തിരുവനന്തപുരം: കെ.എസ്.യു. പ്രശ്നങ്ങളിൽ പാർട്ടി ഇടപെടുമെന്ന് സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. കെ.എസ്.യുവും സർക്കാരും തമ്മിൽ നിലവിൽ പ്രശ്നങ്ങളില്ല. എന്നാൽ തങ്ങൾ ഉന്നയിച്ച വിഷയങ്ങൾ അതേപടി നിലനിൽക്കുന്നുണ്ടെന്നും കെ.എസ്.യുക്കാരുടെ പ്രയാസം പാർട്ടി കേൾക്കുമെന്നും അദ്ദേഹം പറഞ്ഞു.

To advertise here,

മുഖ്യമന്ത്രി മുഖം തരാതെ പോയതുമായി ബന്ധപ്പെട്ട ചോദ്യത്തിന്, ആ വിഷയത്തിൽ ഇനി ഒരു വരിപോലും കൂടുതലോ കുറവോ പറയാൻ താത്പര്യപ്പെടുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. കൃത്യതയോടെ മാധ്യമങ്ങളോട് കാര്യങ്ങൾ മുൻപുതന്നെ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'മുഖ്യമന്ത്രിയുമായും അദ്ദേഹത്തിന്റെ ഓഫീസുമായും നിരന്തരം ബന്ധപ്പെടുന്നുണ്ട്. ഇതിൽ പാർട്ടിയും ഇടപെടുന്നുണ്ട്. അദ്ദേഹം കെ.എസ്.യുക്കാരുടെയും കോൺഗ്രസ് പാർട്ടിയുടെയും മാത്രം മുഖ്യമന്ത്രിയല്ല, കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. അദ്ദേഹത്തിന്റെ വലിയ രീതിയിലുള്ള തിരക്കുകളെ ഞങ്ങൾ മാനിക്കുന്നു. മുഖ്യമന്ത്രിയുമായി സംസാരിച്ചതിന് ശേഷം വിഷയത്തിൽ കൂടുതൽ പ്രതികരണങ്ങൾ നടത്താം.'

'സ്വതന്ത്രമായി അഭിപ്രായം പറയാൻ അവകാശമുള്ള പ്രസ്ഥാനമാണ് കെ.എസ്.യു. 1957 മുതൽ ഇങ്ങോട്ട് അത്തരത്തിലാണ് ഞങ്ങളുടെ പ്രവർത്തന ശൈലി. ഭരണപക്ഷമെന്നോ പ്രതിപക്ഷമെന്നോ യാതൊരു വ്യത്യാസവുമില്ലാതെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം പാർട്ടി നൽകുന്നുണ്ട്. അഭിപ്രായം പറയുന്ന കാര്യത്തിൽ അതിനെ ഗ്രൂപ്പിന്റെ വാലിൽ കൊണ്ടുവന്ന് കെട്ടുന്നത് ശരിയായ നിലപാടല്ല. ഇതിൽ യാതൊരുവിധ ഗ്രൂപ്പ് താല്പര്യങ്ങളുമില്ല. ഇത് പൂർണമായും കെ.എസ്.യുക്കാരുമായി ബന്ധപ്പെട്ട വിഷയമാണ്'- അദ്ദേഹം വ്യക്തമാക്കി.