തിരുവനന്തപുരം: ശമ്പളവിതരണം കൃത്യമാക്കണമെന്നാവശ്യപ്പെട്ട് സമരംചെയ്ത കെ.എസ്.ആര്‍.ടി.സി. ജീവനക്കാരുടെ ശമ്പളം വൈകില്ല. സമരത്തില്‍ പങ്കെടുത്ത ജീവനക്കാരുടെ ശമ്പള ബില്ലുകള്‍ മറ്റ് ജീവനക്കാര്‍ക്കൊപ്പം സ്പാര്‍ക്ക് വെബ്‌സൈറ്റില്‍ ചേർക്കാൻ ഉത്തരവിറങ്ങി.ഡയസ്‌നോണ്‍ എന്‍ട്രി വരുന്ന ജീവനക്കാരുടെ ഫ്രെബുവരി മാസത്തെ ശമ്പള ബില്ലുകള്‍ പ്രത്യേകമായി പ്രോസസ് ചെയ്യേണ്ടതില്ലെന്നും ഇവ മറ്റു ബില്ലുകള്‍ക്കൊപ്പം പ്രോസസ് ചെയ്ത് സമയബന്ധിതമായി അപ്രൂവല്‍ നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.
ഫെബ്രുവരി നാലിനാണ് വിവിധ ആവശ്യങ്ങളുന്നയിച്ച് കെ.എസ്.ആര്‍.ടി.സി.യില്‍ ട്രാന്‍സ്പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്റെ (ടി.ഡി.എഫ്.) നേതൃത്വത്തില്‍ ഒരു വിഭാഗം ജീവനക്കാര്‍ പണിമുടക്കിയത്. ശമ്പളവും പെന്‍ഷനും ഒന്നാം തീയതി വിതരണം ചെയ്യുക, ഡി.എ.കുടിശ്ശിക പൂര്‍ണമായും അനുവദിക്കുക, ശമ്പള പരിഷ്‌കരണ കരാറിന്റെ സര്‍ക്കാര്‍ ഉത്തരവ് ഇറക്കുക, ബസ് റൂട്ടുകള്‍ സ്വകാര്യവത്കരിക്കുന്നത് അവസാനിപ്പിക്കുക തുടങ്ങി 12 ആവശ്യങ്ങളുന്നയിച്ചായിരുന്നു പണിമുടക്ക്.
ഇതിന് പിന്നാലെയാണ് സമരംചെയ്ത ടി.ഡി.എഫ്. പ്രവര്‍ത്തകരുടെ ശമ്പളം വൈകിപ്പിക്കാന്‍ കെ.എസ്.ആര്‍.ടി.സി. മാനേജ്മെന്റ് നീക്കം നടത്തിയത്. പണിമുടക്കിയവരുടെ ശമ്പള ബില്‍ സ്പാര്‍ക്ക് സെല്ലിന്റെ അനുമതി ലഭിച്ച ശേഷം മാത്രമേ അനുവദിക്കാവൂ എന്ന് യൂണിറ്റ് അധികാരികള്‍ക്കും സോണല്‍ മേധാവികള്‍ക്കും നിര്‍ദേശം നല്‍കിയെന്നായിരുന്നു വാര്‍ത്തകള്‍. പണിമുടക്കാത്തവരുടെ ശമ്പള ബില്ലുകള്‍ കൃത്യസമയത്തുതന്നെ നല്‍കണമെന്നും ചീഫ് അക്കൗണ്ട് ഓഫീസര്‍ ആവശ്യപ്പെട്ടിരുന്നു.
ഇതോടെ വിഷയത്തില്‍ വലിയ തോതില്‍ പ്രതിഷേധം ഉയര്‍ന്നു. ശമ്പളവിതരണം കൃത്യമാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ടി.ഡി.എഫിന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ സമയം ചെയ്തത്. ഡയസ്നോണ്‍ പ്രഖ്യാപിച്ചാണ് സര്‍ക്കാരും കെ.എസ്.ആര്‍.ടി.സി. മാനേജുമെന്റും സമരത്തെ നേരിട്ടത്. ഇതിന് പുറമേയാണ് ശമ്പളം വൈകിപ്പിക്കാന്‍ ശ്രമം നടന്നത്. ഇതോടെ ഉത്തരവ് പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ സമരം തുടങ്ങുമെന്ന് ടി.ഡി.എഫ്. അറിയിച്ചിരുന്നു. പിന്നാലെയാണ് കെ.എസ്.ആര്‍.ടി.സി. ഉത്തരവ് തിരുത്തിയത്.
Content Highlights: ksrtc-salary-strike-resolved
Published: 24 Feb 2025, 05:59 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented