കോഴിക്കോട്: പതിവുപരിശോധനയ്ക്ക് ഷാപ്പിൽനിന്ന് ശേഖരിച്ച സാംപിൾ കള്ള് എക്സൈസ് ഓഫീസിലും പരിശോധനാലാബിലും എത്തിച്ചില്ല. സംഭവത്തിൽ എക്സൈസ് പ്രിവന്റീവ് ഓഫീസർക്ക് (ഗ്രേഡ്) എതിരേ അന്വേഷണം തുടങ്ങി. താമരശ്ശേരി എക്സൈസ് റെയ്‌ഞ്ച് ഓഫീസിലാണ് സംഭവം. ഈ റെയ്‌ഞ്ചിനുകീഴിലെ ആനക്കാംപൊയിൽ, നരിക്കുനി എന്നിവിടങ്ങളിലെ രണ്ട് കള്ളുഷാപ്പുകളിൽനിന്നാണ് എക്സൈസ് പ്രിവന്റീവ് ഓഫീസർ സാംപിളുകൾ ശേഖരിച്ചത്.
രണ്ടുഷാപ്പുകളിൽനിന്നുമായി 500 മില്ലിലിറ്റർ വീതമുള്ള നാലുകുപ്പി കള്ളാണ് ശേഖരിച്ചത്. രണ്ടുകുപ്പി കള്ള് രാസപരിശോധനയ്ക്കായി കോഴിക്കോട് റീജണൽ കെമിക്കൽ എക്സാമിനേഴ്‌സ് ലാബിലേക്കും മറ്റ് രണ്ടുകുപ്പികൾ കോഴിക്കോട് എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ ഓഫീസിൽ സൂക്ഷിക്കാനുമുള്ളതാണ്. രണ്ടുഷാപ്പുകളിൽനിന്നായി കള്ളിന്റെ സാംപിളുകൾ ശേഖരിച്ച വിവരം ഇ-മെയിൽ വഴി എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ ഓഫീസിൽ താമരശ്ശേരി റെയ്‌ഞ്ച് ഓഫീസ് മുഖേന ലഭിച്ചു. എന്നാൽ, ഡെപ്യൂട്ടി കമ്മിഷണർ ഓഫീസിലേക്കോ പരിശോധനാലാബിലേക്കോ ദിവസങ്ങൾ കഴിഞ്ഞിട്ടും കള്ളുകുപ്പികൾ എത്തിയതുമില്ല.
റെയ്‌ഞ്ചുകളിലെ കള്ളുഷാപ്പ് പരിശോധനയുമായി ബന്ധപ്പെട്ട ഫയലുകൾ പരിശോധിക്കുന്നതിനിടയിൽ ഡെപ്യൂട്ടി കമ്മിഷണർ ഓഫീസിലെ എക്സൈസ് ഉദ്യോഗസ്ഥനാണ് ഈ രണ്ട് കള്ളുകുപ്പികൾ കിട്ടാത്ത വിവരം താമരശ്ശേരി റെയ്‌ഞ്ച് ഓഫീസ് ഇൻസ്പെക്ടറെ ഫോണിൽ വിളിച്ചറിയിക്കുന്നത്. തുടർന്നുനടന്ന പ്രാഥമികാന്വേഷണത്തിൽ ഷാപ്പിൽനിന്ന് സാംപിളുകൾ എടുത്തിട്ടുണ്ടെന്ന് കണ്ടെത്തി. ഇതോടെ ഡെപ്യൂട്ടി കമ്മിഷണർ തുടരന്വേഷണത്തിന് എക്സൈസ് ഇൻസ്പെക്ടർ എൻ.കെ. ഷാജിയെ ചുമതലപ്പെടുത്തി. സാംപിൾപരിശോധനയ്ക്ക് എടുത്ത കള്ള് യഥാസമയം തിരിച്ചുകിട്ടിയില്ലെന്ന് എക്സൈസ് ഇൻസ്പെക്ടർ റിപ്പോർട്ടും നൽകി. ഇതോടെ എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ സാംപിൾ കള്ള് ശേഖരിച്ച എക്സൈസ് പ്രിവന്റീവ് ഓഫീസറോട് വിശദീകരണം തേടി.
വിശദീകരണത്തിൽ അസുഖംകാരണമാണ് കള്ളെത്തിക്കാൻ കഴിയാതിരുന്നതെന്നും വീട്ടിൽ വിശ്രമത്തിലായിരുന്നുവെന്നും കാണിച്ച് മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയിരിക്കുകയാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ. സാംപിൾ കള്ളുപോയ വഴികണ്ടുപിടിക്കാൻ നിലവിൽ വകുപ്പുതല അന്വേഷണം തുടരുകയുമാണ്.
സാംപിൾ എടുക്കുന്ന വിധം
കള്ളിലടങ്ങിയ ആൾക്കഹോളിന്റെ അളവറിയാനും മനുഷ്യന് ഹാനികരമാകുന്ന വസ്തുക്കൾ ചേർത്തിട്ടുണ്ടോയെന്ന് കണ്ടെത്താനുമാണ് കള്ളുഷാപ്പിൽനിന്ന് പരിശോധനയ്ക്കായി സാംപിൾ എടുക്കുന്നത്. ഒരു ഷാപ്പിലെ ബാരലിൽനിന്ന് 500 മില്ലി ലിറ്ററിന്റെ രണ്ട് കുപ്പികളിലായാണ് സാംപിളുകൾ ശേഖരിക്കുക. സാംപിൾ കള്ളിന്റെ തത്‌സ്ഥിതി നിലനിർത്താനും രാസപ്രവർത്തനംവഴി രൂപമാറ്റം ഇല്ലാതാക്കാനുമായി ബെൻസോയിക് ആസിഡുകൂടി ചേർക്കും. അതിനുശേഷമാണ് ലാബ് പരിശോധനയ്ക്കായി നൽകുക. പൊതുസാക്ഷികളായ രണ്ടുപേരെക്കൊണ്ട് ഒപ്പിടുവിച്ചശേഷമാണ് ഇവ ശേഖരിക്കുന്നതും മഹസർ തയ്യാറാക്കുന്നതും. ഷാപ്പ് ഉടമയിൽനിന്നോ പരിശോധനാ ഉദ്യോഗസ്ഥനിൽനിന്നോ സാംപിളെടുത്തതുമായി ബന്ധപ്പെട്ട് ഭാവിയിൽ പരാതിക്ക് ഇടവരുത്താതിരിക്കാൻകൂടിയാണ് ഈ നടപടി.
Content Highlights: An Excise Preventive Officer is being investigated for failing to deliver sampled arrack to the lab and Deputy Commissioner`s office in Kozhikode.
Published: 04 Dec 2025, 07:41 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented