
തിരുവനന്തപുരം: മുൻ ഡി.ജി.പി. ശ്രീലേഖ തിരുവനന്തപുരം കോർപറേഷനിൽനിന്ന് രാജിവെച്ചതുമായി ബന്ധപ്പെട്ട വാർത്തകളിൽ ബി.ജെ.പി. നേതൃത്വത്തിനും തിരുവനന്തപുരം കോർപറേഷൻ ഭരണസമിതിക്കുമെതിരേ രൂക്ഷമായ ആരോപണങ്ങളുമായി തിരുവനന്തപുരം കോർപ്പറേഷൻ എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ എസ്.പി. ദീപക്. മാന്യമായി പ്രവർത്തിക്കുന്നവർക്ക് ബിജെപിയിൽ തുടരാനാവില്ല. മേയറുടെ സത്യപ്രതിജ്ഞ നടക്കുന്ന സമയത്തടക്കം വലിയ മനോവിഷമത്തോടെയാണ് ശ്രീലേഖ വേദിയിൽനിന്ന് ഒഴിഞ്ഞുപോയതെന്ന് അദ്ദേഹം പറഞ്ഞു.
ഒരു ജനാധിപത്യ സമൂഹത്തിൽ മാന്യമായി രാഷ്ട്രീയപ്രവർത്തനം നടത്തുന്ന ഏതൊരാൾക്കും താങ്ങാൻ കഴിയാത്ത രീതിയിലുള്ള പ്രവർത്തനങ്ങളാണ് കഴിഞ്ഞ ഒൻപത് മാസമായി മേയറുടെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന് എസ്.പി. ദീപക് പറഞ്ഞു. കാപ്പ കേസിൽ പ്രതിയായ സുഗതനെ കൗൺസിലിൽ നിലനിർത്തുന്നതിനായി തികച്ചും തരംതാണ രീതിയിലാണ് മേയറും സംഘവും ഇടപെടലുകൾ നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു.
ശ്രീലേഖ സംസ്ഥാന ഡി.ജി.പി. ആയിരുന്ന സന്ദർഭത്തിലാണ് സുഗതനെതിരേ ആദ്യമായി കാപ്പ കേസ് ചുമത്തുന്നത്. അന്ന് ആ ഫയലിൽ ഒപ്പുവെച്ചത് ശ്രീലേഖ ഐ.പി.എസ്. ആയിരുന്നു. എന്നാൽ, മുൻപ് താൻതന്നെ ഒപ്പിട്ട അതേ ഫയലിനെപ്പോലും തള്ളിപ്പറയേണ്ട ദുരവസ്ഥയിലേക്ക് മുൻ ഡി.ജി.പി.യെ എത്തിച്ചു. മാത്രവുമല്ല, പോലീസിനെതിരേപോലും അവരെക്കൊണ്ട് മുദ്രാവാക്യം വിളിപ്പിക്കുന്ന സ്ഥിതിയുണ്ടായി. പൊതുസമൂഹത്തിൽ നാണംകെടുത്തുന്ന രീതിയിൽ അവരെ അവഹേളിക്കുന്ന നിലപാടാണ് ബി.ജെ.പി.യുടെ ഭാഗത്തുനിന്നുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
മുൻ ഡി.ജി.പി.യായ ശ്രീലേഖയ്ക്കൊപ്പം കൗൺസിലിൽ ഇരിക്കുന്നത് കാപ്പ കേസിലെ പ്രതിയായ സുഗതനാണ്. ഇത്തരം കേസിൽ പ്രതിയായ വ്യക്തിക്ക് ബി.ജെ.പി. നേതൃത്വം എല്ലാവിധ സംരക്ഷണവും നൽകുമ്പോൾ, മുൻ ഡി.ജി.പി.യായ ശ്രീലേഖയ്ക്ക് യാതൊരുവിധ സംരക്ഷണവും നൽകാൻ പാർട്ടി നേതൃത്വം തയാറായില്ല. അവരെ വട്ടിയൂർക്കാവിലാണ് മത്സരിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരഞ്ഞെടുപ്പ് ഘട്ടത്തിൽ അവരെ വിഷമിപ്പിക്കുന്ന രീതിയിൽ പ്രവർത്തിച്ച ചില നേതാക്കളുടെ നടപടികൾ സംബന്ധിച്ച് വസ്തുനിഷ്ഠമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിട്ടും പാർട്ടിയിൽനിന്ന് യാതൊരു മറുപടിയും ഉണ്ടായില്ല. ബി.ജെ.പി.യിലെ അഴിമതിയിലും ഫണ്ട് തട്ടിപ്പിലും ശ്രീലേഖയ്ക്ക് വേറിട്ടതും വ്യക്തവുമായ നിലപാടുകളാണുണ്ടായിരുന്നത്.
കഴിഞ്ഞ ഒൻപത് മാസത്തെ മേയറുടെ ഭരണം കോർപറേഷൻ ഭരണസംവിധാനത്തെ പൂർണമായും തകർത്തു തരിപ്പണമാക്കിയിരിക്കുകയാണ്. തിരുവനന്തപുരം കോർപറേഷൻ കണ്ടതിൽവെച്ച് ഏറ്റവുംവലിയ അഴിമതിയായ 'മേയർ കെയർ' പദ്ധതിയിലെ ക്രമക്കേടുകളാണ് ഒടുവിൽ ശ്രീലേഖയെ രാജിതീരുമാനത്തിലേക്ക് നയിച്ചതെന്നും എസ്.പി. ദീപക് ആരോപിച്ചു.
Content Highlights: LDF parliamentary party leader S.P. Deepak launched a sharp attack against the BJP and Thiruvananthapuram Corporation leadership regarding former DGP Sreelekha's sudden resignation.
Published: 03 Oct 2026, 03:09 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented