
തിരുനാവായ: ഭാരതപ്പുഴയോരത്തുനടക്കുന്ന മഹാമാഘമഹോത്സവത്തിൽ വെള്ളിയാഴ്ച കേരളത്തിലെ നാലുശങ്കരമഠങ്ങളിലെയും സന്ന്യാസിമാരുടെ അത്യപൂർവമായ ഒത്തുകൂടൽ നടക്കും.
ശങ്കരാചാര്യരുടെ ശിഷ്യന്മാരായ നാലുപേർ സ്ഥാപിച്ച നാലുശങ്കരമഠങ്ങളാണ് കേരളത്തിലുള്ളത്. ഈ നാലുമഠങ്ങളിലെ സന്ന്യാസിമാർ ഒത്തുകൂടുന്നത് അപൂർവമാണെന്ന് മഹാമാഘ സഭാപതി മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി പറഞ്ഞു.
തൃശ്ശൂർ തെക്കേമഠം മൂപ്പിൽസ്വാമിയാർ വാസുദേവാനന്ദ ബ്രഹ്മാനന്ദഭൂതി, കാസർകോട് ഇടനീർ സ്വാമിയാർമഠം മൂപ്പിൽസ്വാമിയാർ സച്ചിദാനന്ദഭാരതി, തൃശ്ശൂർ നടുവിൽമഠം മൂപ്പിൽസ്വാമിയാർ അച്യുതാനന്ദഭാരതി, താനൂർ തൃക്കൈക്കാട്ടുമഠം മൂപ്പിൽ സ്വാമിയാർ നാരായണബ്രഹ്മാനന്ദതീർഥ, തൃശ്ശൂർ നടുവിൽമഠം ഇളമുറ സ്വാമിയാർ പാർഥസാരഥി ഭാരതി എന്നിവരാണ് നിളാതീരത്തെ യജ്ഞവേദിയിൽ ഒത്തുചേരുക. തൃച്ചംബരം ക്ഷേത്രോത്സവത്തിൽ ഈ നാലുമഠങ്ങളിലെയും സന്ന്യാസിമാർ ഒത്തുകൂടുന്ന ചടങ്ങുണ്ടെങ്കിലും നാലുമഠങ്ങളിലെയും മൂപ്പിൽസ്വാമിമാർ ഒന്നിച്ചെത്തിയിട്ട് വർഷങ്ങളായെന്നും ആനന്ദവനം ഭാരതി പറഞ്ഞു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ നാലുമഠങ്ങളിൽനിന്നുള്ളവരും എത്തും. നിളാസ്നാനത്തിനുശേഷം പുഴയിലെ യജ്ഞശാലയിൽ അനുഗ്രഹപ്രഭാഷണം നടത്തും. നിളാസ്നാനത്തിൽ ഇവർക്കൊപ്പം വിശ്വാസികൾക്കും സ്നാനംചെയ്യാൻ അവസരമുണ്ടാകും. മഠങ്ങളിൽനിന്ന് തിരുനാവായയിലേക്ക് പുറപ്പെടുന്ന സ്വാമിമാരെ അനുഗമിക്കണമെന്നുള്ളവർ കാസർകോട്-9447322337, തൃശ്ശൂർ-9446239957, താനൂർ-9745605170 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടണം.
മഹാമാഘമഹോത്സവത്തിൽ ബുധനാഴ്ച രാവിലെ പ്രത്യേക സൂര്യാരാധനയോടുകൂടിയ നവഗ്രഹപൂജ, ഹനുമാൻപൂജ എന്നിവ നടന്നു. ഹനുമാൻപൂജയ്ക്ക് വിനോദ് ഗുരുക്കൾ ആചാര്യനായി. കേരളത്തിൽ അപൂർവമായ ‘കളരി അക്ഷരക്കാൽ’ പൂജ അപൂർവാനുഭവമായി. കളരിയിലെ ദേവതയുടെ സാന്നിധ്യത്തിനായി, വിശുദ്ധ അക്ഷരങ്ങളെ കാൽപ്പാടുകളായി കളരിത്തറയിൽ രേഖപ്പെടുത്തി ദേവതയെ ആവാഹിക്കുന്ന ആചാരമാണിത്. ആചാര്യൻ വിനോദ് വൈദ്യർ മുഖ്യകാർമികത്വംവഹിച്ച പൂജയിൽ ‘ലോക’ സിനിമയിൽ അഭിനയിച്ച ബാലതാരം ദുർഗ സി. വിനോദും പങ്കെടുത്തു. മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി, സ്വാമി അഭിനവ ബാലാനന്ദഭൈരവ എന്നിവർ നേതൃത്വം നൽകി.
വ്യാഴാഴ്ച, മുത്തനും മുത്തിക്കും പൂജ നടക്കും. രാവിലെ ആറു മുതൽ 11 വരെയും ഉച്ചയ്ക്ക് മൂന്നുമുതലുമാണ് ഈ പൂജ. കേരളത്തിന്റെ തനത് ദ്രാവിഡ സമ്പ്രദായത്തിൽ അനുഷ്ഠിക്കുന്ന അതിപുരാതന പൂജയ്ക്ക് ആചാര്യൻ പറയ്ക്കൽ പ്രദീപ് പണിയ നേതൃത്വം നൽകും.
ധർമജ്യോതി രഥയാത്ര തുടങ്ങി
കൊടുങ്ങല്ലൂർ തിരുവഞ്ചിക്കുളത്തുനിന്ന് കുംഭമേള വേദിയിലേക്കുള്ള ധർമജ്യോതി രഥയാത്ര തുടങ്ങി. മൗനയോഗി സ്വാമി ഹരിനാരായണനാണ് യാത്ര നയിക്കുന്നത്. ചേരമാൻ പെരുമാളിന്റെ രാജക്ഷേത്രമായ കൊടുങ്ങല്ലൂരിലെ തിരുവഞ്ചിക്കുളം മഹാദേവ ക്ഷേത്രത്തിൽനിന്നു തെളിക്കുന്ന ജ്യോതി വെള്ളിയാഴ്ച തിരുനാവായയിലെത്തും. വിവിധ ക്ഷേത്രങ്ങളിൽ സ്വീകരണങ്ങളുണ്ടാകും.
Content Highlights: Rare confluence of four Shankara mutt heads at the Maha Magha Mahotsavam on the Bharathapuzha river banks. Witness blessings and rituals.
Published: 29 Jan 2026, 08:02 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented