കോഴിക്കോട്: വിദ്യാഭ്യാസമേഖലയിലെ കാര്യങ്ങളുള്‍പ്പെടെ സമൂഹത്തിലെ എല്ലാ കാര്യങ്ങളെ കുറിച്ചും അഭിപ്രായം പറയാന്‍ മതസംഘടനകള്‍ക്ക് അവകാശമുണ്ടെന്നും അഭിപ്രായം പറയുന്നതില്‍ ദോഷമില്ലെന്നും സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി. അതേസമയം, വിദ്യാര്‍ഥി-വിദ്യാര്‍ഥിനികള്‍ ഒരു പരിപാടിയില്‍ ഒന്നിച്ച് പങ്കെടുക്കാന്‍ പാടില്ലെന്ന് പറയുന്നത് ആധുനിക കാലഘട്ടത്തിന് യോജിച്ച കാര്യമല്ലെന്നും അദ്ദേഹംപറഞ്ഞു. വിദ്യാലയങ്ങളിലെ സൂംബ പരിശീലനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
"ശാരീരികക്ഷമത വര്‍ധിപ്പിക്കുന്നതിനായി വികസിപ്പിച്ചെടുത്ത സൂംബ നൃത്തം ഇപ്പോള്‍ വ്യാപകമായിട്ടുണ്ട്. കുട്ടികള്‍ മാനസികമായും ശാരീരികമായും കരുത്തുള്ളവരായി വളരണം. ആണ്‍കുട്ടികളും പെണ്‍കുട്ടികളും പരസ്പരം ഇടപഴകിയും മനസ്സിലാക്കിയും വളരണം. അപ്പോഴാണ് സമൂഹത്തില്‍ കുറ്റകൃത്യങ്ങള്‍ ഒഴിവാകുന്നത്. സംസ്‌കാരസമ്പന്നമായ, ആധുനികമായ ഒരു സമൂഹമായാണ് ഭാവിതലമുറ വളരുന്നത്. പൊതുവിദ്യാഭ്യാസമെന്നത്. നമ്മള്‍ 21-ാം നൂറ്റാണ്ടിലാണ് ജീവിക്കുന്നത്. 22-ാം നൂറ്റാണ്ടില്‍ എങ്ങനെയാണ് ജീവിക്കേണ്ടത് എന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യേണ്ട കാലമാണ്. അത്തരമൊരു കാലത്ത് സൂംബ കായികപരിശീലനം പോലുള്ള പരിപാടികള്‍ തെറ്റാണ്, പാടില്ല എന്നുള്ളത് വിതണ്ഡാവാദമാണ്. അങ്ങനെ വാദിക്കുന്നവര്‍ ആത്മപരിശോധന നടത്തണം.
വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ആജ്ഞാപിക്കാന്‍ മതം പുറപ്പെടരുത്. അവര്‍ക്ക് അഭിപ്രായം പറയാം. ആധുനിക മതനിരപേക്ഷ ജനാധിപത്യ രാഷ്ട്രത്തില്‍ മതം വിദ്യാഭ്യാസത്തില്‍ നിന്ന് മാറിനില്‍ക്കണം. ഓരോ മതത്തിന്റെയും സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും മതാചാരപ്രകാരമുള്ള വിദ്യാഭ്യാസം പ്രത്യേകം നടത്താം. അവര്‍ക്കതിനുള്ള അവകാശമുണ്ട്. പൊതുവിദ്യാഭ്യാസമെന്നത് മതനിരപേക്ഷരാഷ്ട്രത്തിന് അനുയോജ്യമായ വിധത്തിലായിരിക്കണം സര്‍ക്കാര്‍ നല്‍കേണ്ടത്.
അല്‍പവസ്ത്രം ധരിച്ചാണ് സൂംബ പോലുള്ള കായികവിനോദങ്ങളില്‍ കുട്ടികള്‍ പങ്കെടുക്കുന്നത് എന്നുള്ള പ്രതിഷേധം അറിവില്ലായ്മ കൊണ്ടോ തെറ്റിധാരണ കൊണ്ടോ ഉണ്ടാകുന്നതാണ്. ആരെങ്കിലും അവരെ അങ്ങനെ പറഞ്ഞ് ധരിപ്പിച്ചിട്ടുണ്ടാകാം. അവര്‍ ബോധപൂര്‍വം പറയുന്നതാണെന്ന് താന്‍ കരുതുന്നില്ല. അതു മാറുമെന്ന് തന്നെയാണ് കരുതുന്നത്. ഇപ്പോള്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും സ്‌കൂളിലും കോളേജിലും ഒരുമിച്ചാണല്ലോ പഠിക്കുന്നത്. സമചിത്തതയോടുകൂടി സംവാദത്തിലൂടെ പരിഹാരം കാണോണ്ട വിഷയമാണ്. അല്ലാതെ അവരെ ഇപ്പോള്‍ തന്നെ കൈകാര്യം ചെയ്യാമെന്ന മട്ടിലല്ല വേണ്ടത്.
ഭരണഘടനയില്‍ മതനിരപേക്ഷത എന്ന ആശയം എമ്പോടും വ്യാപിച്ചുകിടക്കുകയാണെന്നും സമത്വപൂര്‍ണമായ ഒരു സമൂഹത്തിലേക്കാണ് നമ്മള്‍ പോകേണ്ടത് എന്ന ആശയവും ഭരണഘടനയില്‍ കാണാം. അത് ഭരണഘടനയുടെ ആമുഖത്തിലേക്ക് കൂടി കൊണ്ടുവന്നുവെന്നുമാത്രം. അത് അടിയന്തരാവസ്ഥക്കാലത്താണ് സംഭവിച്ചത് എന്നതുകൊണ്ട് അതൊരു കാലദോഷമായി കാണേണ്ടതില്ല. നല്ല കാര്യങ്ങള്‍ നടന്നാല്‍ അതിനെ സ്വാഗതം ചെയ്യുകയാണ് വേണ്ടത്. ജനാധിപത്യത്തെ നശിപ്പിക്കുന്ന വേറെ ചില ഭേദഗതികളും അടിയന്തരാവസ്ഥക്കാലത്ത് വന്നിട്ടുണ്ട്. വേണ്ടതിനെ സ്വീകരിക്കുകയും തെറ്റായതിനെ ഉപേക്ഷിക്കുകയും വേണം", എം.എ. ബേബി പറഞ്ഞു.
Content Highlights: CPM General Secretary MA Baby speaks on co-education, Zumba classes
Published: 28 Jun 2025, 11:18 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented