തിരുവനന്തപുരം: അമ്പൂരി കാരിക്കുഴിയിൽനിന്ന് വനംവകുപ്പ് പിടികൂടി നെയ്യാർ ലയൺ സഫാരി പാർക്കിലെത്തിച്ച പുലിക്കുട്ടി ചത്തു. മൂന്നരവയസ്സ് പ്രായമുള്ള പെൺപുലിയാണ് ചത്തത്. ചികിത്സയ്ക്കായി നെയ്യാറിലെത്തിച്ച പെൺപുലിയെ രാവിലെ കൂട്ടിൽ ചത്തനിലയിൽ കണ്ടെത്തുകയായിരുന്നു. നാഷണൽ ടെെ​ഗർ കൺസർവേഷൻ അതോറിറ്റി (എൻടിസിഎ) പ്രോട്ടോക്കോൾ പ്രകാരം പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തീകരിച്ച് പുലിക്കുട്ടിയെ മറവ് ചെയ്തു. 

To advertise here,

പുലിക്കുട്ടിയെ പിടികൂടിയപ്പോൾ ശരീരത്തിൽ പലഭാ​ഗങ്ങളിലും മുറിവുകൾ ഉണ്ടായിരുന്നു. കാട്ടുവള്ളിയിൽ കുരുങ്ങി എന്നാണ് കഴിഞ്ഞ ദിവസം വന്ന റിപ്പോർട്ടുകളിൽ പറയുന്നത്. എന്നാൽ, പുലിക്കുട്ടി കമ്പിയിൽ കുരങ്ങുകയായിരുന്നെന്നും ഇതിൽനിന്ന് രക്ഷപ്പെടാനുള്ള ശ്രമങ്ങൾക്കിടെ കമ്പി മുറുകി ആന്തരികാവയവങ്ങൾക്ക് ക്ഷതം ഏറ്റതാകാം മരണകാരണമെന്നുമാണ് വനംവകുപ്പിന്റെ പ്രാഥമിക നി​ഗമനം. അതേസമയം, മയക്കുവെടിയുടെ അമിത ഡോസാണോ മരണകാരണം എന്നും സംശയമുയരുന്നുണ്ട്.

അമ്പൂരി ചാക്കപ്പാറ കള്ളിമൂടിൽ വെള്ളിയാഴ്ച രാവിലെയാണ് പുലിയെ കാട്ടുവള്ളിയിൽ കുടുങ്ങിയ നിലയിൽ കണ്ടത്. കാരിക്കുഴി സ്വദേശി ഷൈജുവിന്റെ പുരയിടത്തിലായിരുന്നു പുലി കുടുങ്ങിയത്.