തൊടുപുഴ: ഞാന്‍ മരിച്ചാലും അടുത്ത തലമുറവന്നാലും തീരാത്ത പ്രശ്നങ്ങളാണ് ഇടുക്കിയിലേതെന്ന അവസാനവാക്ക് ചൊല്ലി വാഴൂര്‍ സോമന്‍ എംഎല്‍എ വിടപറഞ്ഞ് ഒരാഴ്ചതികയുംമുന്‍പാണ് ഭൂപതിവ് നിയമഭേദഗതി ചട്ടങ്ങള്‍ക്ക് അംഗീകാരം ലഭിക്കുന്നത്. ഇടുക്കിയിലെ സാധാരണക്കാര്‍ക്കുവേണ്ടി എന്നും ശബ്ദിച്ച സോമന്റെ വേര്‍പാടും പ്രഖ്യാപനം വേഗത്തിലാക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചു എന്നുവേണം കരുതാന്‍. 21-ന് തിരുവനന്തപുരത്ത് നടന്ന ഇടുക്കി റവന്യൂ ജില്ലാ അസംബ്ലിയില്‍ പങ്കെടുത്ത് മടങ്ങുമ്പോഴാണ് വാഴൂര്‍ സോമന്‍ അന്തരിച്ചത്. ആ യോഗത്തില്‍ പട്ടയപ്രശ്നങ്ങളടക്കം അദ്ദേഹം ചൂണ്ടിക്കാട്ടി. തോട്ടം തൊഴിലാളികളുടെയും മലയോര മേഖലയിലെ ജനങ്ങളുടേയും പ്രശ്നങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി. മരണശേഷം ഇത് വലിയ ചര്‍ച്ചയായിരുന്നു.
ഇടുക്കിയിലെ പട്ടയപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മുന്നിട്ടിറങ്ങിയ നേതാവായിരുന്നു വാഴൂര്‍ സോമന്‍. എംഎല്‍എ ആയിരിക്കെ അദ്ദേഹം സഭയില്‍ ഏറ്റവും കൂടുതല്‍ സംസാരിച്ചതും ഇതേപ്പറ്റി തന്നെയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ആഴത്തിലുള്ള അറിവുമുണ്ടായിരുന്നു. കോടതി വ്യവഹാരങ്ങളിലും അദ്ദേഹത്തിന്റെ ഇടപെടലുണ്ടായി. ജില്ലയിലെ എംഎല്‍എമാര്‍ പങ്കെടുത്ത തിരുവനന്തപുരത്തെ റവന്യൂ ജില്ലാ അസംബ്ലിയില്‍ വാഴൂര്‍ വികാരഭരിതനായാണ് സംസാരിച്ചത്. തന്റെ പാര്‍ട്ടി തന്നെയാണ് റവന്യൂവകുപ്പ് ഭരിക്കുന്നതെങ്കിലും നിലപാട് പറയാന്‍ അദ്ദേഹം ഭയപ്പെട്ടില്ല. അദ്ദേഹത്തോടുള്ള കടമ നിര്‍വഹിക്കുമെന്ന് മരണശേഷം മന്ത്രിമാര്‍ പറഞ്ഞിരുന്നു. ചട്ടഭേദഗതിക്കുവേണ്ടി ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലും ആ വികാരം ഉയര്‍ന്നു.
ഷോപ്പ് സൈറ്റ് പട്ടയം
രാജാക്കാട്, കട്ടപ്പന, നെടുങ്കണ്ടം ടൗണുകളില്‍ ഷോപ്പ് സൈറ്റ് പട്ടയപ്രശ്നം നിലനില്‍ക്കുകയാണ്. ഈ പട്ടണങ്ങള്‍ കാര്‍ഡമം ഹില്‍സ് റിസര്‍വിലാണെന്നതാണ് പ്രശ്നം. ഇവിടെ 1993-ലെ ചട്ടപ്രകാരമാണ് പട്ടയം അനുവദിക്കേണ്ടത്. ഇവിടത്തെ പട്ടയനടപടികള്‍ സുപ്രീം കോടതി നിലവില്‍ വിലക്കിയിരിക്കുകയാണ്. ഈ ഉത്തരവ് മറികടക്കാന്‍ സര്‍ക്കാര്‍ എന്തുചെയ്യുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഓണത്തിനുമുന്‍പ് ഇവിടെ പട്ടയം നല്‍കുമെന്ന് റവന്യൂമന്ത്രി പറഞ്ഞിരുന്നെങ്കിലും അതിനുള്ള നീക്കമുണ്ടായിട്ടില്ല.
കയറാനാകാത്ത കാടുകള്‍
70-ലെ കൃഷിയുക്ത വനഭൂമി പതിച്ചുനല്‍കുന്ന ചട്ടം, കര്‍ഷക തൊഴിലാളികളുടെ പുനരധിവാസച്ചട്ടം, റബ്ബര്‍കൃഷി, ഏലം, തേയില, കോഫി എന്നിവയ്ക്കുള്ള പതിവ് ചട്ടം. 1993-ലെ കേരള ലാന്‍ഡ് അസൈന്‍മെന്റ് സ്‌പെഷ്യല്‍ റൂള്‍സ് തുടങ്ങിയ ചട്ടങ്ങള്‍ അനുസരിച്ച് വിവിധ വിഭാഗം ജനങ്ങള്‍ക്ക് പതിച്ചുകിട്ടിയ ഭൂമിയിലെ വകമാറ്റിയുള്ള വിനിയോഗം ക്രമീകരിക്കുക എന്ന ആവശ്യം പൂര്‍ണമായും പരിഹരിക്കപ്പെടുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍, കേസും പ്രശ്നങ്ങളുമായി കുഴഞ്ഞുമറിഞ്ഞുകിടക്കുന്ന ഈ പട്ടയപ്രശ്നങ്ങള്‍ എങ്ങനെ പരിഹരിക്കുമെന്ന് കണ്ടറിയണം. ഇതിനും പുതിയ നിയമഭേദഗതികള്‍ വേണ്ടിവന്നേക്കാം.
പരിഹരിക്കുമോ പ്രശ്‌നങ്ങള്‍
ചട്ടഭേദഗതി വന്നെന്നുകരുതി ഇടുക്കിയിലെ ഭൂപ്രശ്‌നങ്ങള്‍ അവസാനിക്കില്ല. വാഴൂര്‍ പറഞ്ഞതുപോലെ അടുത്ത തലമുറയിലേക്ക് വരെ നീശാന്‍ സാധ്യതയുള്ളതാണത്. 1960-ലെ പട്ടയഭൂമിയില്‍ വീട് നിര്‍മാണത്തിന് മാത്രമാണ് അനുമതി. കച്ചവടം ചെയ്ത് ജീവിക്കാന്‍ ഒരാള്‍ ആഗ്രഹിച്ചാല്‍ അതിന് കെട്ടിടം നിര്‍മിക്കാനാവില്ല. വാണിജ്യാവശ്യങ്ങള്‍ക്കുള്ള കെട്ടിടം, വിദ്യാലയം ഇവയൊന്നും നിര്‍മിക്കാനാവില്ല. ഇതിന് മറ്റൊരു ഭേദഗതി കൊണ്ടുവരുമെന്ന് സര്‍ക്കാര്‍ പറയുന്നു. എന്നാല്‍ നിലവിലെ ഭേദഗതിക്കുവേണ്ടി മാത്രം ആറരവര്‍ഷമാണ് വേണ്ടിവന്നത്. അടുത്ത ഭേദഗതിക്ക് ഇനിയും എത്രകാലം കാത്തിരിക്കേണ്ടിവരുമെന്ന് കണ്ടറിയണം.
Content Highlights: land assignment act ammendment vazhoor soman mla remarks
Published: 28 Aug 2025, 09:32 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented