തിരൂരങ്ങാടി: തിരഞ്ഞെടുപ്പിന്റെ പോർമുഖത്ത് നിൽക്കുമ്പോൾ പാർട്ടിയെ പ്രതിസന്ധിയിലാക്കുന്നത് ആരായാലും അവർ പാർട്ടിയുടെ ശത്രുക്കളാണെന്ന് മുസ്‌ലിം ലീഗ് നേതാവ് കെപിഎ മജീദ്.

To advertise here,

പാണക്കാട്ടുനിന്ന് ഒരു പ്രഖ്യാപനം വന്നാൽ അത് നെഞ്ചേറ്റുന്നതാണ് പാർട്ടി പ്രവർത്തകരുടെ പാരമ്പര്യമെന്നും മജീദ് വ്യക്തമാക്കി. തിരൂരങ്ങാടിയിലെ സ്ഥാനാർഥി നിർണയത്തിനെതിരെ മുതിർന്ന നേതാവ് അബ്ദുറഹിമാൻ രണ്ടത്താണി പരസ്യമായി രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് മജീദിന്റെ പ്രതികരണം. തിരൂരങ്ങാടിയിലെ സിറ്റിങ് എംഎൽഎ കൂടിയാണ് കെപിഎ മജീദ്. ഇവിടെ പിഎംഎ സമീറിനെ സ്ഥാനാർഥിയാക്കി ലീഗ് പ്രഖ്യാപിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് രണ്ടത്താണി കടുത്ത വിമർശനവുമായി രംഗത്തെത്തിയത്. 'എകെ ആന്റണിയും അവുക്കാദർ കുട്ടി നഹസാഹിബും യു എ ബീരാൻ സാഹിബും പ്രതിനിധീകരിച്ച തിരൂരങ്ങാടി നിയോജക മണ്ഡലത്തിൽ നിന്ന് ഒരു പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയോ മുനിസിപ്പൽ കമ്മിറ്റിയോ പാർട്ടി പ്രവർത്തകരോ ആവശ്യപ്പെടാതെ സമീപകാലത്ത് പ്രത്യക്ഷപ്പെട്ട പി.എം.എ സമീർ എന്നൊരാളെ അർഹതപ്പെട്ടവരുണ്ടായിട്ടും അവരെ അവഗണിച്ച് നിഷ്‌കളങ്കരായ തങ്ങന്മാരെ കരുവാക്കി ചിലരുടെ താൽപര്യത്തിനായി സ്ഥാനാർഥിയാക്കിയതിന്റെ മാനദണ്ഡം പാർട്ടിയെ സ്നേഹിക്കുന്നവർ ചോദ്യം ചെയ്താൽ അച്ചടക്ക ലംഘനമായി കാണരുത്' എന്ന് അബ്ദുറഹിമാൻ രണ്ടത്താണി ഫെയ്‌സ്ബുക്കിൽ കുറിപ്പിട്ടു.

എന്നാൽ പരിചയ സമ്പന്നരും പരിഗണിക്കപ്പെടേണ്ടവരും പുതുമുഖങ്ങളുമുള്ള മികച്ച സ്ഥാനാർത്ഥി പട്ടികയാണ് പ്രിയപ്പെട്ട സാദിഖലി ശിഹാബ് തങ്ങൾ അവതരിപ്പിച്ചതെന്ന് കെപിഎ മജീദ് ചൂണ്ടിക്കാട്ടി. ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെയും പ്രതികരണം.

'ശ്രമകരമായ ഈ ദൗത്യം ഭംഗിയായി നിർവ്വഹിച്ച സാദിഖലി ശിഹാബ് തങ്ങളെ അഭിനന്ദിക്കുകയാണ്.

പാണക്കാട്ടുനിന്ന് ഒരു പ്രഖ്യാപനം വന്നാൽ അത് നെഞ്ചേറ്റുന്നതാണ് പാർട്ടി പ്രവർത്തകരുടെ പാരമ്പര്യം.

ആ അച്ചടക്കവും ആത്മാർത്ഥതയും തന്നെയാണ് മുസ്ലിംലീഗ് നേതാക്കളെയും പ്രവർത്തകരെയും വ്യത്യസ്തരാക്കുന്നത്.

27 സീറ്റുകൾ മാത്രമുള്ള മുസ്ലിംലീഗിന് എല്ലാവരെയും തൃപ്തിപ്പെടുത്തിയും പരിഗണിച്ചും ഒരു സ്ഥാനാർത്ഥി പട്ടികയും പുറത്തിറക്കാൻ കഴിയില്ല. പട്ടികയിൽ ഉൾപ്പെട്ട ഓരോരുത്തരും കഴിവും പ്രാഗത്ഭ്യവുമുള്ളവരാണ്. അവരെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കുക എന്നതാണ് ഇനി മുസ്ലിംലീഗ് പ്രവർത്തകരുടെയും യു.ഡി.എഫിന്റെയും ഉത്തരവാദിത്തം.

തെരഞ്ഞെടുപ്പിന്റെ പോർമുഖത്ത് നിൽക്കുമ്പോൾ പാർട്ടിയെ പ്രതിസന്ധിയിലാക്കുന്നത് ആരായാലും അവർ പാർട്ടിയുടെ ശത്രുക്കളാണ്.

പൊതുസമൂഹം ഒറ്റക്കെട്ടായി അഭിനന്ദനങ്ങൾ ചൊരിഞ്ഞ ഈ സ്ഥാനാർത്ഥി പട്ടികയിലെ ഓരോരുത്തരെയും വിജയിപ്പിക്കാൻ നമുക്ക് കർമ്മ രംഗത്തിറങ്ങാം' മജീദ് കുറിച്ചു.