കൊല്ലം: ഇനി 52 ദിവസങ്ങൾ തീരത്ത് വറുതിക്കാലം... ഈ വർഷത്തെ ട്രോളിങ് നിരോധനം ചൊവ്വാഴ്ച അർധരാത്രിമുതൽ ആരംഭിക്കും. ജൂലായ് 31 വരെയാണ് ട്രോളിങ് നിരോധനം. നിയന്ത്രണങ്ങൾ ഉറപ്പാക്കാനും തീരദേശത്തെ ക്രമസമാധാനപാലനത്തിനായും മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് കളക്ടർ ആനി ജൂലാ തോമസ് അറിയിച്ചു. മത്സ്യമേഖലയിലെ തൊഴിലാളി യൂണിയൻ നേതാക്കളുമായും പ്രതിനിധികളുമായും ചർച്ച നടത്തി.

To advertise here,

തീരപ്രദേശത്ത് പ്രത്യേക നിയന്ത്രണങ്ങൾ

നീണ്ടകര പാലത്തിന്റെ പടിഞ്ഞാറുഭാഗം, തങ്കശ്ശേരി, അഴീക്കൽ ഹാർബറുകൾ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ യന്ത്രവത്കൃത മത്സ്യബന്ധന ബോട്ടുകളുടെ സഞ്ചാരവും നങ്കൂരമിടലും പൂർണമായി നിരോധിച്ചു. ഇൻബോർഡ്‌ എൻജിൻ ബോട്ടുകൾ ഒഴികെയുള്ള മറ്റെല്ലാ പരമ്പരാഗത ബോട്ടുകൾക്കും നീണ്ടകര ഫിഷിങ് ഹാർബർ വഴി പ്രവർത്തനാനുമതി ഉണ്ടായിരിക്കും.

അഷ്ടമുടിക്കായലിന്റെ കിഴക്കൻതീരങ്ങളിലും കായൽമുഖങ്ങളിലുമുള്ള സ്വകാര്യ ബോട്ട്‌ജെട്ടികളിലും വാർഫുകളിലും യന്ത്രബോട്ടുകൾക്ക് ലാൻഡിങ് സൗകര്യം നൽകരുത്.

നിരോധനം ലംഘിച്ച് ട്രോളറുകൾ കടലിൽ പോകുന്നതു തടയാൻ നീണ്ടകര, ശക്തികുളങ്ങര, ആലപ്പാട്, അഴീക്കൽ മേഖലകളിലെ എല്ലാ മറൈൻ ഇന്ധന പമ്പുകളും ജൂലായ് 28 വരെ അടച്ചിടും. നിരോധനം അവസാനിക്കുന്നതിന് തൊട്ടുമുൻപുള്ള മൂന്നുദിവസം ബോട്ടുകൾക്ക് ഇന്ധനം നിറയ്ക്കാൻ ഇളവുണ്ടാകും.

മുൻകൂർ അനുമതിയില്ലാതെ കാനുകളിലോ കുപ്പികളിലോ ഇന്ധനം നൽകാൻ പാടില്ല. യന്ത്രബോട്ടുകൾക്ക് അനധികൃതമായി ഇന്ധനം വിതരണം ചെയ്യുന്നില്ലെന്നതും ഉറപ്പാക്കണം. മറ്റ് സംസ്ഥാനങ്ങളിൽനിന്നുള്ള മത്സ്യബന്ധനബോട്ടുകൾ നിരോധനം ആരംഭിക്കുംമുൻപ്‌ കൊല്ലം തീരം വിട്ടുപോകണം.

തീരദേശങ്ങളിൽ ക്രമസമാധാനം ഉറപ്പാക്കാൻ സബ് കളക്ടറുടെ ഏകോപനത്തിൽ പ്രത്യേക എക്സിക്യുട്ടീവ് മജിസ്ട്രേറ്റുമാരെ ചുമതലപ്പെടുത്തി. കൊല്ലം, കരുനാഗപ്പള്ളി തഹസിൽദാർമാർ അതത് പരിധികളിൽ എക്സിക്യുട്ടീവ് മജിസ്‌ട്രേറ്റുമാരായി പ്രവർത്തിക്കും.

അടിയന്തര സാഹചര്യങ്ങളിൽ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറും അസിസ്റ്റന്റ് പോലീസ് കമ്മിഷണർമാരും സബ് ഡിവിഷണൽ മജിസ്ട്രേറ്റുമായി ചേർന്ന് പ്രവർത്തിക്കണം. ഉത്തരവുകൾ ലംഘിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ തീരദേശ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.