ ലയങ്ങളിലേക്ക് ജീവിതം പറിച്ചുനടും. സർക്കാരും തോട്ടമുടമകളും കൈകോർത്തതോടെയാണ് തൊഴിലാളികൾക്ക് അഭിമാനത്തോടെ ജീവിക്കാൻ ഇടമൊരുങ്ങിയത്.

ഉടമകളുമായി ചേർന്ന് ലയം നവീകരിക്കാനുള്ള സർക്കാർ പദ്ധതിയുടെ ഭാഗമായി കേരളത്തിൽ ആദ്യം നിർമിക്കുന്ന പാർപ്പിടം കൂടിയാണിത്. മുൻപുണ്ടായിരുന്ന ലയങ്ങളിൽനിന്ന് വ്യത്യസ്തമായി, ആധുനിക സൗകര്യങ്ങളോടെ ആറ് കുടുംബങ്ങൾക്ക് താമസിക്കാൻ കഴിയുന്നതാണ് ലയം. ഒരു കോടി രൂപ മുടക്കി പണിത കെട്ടിടത്തിന് സർക്കാർ 12 ലക്ഷം രൂപ സബ്സിഡി നൽകി.

ഉടമ ജെ.കെ. തോമസാണ് പ്ലാൻ തയ്യാറാക്കിയത്. മുൻപ് മുറികളെല്ലാം ഒരേ നിരയിലായിരുന്നു. ഇത്തവണ ഘടനമാറ്റി, ഓരോ വീട്ടിലും രണ്ട് കിടപ്പുമുറികൾ, അടുക്കള, ലിവിങ് ഏരിയ, ശൗചാലയം എന്നിവ ഉണ്ടെന്ന് കമ്പനി ജനറൽ മാനേജർ ജോഷിബാ ജോസഫ് പറഞ്ഞു. സുരക്ഷയ്ക്കായി ശക്തമായ വാതിലുകളും ടൈലിട്ട തറയുമുണ്ട്. തങ്ങളുടെ തൊഴിലാളികളും സമൂഹത്തിൽ മാന്യമായും അന്തസ്സോടെയും ജീവിക്കണമെന്നാണ് കരുതുന്നതെന്ന് ജെ.കെ. തോമസ് പറഞ്ഞു. ഉടൻതന്നെ കൂടുതൽ ലയങ്ങളുടെ പണി ഇവിടെ തുടങ്ങും.

1940-ലാണ് ഈ തോട്ടം മലങ്കര പ്ലാന്റേഷന്റെ കൈകളിലെത്തുന്നത്. ജെ.കെ. തോമസിന്റെ കൈയിൽ എത്തുമ്പോൾ പീരുമേട് മേഖലയിൽ ഉത്പാദനക്ഷമതയിൽ ഏറ്റവും പിന്നിലായിരുന്നു ഈ എസ്റ്റേറ്റ്. എന്നാൽ തൊഴിലാളികളോടൊപ്പം ചേർന്നുള്ള കഠിനാധ്വാനത്തിലൂടെ, 15 വർഷമായി പീരുമേട് മേഖലയിലെ മികച്ച തോട്ടമായി ഇത് മാറി. ദക്ഷിണേന്ത്യയിലെ ഏറ്റവുംനല്ല തോട്ടത്തിനുള്ള പുരസ്കാരം രണ്ടുതവണ നേടി.

അതിഥിത്തൊഴിലാളികൾ ആരുമില്ലാത്ത ഒരേയൊരു എസ്റ്റേറ്റ് കൂടിയാണിത്. ഇവിടെ ജപ്പാനിൽനിന്നുള്ള മെഷീനുകൾ ഉപയോഗിച്ചാണ് വിളവെടുപ്പ്.