കോഴിക്കോട്: കോഴിക്കോട് മൊഫ്യൂസല്‍ ബസ്സ്റ്റാന്‍ഡിലെ കെട്ടിടത്തിലുണ്ടായ തീയണയ്ക്കുന്നതില്‍ കെട്ടിടത്തിലെ അനധികൃത നിര്‍മിതികള്‍ തടസ്സമായതായി പരിശോധനകളിൽ വ്യക്തം. തീപ്പിടിത്തമുണ്ടായ ശേഷം കെട്ടിടത്തിനകത്തുകടന്ന് തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്താനും പുറത്തുനിന്ന് പമ്പുചെയ്ത വെള്ളം കെട്ടിടത്തിനുള്ളിലെത്തുന്നതിന് തടസ്സമായതും ഈ നിര്‍മിതികളാണ്. കോഴിക്കോട് കോര്‍പ്പറേഷനില്‍നിന്ന് വ്യാപാരസ്ഥാപനം ഈ കെട്ടിടം ഏറ്റെടുത്ത ശേഷം പല നിര്‍മിതികള്‍ നടത്തിയിരുന്നു. 

To advertise here,

കെട്ടിടത്തിന്റെ ഓപ്പണ്‍ ടെറസ് കെട്ടിയടച്ച് ആ സ്ഥലം ഗോഡൗണാക്കിയാണ് സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്. ഈ ഗോഡൗണില്‍ വലിയ അളവില്‍ തുണികള്‍ സൂക്ഷിച്ചിരുന്നെന്നും ഇത് തീ ആളിപ്പടരാന്‍ കാരണമായെന്നും പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. സ്ഥാപനത്തിന്റെ ചുറ്റുമുള്ള ഭാഗങ്ങളും ഫ്‌ളക്‌സും തകരഷീറ്റുമുള്‍പ്പെടെ ഉപയോഗിച്ച് മറച്ച നിലയിലായിരുന്നു. തീയണയ്ക്കാന്‍ ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്ക് കെട്ടിടത്തിലേക്ക് ഇറങ്ങിച്ചെല്ലാനും വെള്ളം കൃത്യമായി ഉള്ളിലേക്ക് എത്തിക്കുന്നതിനും ഈ നിര്‍മിതികള്‍ തടസ്സമായിട്ടുണ്ടെന്നാണ് പരിശോധനയില്‍ പ്രാഥമികമായി കണ്ടെത്തിയത്. 

വിവിധ വിഭാഗങ്ങള്‍ സംയുക്തമായാണ് കെട്ടടിത്തില്‍ പരിശോധന നടത്തുന്നത്. ഈ പരിശോധനയ്ക്ക് ശേഷമേ തീപ്പിടിത്തത്തിന്റെ കാരണം എന്തെന്ന് കൃത്യമായി പറയാന്‍ കഴിയൂവെന്നും അധികൃതര്‍ അറിയിച്ചു. ഇന്നലെ വൈകുന്നേരം 4.45-ഓടെയാണ് പുതിയ ബസ്സ്റ്റാന്‍ഡിലെ ഷോപ്പിങ് കോംപ്ലക്‌സിലെ മുകള്‍നിലയില്‍ തീപ്പടര്‍ന്നത്. കലിക്കറ്റ് ടെക്‌സ്‌റ്റൈല്‍സ് എന്ന സ്ഥാപനത്തില്‍നിന്നാണ് തീ ഉയര്‍ന്നത്. തീയണയ്ക്കുന്നതിന് അനധികൃത നിര്‍മിതികള്‍ തടസ്സമായതോടെ ജെസിബി എത്തി നിര്‍മാണം പൊളിച്ചുനീക്കിയാണ് ഫയര്‍ഫോഴ്‌സ് തീ കെടുത്തിയത്.

തീപ്പിടിത്തം സംബന്ധിച്ച് ഫോറൻസിക്ക് പരിശോധന നടത്തുമെന്ന് ജില്ലാ ഫയർ ഓഫീസർ കെ.എം. അഷ്റഫ് അലി പറഞ്ഞു. തകര ഷീറ്റുകൾകൊണ്ട് അടച്ചതുകാരണം രക്ഷാപ്രവർത്തനം ദുഷ്കരമായി.  ഇടനാഴികളിൽ സാധനങ്ങൾ നിറച്ചിരുന്നു. തീപിടിത്ത പ്രതിരോധ സംവിധാനങ്ങൾ സ്ഥാപനത്തിൽ ഉണ്ടായിരുന്നില്ലെന്നും അഷ്റഫ് അലി പറഞ്ഞു. കെട്ടടത്തിലെ പരിശോധനയ്ക്ക് ശേഷമായിരുന്നു ഫയർഫോഴ്സ് ഓഫീസറുടെ പ്രതികരണം.