
ബുധനാഴ്ച വൈകീട്ട് കോഴിക്കോട് സൗത്ത്ബീച്ചിനുസമീപം കടൽ 200 മീറ്ററോളം ഉൾവലിഞ്ഞ നിലയിൽ| ഫോട്ടോ: പി.പി. ബിനോജ്
കോഴിക്കോട്: ബുധനാഴ്ച രാത്രി കോഴിക്കോട് സൗത്ത് ബീച്ചിനുസമീപം കടലിലുണ്ടായത് ഫ്ളൂയിഡ് മഡ് എന്ന ചെളി അടിയൽ പ്രതിഭാസം. ഇതുമൂലം തിരമാലകൾ വരാതെ 200 മീറ്ററോളം കടൽ ഉള്ളിലേക്ക് വലിഞ്ഞപ്പോൾ ആശങ്ക പരന്നിരുന്നു. ഒഴുക്കുവ്യത്യാസവും മർദവ്യതിയാനവുംമൂലം കടൽ ഉൾവലിയാം. ചെളി അടിയുന്നതിനുകാരണം കടലിൽ ഉണ്ടാകുന്ന ഒഴുക്കിനെത്തുടർന്ന് അടിത്തട്ടിലെ ചെളി വേർപെട്ട് കരയിലേക്ക് നീങ്ങുന്നതാണ്. മുൻപ് സുനാമിയും ഓഖിയും മറ്റുമുണ്ടായപ്പോൾ ഇത്തരം കടൽ ഉൾവലിയൽ സംഭവിച്ചതിനാലാണ് തീരവാസികൾ ഭയപ്പെട്ടത്.
ഇൻകോയിസ് അധികൃതർ നൽകിയ കള്ളക്കടൽ ജാഗ്രതാനിർദേശം നിലനിൽക്കുന്നുണ്ട്. സൂക്ഷ്മജീവികളായ പ്ലവകങ്ങളും മറ്റും ഈ ചെളിയോടടുത്ത പ്രദേശത്ത് കാണാവുന്നതാണ്. അതുകൊണ്ട് ചിലപ്പോൾ മത്സ്യലഭ്യത കൂടാം. വ്യാഴാഴ്ചയും സമാനമായ പ്രതിഭാസമുണ്ടായി. കഴിഞ്ഞദിവസമുണ്ടായതിന് കുറച്ചകലെയാണ് ചെളിയടിഞ്ഞത്.
വേലിയിറക്കമാണെന്നാണ് ആദ്യം വിചാരിച്ചതെന്നും ചെളിക്കൂന അടിഞ്ഞപ്പോൾ മറ്റെന്തോ ആണെന്ന് ഭയപ്പെട്ടുവെന്നും കോതിയിൽ കടുക്ക വിൽക്കുന്ന റഷീദ് പറഞ്ഞു. കോതിക്കുസമീപം കുറച്ചുഭാഗത്തുമാത്രമേ ഈ മാറ്റം കാണപ്പെട്ടുള്ളൂവെന്നും കടൽ പ്രക്ഷുബ്ധമായിരുന്നില്ലെന്നും മത്സ്യത്തൊഴിലാളിയായ അസ്കർ പറഞ്ഞു. വ്യാഴാഴ്ച കടലിൽ അടിയിളക്കം കൂടുതലായുണ്ടായിരുന്നു. മത്തിയും മറ്റ് ചെറുമത്സ്യങ്ങളും കൂടുതലായി ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Kozhikode South Beach saw the sea recede by 200m due to a `fluid mud` phenomenon
Published: 17 Oct 2025, 08:09 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented