ചിറയിന്‍കീഴ്: മുതലപ്പൊഴി അഴിമുഖത്തെ മണല്‍നീക്കം വേഗത്തിലാക്കാന്‍ കണ്ണൂര്‍ അഴീക്കലില്‍ നിന്നുള്ള, മാരിടൈംബോര്ഡിന്റെ വലിയ ഡ്രെഡ്ജർ വെള്ളിയാഴ്ച രാവിലെ മുതലപ്പൊഴിയിലെത്തിച്ചു. അഴീക്കലില്‍നിന്ന് തിങ്കളാഴ്ച യാത്രതിരിച്ച ഡ്രെഡ്ജർ നാലുദിവസത്തെ കടല്യാത്രയ്ക്കുശേഷമാണ് മുതലപ്പൊഴിയിലെത്തിയത്.
ഈ ഡ്രെഡ്ജർ ഉപയോഗിച്ചുള്ള മണല്‍നീക്കം ഏറ്റവും വേഗത്തില്‍ത്തന്നെ ആരംഭിക്കുന്നതിന് പൊഴിമുഖം വെള്ളിയാഴ്ച പൂര്‍ണമായും മുറിക്കും. എങ്കില്‍ മാത്രമെ ഡ്രെഡ്ജറിന് തുറമുഖ ചാനലില്‍ പ്രവേശിച്ച് മണല്‍നീക്കം ആരംഭിയ്ക്കാന്‍ കഴിയൂ. ഏറ്റവും വേഗത്തില്‍ മണല്‍നീക്കം സാധ്യമാക്കുക എന്നതാണ് മത്സ്യത്തൊഴിലാളികളുടേയും ആവശ്യം.
കണ്ണൂരിൽനിന്നുള്ള ഡ്രെഡ്ജർ മുതലപ്പൊഴിയിലെത്തിയതോടെ ഒരുമാസക്കാലത്തെ മത്സ്യത്തൊഴിലാളികളുടെയും നാട്ടുകാരുടെയും ആശങ്കയും ഇക്കാര്യത്തിലുള്ള ഗവണ്മെന്റിന്റെ തലവേദനയും മാറുമെന്നാണ് പ്രതീക്ഷ. ഡ്രെഡ്ജറിന് പ്രവേശിക്കാൻ പാകത്തില്‍ അഴിമുഖത്തിന് മധ്യഭാഗത്തുകൂടി 13 മീറ്റര്‍ വീതിയിലും മൂന്നുമീറ്റര്‍ ആഴത്തിലുമാണ് ഇപ്പോള്‍ ചാലുകീറിയിരിക്കുന്നത്.
വെള്ളിയാഴ്ച വൈകീട്ട് മൂന്നുമണിയോടെ പൊഴിമുറിച്ച് കടലുമായി ബന്ധിക്കും. വേലിയേറ്റ, വേലിയിറക്ക സമയം നോക്കി വൈദഗ്ധ്യത്തോടെ വേണം പൊഴി മുറിച്ചുവിടാന്‍. ഇതിന് മത്സ്യത്തൊഴിലാളികളുടെ സഹായം തേടും. കൂടാതെ പൊഴിമുഖത്തുനിന്ന് നീക്കംചെയ്ത മണ്ണ് പുലിമുട്ടുകൾക്കരികെനിന്ന് നീക്കും. രണ്ട് മണ്ണുമാന്തിയും രണ്ട് ടിപ്പറും ഇതിനായി പ്രവർത്തിക്കുന്നുണ്ട്.
വിദഗ്ധസംഘം പരിശോധിക്കും
അഴിമുഖത്ത് മുമ്പെങ്ങുമില്ലാത്തവിധം അനിയന്ത്രിതമായി മണല്‍ത്തിട്ട രൂപപ്പെട്ടതിനേക്കുറിച്ച് പഠിക്കുന്നതിനും ഇതിന്റെ അടിസ്ഥാനത്തില്‍ നേരത്തെ നടത്തിയ മോഡല്‍ സ്റ്റഡി റിപ്പോര്‍ട്ട് ഒന്നുകൂടി പരിശോധിക്കുന്നതിനുമായി സെന്‍ട്രല്‍ വാട്ടര്‍ ആന്‍ഡ് പവര്‍ റിസര്‍ച്ച് സ്റ്റേഷനിലെ വിദഗ്ധ സംഘം മുതലപ്പൊഴിയിലെത്തുമെന്ന് ഹാര്‍ബര്‍ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അനില്‍കുമാര്‍ പറഞ്ഞു.
Content Highlights: largest dredger reaches in muthalapozhi
Published: 25 Apr 2025, 12:08 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented