തിരുവനന്തപുരം: വൈദ്യുതിനിയന്ത്രണത്തിൽ അയവുവരുത്താൻ ഒരു വർഷത്തേക്ക് 200 മെഗാവാട്ട് വൈദ്യുതികൂടി വാങ്ങാൻ കെ.എസ്.ഇ.ബി.ക്ക് റെഗുലേറ്ററി കമ്മിഷൻ വാക്കാൽ അനുമതി നൽകി. ശനിയാഴ്ച തെളിവെടുപ്പു നടത്തിയശേഷം ഔദ്യോഗിക അനുമതി നൽകും.
യൂണിറ്റിന് 5.96 രൂപയാണ് വില. ഒരു വർഷത്തേക്ക് ദിവസംമുഴുവൻ 200 മെഗാവാട്ട് വൈദ്യുതിക്കാണ് കരാർ. വർഷം ഏകദേശം 140 കോടി യൂണിറ്റ് വരുമിത്. ചെലവ് ഏകദേശം 840 കോടി രൂപയും. എൻ.ടി.പി.സി. വിദ്യുത് വ്യാപാർ നിഗം ലിമിറ്റഡ്, പവർ പ്ലസ് ട്രേഡിങ് സൊലൂഷ്യൻസ് ലിമിറ്റഡ് എന്നീ കമ്പനികളിൽനിന്ന് അടുത്തവർഷം ജൂലായ് 14 വരെയാണ് വാങ്ങുന്നത്. വൈദ്യുതി ഉടൻ വാങ്ങിത്തുടങ്ങും. നിയന്ത്രണത്തിൽ ചെറിയ ഇളവുണ്ടാവും. എന്നാലും തുടരേണ്ടിവരും. കാരണം മഴയില്ലാത്ത ദിവസങ്ങളിൽ 600 മെഗാവാട്ടുവരെ വൈദ്യുതി കുറവുണ്ട്.
ടെൻഡർ വ്യവസ്ഥകളിൽ ഭേദഗതി അനുവദിച്ചു
അഞ്ചുവർഷത്തേക്ക് 300 മെഗാവാട്ട് വാങ്ങുന്നതിന് ടെൻഡർ വ്യവസ്ഥകളിൽ കെ.എസ്.ഇ.ബി. ആവശ്യപ്പെട്ട ഭേദഗതിയും റെഗുലേറ്ററി കമ്മിഷൻ അനുവദിച്ചു. വൈകാതെ കെ.എസ്.ഇ.ബി. ഇതിനായും ടെൻഡർ വിളിക്കും. വ്യാഴാഴ്ച രാത്രി ഒന്നര മണിക്കൂറോളം വൈദ്യുതി മുടങ്ങി. 493 മുതൽ 850 മെഗവാട്ടുവരെ വൈദ്യുതി നിയന്ത്രിക്കേണ്ടിവന്നു. നിയന്ത്രണത്തിൽ വ്യാപകമായ പ്രതിഷേധം ഉയരുന്നതിനാലും ന്യായമായ വിലയ്ക്ക് കിട്ടുന്നതുകൊണ്ടുമാണ് 140 കോടി യൂണിറ്റ് വൈദ്യുതി 840 കോടി രൂപ മുടക്കി വാങ്ങാൻ തീരുമാനിച്ചത്. ഈ ചെലവ് ഭാവിയിലെ വൈദ്യുതി നിരക്കിലൂടെ ഉപഭോക്താവുതന്നെ നൽകേണ്ടിവരും.
ലോകകപ്പ് ഫൈനലിന് വൈദ്യുതി മുടങ്ങില്ല
കൂടുതൽ വൈദ്യുതി വാങ്ങുന്നതിനാൽ ലോകകപ്പ് ഫൈനൽ ദിവസമായ ഞായറാഴ്ച കേരളത്തിൽ വൈദ്യുതി നിയന്ത്രണം ഉണ്ടാവില്ലെന്ന് കെ.എസ്.ഇ.ബി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ഡോ. എം.ജി. രാജമാണിക്യം പറഞ്ഞു.
ഇപ്പോഴത്തെ വൈദ്യുതി പ്രതിസന്ധി കെ.എസ്.ഇ.ബി. സൃഷ്ടിച്ചതല്ല. മഴ കുറഞ്ഞതിനാൽ എല്ലാ സംസ്ഥാനങ്ങളിലും വൈദ്യുതി ആവശ്യകത കൂടി. ഇതോടെ തത്സമയ വിപണിയിൽ വൈദ്യുതി കിട്ടാതെ വന്നു. ഇതിനായി ചെലവിടുന്ന പണം പിന്നീട് ഉപഭോക്താവുതന്നെ നൽകുന്നതിനെക്കാൾ നല്ലത് ചെറിയ തോതിലുള്ള നിയന്ത്രണമാണെന്നും അദ്ദേഹം പറഞ്ഞു.
കരാർ പുനഃസ്ഥാപിക്കാൻ കപിൽ സിബിൽ വാദിക്കും
കുറഞ്ഞവിലയ്ക്കുള്ള വൈദ്യുതി കരാറുകൾ റദ്ദാക്കിയത് പുനഃസ്ഥാപിക്കാനുള്ള സുപ്രീം കോടതിയിലെ കേസിൽ കെ.എസ്.ഇ.ബിക്കുവേണ്ടി പ്രഗല്‌ഭ അഭിഭാഷകനായ കപിൽ സിബിലിനെ നിയോഗിക്കുമെന്ന് മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. യൂണിറ്റിന് 4.29 രൂപയ്ക്ക് കിട്ടുമായിരുന്ന കരാറാണ് ചട്ടവിരുദ്ധമെന്നപേരിൽ റെഗുലേറ്ററി കമ്മിഷൻ റദ്ദാക്കിയത്. പിന്നീട് സർക്കാരിന്റെ ആവശ്യപ്രകാരം കരാറുകൾ പുനഃസ്ഥാപിച്ചെങ്കിലും വൈദ്യുതി നൽകാൻ കമ്പനികൾ വിസമ്മതിച്ചു. ഇതിനെതിരേയാണ് കെ.എസ്.ഇ.ബി. സുപ്രീംകോടതിയെ സമീപിച്ചത്.
Content Highlights: KSEB receives verbal approval to buy 200MW of additional power
Published: 18 Jul 2026, 04:44 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented