തിരുവനന്തപുരം: അഭിമുഖ വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പിന്തുണയുമായി കെ.ടി. ജലീല്‍ എം.എല്‍.എ. അദ്ദേഹത്തിന് മനപ്പൂര്‍വം തെറ്റ് സംഭവിക്കില്ല എന്നതില്‍ 101 ശതമാനം ഉറപ്പുണ്ടെന്ന് ജലീല്‍ മാതൃഭൂമി ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ വ്യക്തമാക്കി. പിണറായി വിജയന്‍ പിതൃതുല്യനെന്ന് പറഞ്ഞത് വെറുതേയല്ല. അദ്ദേഹം പരസ്യമായി മാധ്യമങ്ങളുടെ മുന്നില്‍വെച്ച് ശാസിച്ചിട്ടുണ്ട്. നന്നാവണമെന്ന ഉദ്ദേശത്തില്‍ ശാസിക്കും. പൊതുജീവിതത്തില്‍ അതൊരു മുതല്‍ക്കൂട്ടാണ്. പിണറായി വിജയനുമായി ബന്ധപ്പെടാന്‍ തുടങ്ങിയിട്ട് 19 വര്‍ഷമായി. ഇക്കാലഘട്ടത്തില്‍ പറഞ്ഞ ഒരു കാര്യത്തിലും കാപട്യപൂര്‍ണമായ നിലപാട് തോന്നിയിട്ടില്ലെന്നും കെ.ടി. ജലീല്‍ പറഞ്ഞു.
തനിക്ക് എല്ലാ കാര്യത്തിലും വ്യക്തമായ നിലപാടുണ്ട്. പി.വി. അന്‍വര്‍ ഉന്നയിച്ച വിഷയത്തില്‍ പിന്തുണ കൊടുത്തിരുന്നു. അത് നിഷേധിക്കുന്നില്ല. അതില്‍ ഉറച്ചുനില്‍ക്കുന്നു. മുഖ്യമന്ത്രിയുമായും പാര്‍ട്ടി സെക്രട്ടറിയുമായും സംസാരിച്ചു. മുഖ്യമന്ത്രി അനുകൂലമായാണ് പ്രതികരിച്ചത്. ഗൗരവപൂര്‍വം അന്വേഷിക്കുമെന്നും കുറ്റക്കാര്‍ക്കെതിരേ നടപടിയുണ്ടാകുമെന്നും അറിയിച്ചു. റിപ്പോര്‍ട്ട് വരുംവരെ കാത്തിരിക്കണമെന്ന് പി.വി. അന്‍വറിനോട് പറഞ്ഞു. പിന്നീടാണ് അദ്ദേഹം മറ്റൊരു രീതിയിലേക്ക് പോകുന്നത്. അതിനോട് യോജിക്കാന്‍ കഴിയില്ലെന്നും ജലീല്‍ അറിയിച്ചു.
മുഖ്യമന്ത്രി ഒരു കാര്യം പറഞ്ഞാല്‍ അതില്‍ തീര്‍പ്പുണ്ടായിട്ടുണ്ട്. കുറച്ച് താമസിച്ചാലും ഇക്കാര്യത്തില്‍ തീര്‍പ്പുണ്ടാകും. എ.ഡി.ജി.പി. പദവിയിലിരിക്കുന്ന ഒരാളെ സംബന്ധിച്ച ആരോപണങ്ങളില്‍ വ്യക്തത വരുത്താതെ അയാളെ മാറ്റുന്നത്, അയാള്‍ കുറ്റക്കാരനല്ലെങ്കില്‍ അത് അയാള്‍ക്കുണ്ടാക്കുന്ന മാനസിക ബുദ്ധിമുട്ട് കാണാതെ പോകരുത്. എ.ഡി.ജി.പി.യുടെ വിഷയത്തില്‍ തീരുമാനമുണ്ടാകും. പൂരം കലക്കിയത് സംബന്ധിച്ചും അവിഹിത സമ്പാദ്യവുമായി ബന്ധപ്പെട്ടും മുഖ്യമന്ത്രിയുമായി സംസാരിച്ചിരുന്നു. സത്യമാണെങ്കില്‍ കര്‍ശനമായ നടപടിയുണ്ടാകേണ്ടതുണ്ട്. അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍നിന്ന് ഒഴിവാക്കുക മാത്രമല്ല ചെയ്യേണ്ടത്. അതിനേക്കാള്‍ ഗൗരവമായ തെറ്റുകള്‍ ചെയ്തിട്ടുണ്ട്. അതിനെ സംബന്ധിച്ച അന്വേഷണം ഉണ്ടാകുകയും ശിക്ഷ വേണമെങ്കില്‍ നല്‍കുകയും വേണമെന്നും ജലീല്‍ പറഞ്ഞു.
അജിത് കുമാര്‍ സംഘപരിവാര്‍ ബന്ധമുള്ളയാളാണെങ്കില്‍ ഒരു നിലയ്ക്കും ഈ സര്‍ക്കാര്‍ വെച്ചുപൊറുപ്പിക്കില്ല. നേരത്തെ സെന്‍ കുമാറിനെ മാറ്റിനിര്‍ത്തിയ ഘട്ടത്തില്‍ അദ്ദേഹത്തെ ഡി.ജി.പി.യാക്കണം എന്ന് പറഞ്ഞ് കളത്തിലിറങ്ങിയത് പ്രതിപക്ഷമല്ലേ? ആരാണ് അദ്ദേഹത്തിന്റെ കേസ് സുപ്രീംകോടതിയില്‍ ടേക്ക് ചെയ്തത്. അജിത്കുമാര്‍ സംഘികളുടെ കൂട്ടത്തിലാണെങ്കില്‍ സെന്‍കുമാറിനോട് കാണിച്ച അതേ നടപടി തന്നെയാകും സ്വീകരിക്കുക. കേരളത്തിന്റെ മുഖ്യമന്ത്രി ഒരേസമയം ഹിന്ദു വര്‍ഗീയതയേയും മുസ്‌ലിം വര്‍ഗീയതയേയും ക്രിസ്ത്യന്‍ വര്‍ഗീയതയേയും എതിര്‍ക്കുന്നു. അതുകൊണ്ട് മൂന്ന് കൂട്ടത്തിലുള്ള വര്‍ഗീയ ശക്തികളും മുഖ്യമന്ത്രിയേയും സി.പി.എമ്മിനേയും ഒരേസമയം ആക്രമിക്കുന്നുവെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: kt jaleel about pv anvar and cms interview
Published: 03 Oct 2024, 04:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented