സുൽത്താൻബത്തേരി: ദേശീയപാതയിൽ മുത്തങ്ങ എടത്തറയിൽ കെഎസ്ആർടിസി സ്കാനിയ ബസ്സിടിച്ച് പുള്ളിമാൻ ചത്ത സംഭവത്തിൽ വനംവകുപ്പ് സുൽത്താൻബത്തേരി കോടതിയിൽ പ്രാഥമിക റിപ്പോർട്ട് നൽകി. വന്യജീവിസംരക്ഷണനിയമത്തിൽ നായാട്ടിനുള്ള സെക്‌ഷൻ ഒൻപത് പ്രകാരം ഡ്രൈവറുടെ പേരിൽ കേസെടുത്തിട്ടുണ്ട്. കുറിച്യാട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിലാണ് പ്രാഥമിക റിപ്പോർട്ട് നൽകിയത്.
സെക്‌ഷൻ ഒൻപത് 16(എ) പ്രകാരം കസ്റ്റഡിയിലെടുത്ത ബസ് ഇപ്പോൾ ബത്തേരി ഫോറസ്റ്റ് സെക്‌ഷൻ ഓഫീസിലാണുള്ളത്. ഇനി കോടതിനിർദേശപ്രകാരമേ ബസ് നിരത്തിലിറക്കാനാകൂ. ബോണ്ട് കെട്ടിവെച്ചോ, അല്ലെങ്കിൽ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ അന്വേഷണറിപ്പോർട്ട് സമർപ്പിച്ച ശേഷമോ മാത്രമേ ബസ് വിട്ടുകിട്ടൂ. ദീർഘദൂര സർവീസായതിനാൽ നടപടികൾ വനംവകുപ്പ് വേഗത്തിലാക്കിയിട്ടുണ്ട്.
തിരുവനന്തപുരത്തുനിന്ന് വെള്ളിയാഴ്ച വൈകീട്ട് നാലിന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട ബസാണ് ശനിയാഴ്ച രാവിലെ ആറോടെ വനമേഖല തുടങ്ങുന്ന എടത്തറയിൽ പുള്ളിമാനിനെ ഇടിച്ചത്. മാൻകൂട്ടം റോഡ് മുറിച്ചുകടക്കുന്നതിനിടെ അതിലൊന്നിനെ ബസ്സിടിക്കുകയായിരുന്നു.
റോഡിന്റെ പ്രതലത്തോട് ചേർന്ന രീതിയിലുള്ള (ലോഫ്ലോർ) ബസായതിനാൽ മാൻ അടിയിൽ കുടുങ്ങുകയും കുറച്ചുദൂരം മാനിനെ വലിച്ചിഴച്ചുകൊണ്ടുപോയെന്നുമാണ് വിവരം. പിന്നിലുണ്ടായിരുന്ന ബൈക്ക് യാത്രക്കാർ ശ്രദ്ധയിൽപ്പെടുത്തിയതോടെയാണ് ബസ് നിർത്തിയത്. ഈ റൂട്ടിൽ വന്യമൃഗങ്ങൾ റോഡ് മുറിച്ചുകടക്കാൻ സാധ്യതയുള്ളതിനാൽ പ്രത്യേകം ശ്രദ്ധിക്കണമെന്ന് നേരത്തേ ഡ്രൈവർമാർക്ക് നിർദേശം നൽകിയിരുന്നതായി കെഎസ്ആർടിസി അധികൃതർ പറഞ്ഞു.
വാഹനമിടിച്ച് ചത്താലും കേസ് നായാട്ടിനുതന്നെ
വന്യജീവിസംരക്ഷണനിയമ പ്രകാരം വാഹനമിടിച്ച് ഏതെങ്കിലും വന്യജീവി ചത്താൽ കേസെടുക്കുന്നത് നായാട്ടിനുള്ള സെക്‌ഷൻ പ്രകാരം. വന്യജീവിസംരക്ഷണനിയമത്തിലെ സെക്‌ഷൻ ഒൻപതിലാണ് നായാട്ട്. ഏതെങ്കിലും തരത്തിൽ ഒരു വന്യജീവിയെ കൊല്ലുന്നത് മാത്രമല്ല, അതിന് ശ്രമിക്കുന്നതും നായാട്ടിന്റെ പരിധിയിലാണ് വരുക. വണ്ടിയിടിച്ച് വന്യജീവി ചത്താലും ഈ വകുപ്പുപ്രകാരമാണ് വനംവകുപ്പ് കേസെടുക്കുക. സംഭവം മനഃപൂർവമല്ലെന്ന് പിന്നീട് അന്വേഷണത്തിൽ ബോധ്യപ്പെട്ടാൽ ഈ വകുപ്പ് ഒഴിവാക്കി റിപ്പോർട്ട് നൽകും. സംരക്ഷിതപട്ടികയിലുള്ള മൃഗങ്ങൾ വാഹനമിടിച്ച് ചത്താൽ കടുത്ത നിയമനടപടികൾ നേരിടേണ്ടിവരുമെന്നും ഇതുവഴി പോകുന്നവർ വേഗംകുറച്ച് ശ്രദ്ധാപൂർവം വാഹനമോടിക്കണമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
Content Highlights: KSRTC Bus Hits Deer Driver Charged
Published: 21 Apr 2025, 08:35 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented