കോഴിക്കോട്: കസ്റ്റഡിയിലെടുത്ത മണ്ണുമാന്തിയന്ത്രം ഉടമകൾതന്നെ കൊണ്ടുപോയെന്ന് കണ്ടെത്തിയിട്ടും റവന്യൂ ഉദ്യോഗസ്ഥർക്ക് ഒളിച്ചുകളിയെന്ന് ആക്ഷേപം. ഉടമകൾ പറയുന്നതുകേട്ട് മണ്ണുമാന്തിയന്ത്രം താലൂക്ക് ഓഫീസിലെത്തുമെന്ന് പ്രതീക്ഷിരുന്ന ഉദ്യോഗസ്ഥർ ഒടുവിൽ നടക്കാവ് പോലീസിൽ പരാതിനൽകി. മണ്ണുമാന്തിയന്ത്രം കാണുന്നില്ലെന്നുപറഞ്ഞാണ് വേങ്ങേരി വില്ലേജ് ഓഫീസർ നടക്കാവ് പോലീസിൽ പരാതിനൽകിയത്.

To advertise here,

ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് അലംഭാവമുണ്ടായെന്ന ആരോപണവുമായി സരോവരം പ്രകൃതിസംരക്ഷണസമിതിയും രംഗത്തുവന്നിരുന്നു. കോട്ടൂളി തണ്ണീർത്തടത്തിന്റെ ഭാഗമായ വാഴത്തിരുത്തിയിൽ കണ്ടലുകൾവെട്ടി റോഡുണ്ടാക്കാൻ ശ്രമം നടത്തിയിരുന്നു. തുടർന്ന്, 2024 നവംബർ 21-നാണ് മണ്ണുമാന്തിയന്ത്രം കസ്റ്റഡിയിലെടുത്തത്. ഇത് സ്വകാര്യസ്ഥലത്തുതന്നെ ഇട്ടിരിക്കുകയായിരുന്നു. അതിനിടെ കഴിഞ്ഞ മേയ് 17 മുതലാണ് കാണാതായത്.

റവന്യൂ അധികൃതർ അന്വേഷിച്ചപ്പോൾ ഉടമകൾതന്നെ അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയതാണെന്ന് വ്യക്തമായി. തുടർന്ന് കഴിഞ്ഞദിവസം കാലിക്കറ്റ് ട്രേഡ് സെന്ററിനുപിന്നിൽ മണ്ണുമാന്തിയന്ത്രം കണ്ടെത്തുകയുംചെയ്തു. ബുധനാഴ്ച താലൂക്ക് ഓഫീസിൽ എത്തിക്കുമെന്ന് അവർ ഉറപ്പുനൽകിയെന്നായിരുന്നു അപ്പോഴും റവന്യൂ ഉദ്യോഗസ്ഥർ പറഞ്ഞത്. അതുംചെയ്യാതായതോടെ മാത്രമാണ് പോലീസിൽ പരാതിനൽകിയത്.

തൊണ്ടിമുതൽ നഷ്ടപ്പെട്ടിട്ടും അത്‌ കൊണ്ടുപോയവരുടെ വാക്കുകേട്ട് ഉദ്യോഗസ്ഥർ തട്ടിപ്പിന് കൂട്ടുനിൽക്കുകയാണെന്നായിരുന്നു സംരക്ഷണസമിതിയുടെ ആരോപണം. ദിവസങ്ങളായിട്ടും പരാതിനൽകാത്തതിൽ വിമർശനമുയർന്ന സാഹചര്യത്തിലാണ് ഇപ്പോഴുള്ള നടപടി. സംഭവത്തെക്കുറിച്ച് റവന്യൂവിഭാഗം ജില്ലാഭരണകൂടത്തിന് റിപ്പോർട്ടും നൽകി. പരാതികിട്ടിയ സാഹചര്യത്തിൽ അന്വേഷണം നടത്തുന്നുണ്ടെന്ന് നടക്കാവ് പോലീസ് പറഞ്ഞു.