കോഴിക്കോട്: റവന്യൂ വകുപ്പിലെ സ്ഥലംമാറ്റ ഉത്തരവ് റദ്ദാക്കണമെന്ന എന്‍.ജി.ഒ യൂണിയന്റെ ആവശ്യവുമായി ബന്ധപ്പെട്ട് കോഴിക്കോട് കളര്‍ക്ടറേറ്റില്‍ 11 ദിവസമായി നടന്നുവന്ന സമരം ഒത്തുതീര്‍ന്നു. സ്ഥലംമാറ്റിയ 16 വില്ലേജ് ഓഫീസര്‍മാരില്‍ 10 പേരെ തിരിച്ചുവിളിക്കുമെന്നും മൂന്ന് വര്‍ഷം തികയാത്തവരെ സ്ഥലം മാറ്റില്ലെന്നും കളക്ടർ ഉറപ്പ് നല്‍കി. ചൊവ്വാഴ്ച മുതല്‍ സമരം ശക്തമാക്കി മുന്നോട്ടുപോവാന്‍ എന്‍.ജി.ഒ യൂണിയന്‍ തീരുമാനിച്ചിരുന്നുവെങ്കിലും  കളക്ടര്‍ ഡോ. എന്‍. തേജ് ലോഹിത് റെഡ്ഡിയും എന്‍.ജി.ഒ. യൂണിയന്‍ ഭാരവാഹികളും രാവിലെ നടത്തിയ ചര്‍ച്ചയില്‍ സമരം ഒത്തുതീര്‍പ്പാവുകയായിരുന്നു.

To advertise here,

16 പേരെ സ്ഥലംമാറ്റിയ ഉത്തരവ് റദ്ദാക്കണമെന്ന് എന്‍.ജി.ഒ. യൂണിയന്‍ ആവശ്യപ്പെട്ടപ്പോള്‍ കഴിയില്ലെന്ന നിലപാടിലായിരുന്നു കളക്ടര്‍. എന്നാല്‍ ചൊവ്വാഴ്ച നടത്തിയ ചര്‍ച്ചയില്‍ സമരക്കാരുടെ ആവശ്യം കളക്ടര്‍ അംഗീകരിക്കുകയായിരുന്നു. 

സ്ഥലംമാറ്റ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് 11 ദിവസമായി എന്‍.ജി.ഒ യൂണിയന്‍ സമരത്തിലായിരുന്നു. സര്‍ക്കാര്‍ മാനദണ്ഡപ്രകാരം മൂന്ന് വര്‍ഷമായവരെ മാത്രമേ സ്ഥലം മാറ്റാവൂ എന്നായിരുന്നു സമരക്കാരുടെ ആവശ്യം. കളക്ടറുടെ തീരുമാനത്തിന് സി.പി.ഐ സര്‍വീസ് സംഘടനയായ ജോയിന്റ് കൗണ്‍സില്‍ അനുകൂലമായിരുന്നു. സമരം ഒത്തുതീര്‍പ്പാക്കാനായിരുന്നു തിങ്കളാഴ്ച കളക്ടര്‍ ചര്‍ച്ചയ്ക്ക് വിളിച്ചത്. ചര്‍ച്ച പരാജയപ്പെട്ടതോടെ കളക്ടര്‍ക്കെതിരേ സമരക്കാര്‍ മുദ്രാവാക്യവുമായി രംഗത്തെത്തിയിരുന്നു.  സംസ്ഥാന നേതൃത്വവുമായി കൂടിയാലോചിച്ചശേഷം അടുത്ത ദിവസം രാപകല്‍ സമരം അടക്കമുള്ള പ്രതിഷേധങ്ങളെക്കുറിച്ചും ആലോചിച്ചിരുന്നു. തുടര്‍ന്നാണ് ചൊവ്വാഴ്ച വീണ്ടും ചര്‍ച്ച നടന്നത്.

അതേസമയം, സമരം സിവില്‍സ്റ്റേഷന്റെ പ്രവര്‍ത്തനം അവതാളത്തിലാക്കിയിട്ടും ജീവനക്കാര്‍ക്കെതിരെ നടപടികളൊന്നുമുണ്ടാകാത്തതില്‍ വലിയ പ്രധിഷേധം ഉയര്‍ന്നിരുന്നു.