കോഴിക്കോട്: ജില്ലയില്‍ ഇന്ന് (22.04.20) രണ്ടുപേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 22 ആയി. 11 പേര് രോഗമുക്തരായി ആശുപത്രി വിട്ടതിനാല്‍ 11 പേരാണ് ചികിത്സയില്‍ തുടരുന്നത്. ഇതുകൂടാതെ ഒരു കണ്ണൂര്‍ സ്വദേശിക്കും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ചികിത്സയിലുണ്ടായിരുന്ന 4 ഇതര ജില്ലക്കാര്‍ നേരത്തെ രോഗമുക്തരായി ആശുപത്രി വിട്ടിരുന്നു.
ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ ഒരാള്‍ ഇഖ്റ ഹോസ്പിറ്റലില്‍ ഐ.സി.യു.വില്‍ ജോലി ചെയ്തിരുന്ന നേഴ്സ് ആണ്. ഈ മാസം 11 ന് കോവിഡ് സ്ഥിരീകരിച്ച എടച്ചേരി സ്വദേശി ഇഖ്റ ആശുപത്രിയില്‍ ഉണ്ടായിരുന്ന സമയത്ത് അവരെ പരിചരിച്ചിരുന്നു. അവരുമായുള്ള സമ്പര്‍ക്കത്തില്‍ നിന്നാണ് ഇവര്‍ക്ക് രോഗം പകര്‍ന്നതെന്ന് കരുതുന്നു. ഏപ്രില്‍ 5, 6, 7, 8 തീയ്യതികളില്‍ ഇവര്‍ ഇഖ്റ ആശുപത്രിയില്‍ ഐ.സി.യു.വില്‍ ജോലി ചെയ്തിരുന്നു. 9, 10, 11 തീയതികളില്‍ ഇവര്‍ അവധിയിലായിരുന്നു. 11 ന് എടച്ചേരി സ്വദേശിയുടെ കോവിഡ് പരിശോധനാഫലം പോസിറ്റീവ് അതിനെത്തുടര്‍ന്ന് ഈ നഴ്സ് ഉള്‍പ്പെടെ അദ്ദേഹത്തെ പരിചരിച്ച മുഴുവന്‍ പേരെയും ക്വാറന്റയിനിലേക്ക് മാറ്റിയിരുന്നു.
തുടര്‍ന്ന് 20.04.3020 ന് അച്ഛനോടൊപ്പം സ്വന്തം കാറില്‍ രാവിലെ 7 മണിക്ക് ഇഖ്റ ഹോസ്പിറ്റല്‍ വരികയും സ്രവപരിശോധ നടത്തി ഒമ്പതര മണിയോടെ തിരിച്ച് വീട്ടില്‍ പോവുകയും ചെയ്തു. ഇന്ന് പരിശോധനാഫലം പോസിറ്റീവായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജിലെ കോവിഡ് ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ട് ഇപ്പോള്‍ രോഗലക്ഷണങ്ങള്‍ ഒന്നുമില്ല, നില തൃപ്തികരമാണ്.
ഇന്ന് കോവിഡ് സ്ഥിരീകരിച്ച രണ്ടാമത്തെ വ്യക്തി മെഡിക്കൽ കോളേജിലെ ഹൗസ് സർജനാണ്. ഇവര്‍ മാര്‍ച്ച് 20 ന് നിസാമുദ്ദീന്‍ ട്രിവാന്‍ഡ്രം എക്സ്പ്രസ്സില്‍ യാത്ര ചെയ്ത ആളാണ്. 11.40 ന് ഡല്‍ഹിയില്‍ നിന്ന് ട്രെയിനില്‍ കയറുകയും മാര്‍ച്ച് 22 ന് വൈകിട്ട് 6 30ന് കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റഫോം നമ്പര്‍ ഒന്നില്‍ എത്തിച്ചേരുകയും ചെയ്തു. അവിടെ നിന്ന് റെയില്‍വേ സ്ക്വാഡ് പരിശോധിക്കുകയും 14 ദിവസം ക്വാറന്റയിനില്‍ കഴിയാന്‍ നിര്‍ദ്ദേശിച്ചതു പ്രകാരം ക്വാറന്റയിനില്‍ കഴിയുകയുമായിരുന്നു.
ഏപ്രില്‍ 3ന് ആലപ്പുഴ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച ഡല്‍ഹിയിലെ തബ്ലീഗി ജമാഅത്ത് മര്‍ക്കസിലെ മത ചടങ്ങില്‍ പങ്കെടുത്ത വ്യക്തി സഞ്ചരിച്ച അതേ കോച്ചിലാണ് ഇദ്ദേഹവും യാത്ര ചെയ്തത് എന്ന വിവരം ലഭിച്ചതിനാല്‍ കോഴിക്കോട് ജില്ലയിലെ ആരോഗ്യ വിഭാഗം ഇദ്ദേഹത്തെ ബന്ധപ്പെടുകയും 28 ദിവസം നിര്‍ബന്ധമായും ക്വാറന്റയിനില്‍ കഴിയാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്ത് പ്രകാരം ക്വാറന്റയിന്‍ പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു.
ക്വാറന്റയിന്‍ പൂര്‍ത്തിയായതിനുശേഷം ഈ മാസം 20 ന് മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലില്‍ തിരികെ ജോയിന്‍ ചെയ്യാന്‍ സമയത്ത് നടത്തിയ സ്ക്രീനിങ്ങില്‍ കോവിഡ് സ്വീകരിച്ചതിനെത്തുടര്‍ന്ന് ഇദ്ദേഹത്തെ മെഡിക്കല്‍ കോളേജിലെ കോവിഡ് ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. ഇപ്പോള്‍ രോഗലക്ഷണങ്ങള്‍ ഒന്നും തന്നെ ഇല്ല, നില തൃപ്തികരമാണ്.
ജില്ലയില്‍ ഇന്ന് 1413 പേര് കൂടി വീടുകളില്‍ നിരീക്ഷണം പൂര്‍ത്തിയാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി അറിയിച്ചു. ഇതോടെ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കിയവരുടെ എണ്ണം 19,010 ആയി. 3803 പേരാണ് നിരീക്ഷണത്തില്‍ ബാക്കിയുള്ളത്. ഇന്ന് പുതുതായി വന്ന 12 പേര് ഉള്‍പ്പെടെ ആകെ 28 പേരാണ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. 11 പേരെ ഡിസ്ചാര്‍ജ്ജ് ചെയ്തു.
ഇന്ന് 15 സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 747 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 731 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 704 എണ്ണം നെഗറ്റീവ് ആണ്. 16 പേരുടെ ഫലം ലഭിക്കാനുണ്ട്.
Published: 22 Apr 2020, 07:14 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented