ചൊക്ലി: ഉലയൂതുന്തോറും ജ്വലിക്കുന്ന കനലുപോലെ പുഷ്പൻ ഇനി ഓർമ്മയിൽ തുടിക്കും. കൂത്തുപറമ്പിലെ സമരഭൂമിയിൽ വെടിയേറ്റ് സഹനത്തിന്റെയും പോരാട്ടത്തിന്റെയും മറുപേരായി മാറി, ജീവിച്ച രക്തസാക്ഷിയായ പുതുക്കുടി പുഷ്പന് ആയിരങ്ങളുടെ അന്ത്യാഭിവാദ്യം. കൈയിലും മനസ്സിലുമേന്തിയ വെള്ളപ്പതാകയിലെ ചുവന്ന നക്ഷത്രം പോലെ ആയിരങ്ങളുടെ മനസ്സിലെ ആവേശമണയാത്ത ഓർമ്മയായി അദ്ദേഹം ഞായറാഴ്ച വൈകിട്ട് മേനപ്രത്തെ കൂത്തുപറമ്പ് രക്തസാക്ഷി സ്മാരക വായനശാലയുടെ മുന്നിലെ മണ്ണിൽ എരിഞ്ഞടങ്ങി.
‘ധീര സഖാവേ, പുഷ്പേട്ടാ, ഇല്ല നിങ്ങൾ മരിക്കില്ല, കാലമെത്ര കഴിഞ്ഞാലും ഇല്ലായില്ല മറക്കില്ലെ’ന്ന് മുദ്രാവാക്യം മുഴക്കിയ ആയിരങ്ങളെ സാക്ഷിയാക്കി സഹോദരങ്ങളായ പ്രകാശന്റെ മകൻ നവൻ പ്രകാശ്, രാജന്റെ മകൻ രസിൻരാജ്, അജിതയുടെ മകൻ ജിനീഷ് എന്നിവർ ചേർന്നാണ് ചിതയ്ക്ക് തീകൊളുത്തിയത്.
1994 നവംബർ 25-ന് സ്വാശ്രയ വിദ്യാഭ്യാസപ്രശ്നവുമായി ബന്ധപ്പെട്ട സമരത്തിന്റെ ഭാഗമായി മന്ത്രി എം.വി.രാഘവനെ കരിങ്കൊടി കാണിച്ചുള്ള സമരത്തിനിടെയാണ് പുഷ്പന്റെ കഴുത്തിന് വെടിയേറ്റത്. സുഷുമ്നാനാഡി തളർന്ന പുഷ്പൻ 30 വർഷമായി കിടപ്പിലായിരുന്നു. ഇക്കാലമത്രയും സി.പി.എം. പ്രവർത്തകരുടെ ആവേശമായി നിലകൊണ്ട അദ്ദേഹം ശനിയാഴ്ച ഉച്ചയോടെയാണ് മരണത്തിന് കീഴടങ്ങിയത്. 1999 ഡിസംബർ ഏഴിന് പുഷ്പൻതന്നെ തറക്കല്ലിട്ട നോർത്ത് മേനപ്രത്തെ മാമൻ വാസു സ്മാരകമന്ദിരത്തിലെ കൂത്തുപറമ്പ് രക്തസാക്ഷിസ്മാരക വായനശാലയ്കു മുന്നിലാണ് അദ്ദേഹത്തിന്റെ അന്ത്യനിദ്ര. വായനശാലയ്ക്ക് കൂത്തുപറമ്പ് രക്തസാക്ഷികളുടെ പേരിടണമെന്നത് പുഷ്പന്റെ നിർദേശമായിരുന്നു.
കോഴിക്കോട്ടെ സ്വകാര്യ ആസ്പത്രിയിൽ ശനിയാഴ്ച അന്തരിച്ച പുഷ്പന്റെ മൃതദേഹം അവിടന്ന് വിലാപയാത്രയായാണ് ജില്ലയിലെത്തിച്ചത്. മാഹി, തലശ്ശേരി, കൂത്തുപറമ്പ്, പാനൂർ, ചൊക്ലി എന്നിവിടങ്ങളിൽ പൊതുദർശനത്തിനുവെച്ചപ്പോഴും മേനപ്രത്തെ വീട്ടിലെത്തിച്ചപ്പോഴും വികാരഭരിതമായ നിമിഷങ്ങളുണ്ടായി. സംസ്ഥാനത്തിന്റെ പല ഭാഗത്തുനിന്നുമെത്തിയ സി.പി.എം. നേതാക്കളും പ്രവർത്തകരും വിവിധ കേന്ദ്രങ്ങളിൽ പുഷ്പന് അന്തിമോപചാരമർപ്പിച്ചു. മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, ഒ.ആർ.കേളു, സ്പീക്കർ എ.എൻ.ഷംസീർ, സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, നേതാക്കളായ ഇ.പി.ജയരാജൻ, പി.ജയരാജൻ, എം.വി.ജയരാജൻ, എ.എ.റഹീം എം.പി., വി.ശിവദാസൻ എം.പി., പി.ശശി, എം.സ്വരാജ്, വി.കെ.സനോജ്, എസ്.ശർമ തുടങ്ങി നിരവധിപേർ അന്ത്യാഭിവാദ്യമർപ്പിച്ചു.

കൂത്തുപറമ്പിന്റെ ഓർമ്മയിൽ ഇനി അവർ ആറുപേർ
കൂത്തുപറമ്പ്: ‘‘എന്റെ മകനുൾപ്പെടെ അഞ്ചുപേരാണ് അന്ന് മരിച്ചത്. 30 കൊല്ലം കിടന്ന് ഇപ്പോൾ പുഷ്പനും പോയി’’ -കൂത്തുപറമ്പ് വെടിവെപ്പിൽ കൊല്ലപ്പെട്ട കെ.വി.റോഷന്റെ അമ്മ നാരായണിയമ്മ പുഷ്പനെ അവസാനമായി കണ്ടശേഷം പറഞ്ഞു. ‘‘നാലഞ്ചുപ്രാവശ്യം പോയി കണ്ടിരുന്നു’’ നൂറുകണക്കിന് പ്രവർത്തകരുടെ മുദ്രാവാക്യങ്ങൾക്കിടയിൽ അവരുടെ നിശ്വാസമലിഞ്ഞു. കൂത്തുപറമ്പ് രക്തസാക്ഷിമണ്ഡപത്തിന് സമീപത്താണ് നാരായണിയമ്മ പുഷ്പന് അന്ത്യാഭിവാദ്യമർപ്പിക്കാനെത്തിയത്.
പുഷ്പന്റെ മൃതദേഹം വഹിച്ചുള്ള വിലാപയാത്രയെത്തിയപ്പോൾ 30 കൊല്ലം മുൻപ് മുഴങ്ങിയ വെടിയൊച്ചയുടെ ഓർമ്മയിൽ കൂത്തുപറമ്പ് ഒരിക്കൽക്കൂടി ത്രസിച്ചു. അന്നത്തെ വെടിവെപ്പിൽ പരിക്കേറ്റ്, കൂത്തുപറമ്പിന്റെയും പാർട്ടി അണികളുടെയുമെല്ലാം മനസ്സിൽ രക്തസാക്ഷിയായി ജീവിച്ച പുഷ്പന് അന്ത്യാഭിവാദ്യങ്ങളർപ്പിക്കാൻ നാടാകെ ഒഴുകിയെത്തി. തലശ്ശേരി ടൗൺഹാളിൽനിന്ന് 12 മണിക്ക് പുറപ്പെട്ട് വഴിനീളെ ആദരമേറ്റുവാങ്ങി 12.50-ന് വിലാപയാത്ര കൂത്തുപറമ്പ് രക്തസാക്ഷിമണ്ഡപത്തിനടുത്തെത്തിയപ്പോൾ ഇൻക്വിലാബ് സിന്ദാബാദ് മുഴങ്ങി. രക്തസാക്ഷിമണ്ഡപത്തിന്റെ വലതുഭാഗത്ത് പൂക്കൾക്കും മുദ്രാവാക്യം വിളികൾക്കുമിടയിൽ പുഷ്പൻ കിടന്നു. വെടിയേറ്റ് മരിച്ചുവീണ കെ.കെ.രാജീവൻ, കെ.വി.റോഷൻ, വി.മധു, ഷിബുലാൽ, സി.ബാബു എന്നിവർക്കൊപ്പം പുഷ്പന്റെ ചിത്രവുമുള്ള ബാനർ രക്തസാക്ഷിമണ്ഡപത്തിനടുത്ത് ഉയർന്നുപറന്നു. കൂത്തുപറമ്പിന് ഇനിയവർ ആറുപേരാണ് രക്തസാക്ഷികൾ.
പുഷ്പനെ അറിയാമോ എന്ന വിപ്ലവഗാനത്തിന്റെ ഈരടികൾ കൂത്തുപറമ്പിലും പൊതുദർശനത്തിനുവെച്ച സ്ഥലങ്ങളിലുമെല്ലാം മുഴങ്ങുന്നുണ്ടായിരുന്നു. കൂത്തുപറമ്പും പാനൂരും പിന്നിട്ട് പുഷ്പൻ പഠിച്ച ചൊക്ലി രാമവിലാസം സ്കൂളിന്റെ മുറ്റത്തേക്ക് വിലാപയാത്രയെത്തുമ്പോൾ ഒരുനാടാകെ മുദ്രാവാക്യങ്ങളും പൂക്കളുമായി കാത്തുനിന്നു. ഇടമുറിയാതെ സ്കൂൾ മുറ്റത്തേക്ക് പ്രവഹിച്ച ജനക്കൂട്ടം ഇല്ലായില്ല മരിക്കുന്നില്ലെന്ന മുദ്രാവാക്യം വിളികളുമായി അന്ത്യാഭിവാദ്യങ്ങളർപ്പിച്ചു. സ്കൂളിൽ നിന്ന് മേനപ്രത്തെ വീട്ടിലെത്തിച്ച ശേഷമാണ് നോർത്ത് മേനപ്രത്ത് സജ്ജമാക്കിയ സ്ഥലത്ത് സംസ്കാരത്തിനായി എത്തിച്ചത്. വഴിനീളെ മുദ്രാവാക്യം വിളികളുമായി പ്രവർത്തകർ വിലാപയാത്രയെ അനുഗമിച്ചു.
സംസ്കാരത്തിന് ശേഷം നടന്ന അനുശോചനയോഗത്തിൽ സി.പി.എം. ജില്ലാസെക്രട്ടറി എം.വി.ജയരാജൻ അധ്യക്ഷത വഹിച്ചു. ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി വി.കെ.സനോജ്, സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, ഇ.പി.ജയരാജൻ, മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, ഡി.വൈ.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ. എ.എ.റഹീം എം.പി., കെ.പി.മോഹനൻ എം.എൽ.എ., ഷാജി എം.ചൊക്ലി, എ.പ്രദീപൻ, പി.കെ.യൂസഫ്, എം.സ്വരാജ്, വി.പി. സാനു, ഡി.വൈ.എഫ്.ഐ. തമിഴ്നാട് സംസ്ഥാന സെക്രട്ടറി ശിങ്കാരവേലൻ, കർണാടക സംസ്ഥാന ഖജാൻജി സന്തോഷ് ബാജൻ, ബാബു ഗോപിനാഥ്, കെ.സുരേശൻ, അഡ്വ. ഷിജിലാൽ, വി.വസീഫ് എന്നിവർ സംസാരിച്ചു.
ആളുന്നൊരു കനൽ നീ, അണയാത്തൊരു ചിത നീ
:പുഷ്പനെ അറിയാമോ എന്ന ഏറെ ശ്രദ്ധേയമായ പുഷ്പനെക്കുറിച്ചുള്ള പാട്ടെഴുതിയ ചൊക്ലിയിലെ ഗാനരചയിതാവും നാടകപ്രവർത്തകനുമായ സവ്യസാചി പുഷ്പനെ യാത്രയയക്കാനായി പുതിയ ഗാനവുമായാണെത്തിയത്.
ആളുന്നൊരു കനൽ നീ, അണയാത്തൊരു ചിത നീ
ഉയരെപ്പൊങ്ങുമൊരുജ്ജ്വല മുദ്രാവാക്യം നീ എന്ന ഗാനം അദ്ദേഹം പാടിയപ്പോൾ അണമുറിയാതെ ജനക്കൂട്ടം പുഷ്പന് അന്ത്യാഭിവാദ്യമർപ്പിച്ചു. പുഷ്പന് ഏറെയിഷ്ടപ്പെട്ട കൂത്തുപറമ്പെന്ന് കേട്ടാലെന്തേ നെഞ്ചകം വിങ്ങുന്നതെന്നമ്മേ എന്ന ഗാനം റിനീഷും പലകുറി ആലപിച്ചു.
Content Highlights: Koothuparamba Police Firing Survivor Pushppan death
Published: 30 Sept 2024, 08:15 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented